വിട, സിസ്റ്റര്‍ അന്‍സലത്തെയോര്‍ത്ത് ജന്‍മനാട് കേഴുന്നു…

വിട, സിസ്റ്റര്‍ അന്‍സലത്തെയോര്‍ത്ത് ജന്‍മനാട് കേഴുന്നു…

റാഞ്ചി: യെമനിലെ വൃദ്ധസദനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജാര്‍ഖണ്ട് സ്വദേശി സിസ്റ്റര്‍ അന്‍സലത്തിന്റെ വേര്‍പാടില്‍ മനമുരുകി ജന്‍മനാട്. സ്വദേശമായ ഗുംല ജില്ലയിലെ ബഹന്ദറില്‍ സിസ്റ്ററിന്റെ ആത്മശാന്തിക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടന്നു. നിരവധി ആളുകള്‍ പ്രാര്‍ത്ഥനയിലും തുടര്‍ന്നു നടന്ന അനുസ്മരണച്ചടങ്ങി പങ്കെടുത്തു.

ജാര്‍ഖണ്ടിലെ ഗുംല ജില്ലയില്‍ എമില്‍ മില്‍സന്റെയും ഫൂല്‍മനിയുടേയും ഏഴു മക്കളില്‍ ഇളയവളായാണ് സിസ്റ്റര്‍ അന്‍സലത്തിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായി.അനാഥത്വത്തിന്റെയും ദാരിദ്യത്തിന്റെയും വിശപ്പിന്റെയും വേദനകള്‍ പേറിയ ബാല്യമായിരുന്നു സിസ്റ്റര്‍ അന്‍സലത്തിന്റേത്.

അനാഥത്വത്തിന്റെയും ദാരിദ്യത്തിന്റെയും കയ്പുനീര്‍ ഏറെ അനുഭവിച്ചതു കൊണ്ടാകണം, മുതിര്‍ന്നപ്പോള്‍ വേദനയനുഭവിക്കുന്നവര്‍ക്കായി ജീവിതം ഉഴിഞ്ഞുവെയ്ക്കാനാണ് സിസ്റ്റര്‍ തീരുമാനിച്ചത്. അങ്ങനെ 20-ാം വയസ്സില്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസഭയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയലെ സഭാ ആസ്ഥാനത്ത് സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെ രണ്ടു വര്‍ഷം മുന്‍പാണ് യെമനിലേക്കു പോയത്.

പാവപ്പെട്ടവര്‍ക്കു വേണ്ടി സ്വയം ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു സിസ്റ്റര്‍ അന്‍സലത്തിന്റേതെന്ന് ഗുംല രൂപത വികാരി ജനറല്‍ മോണ്‍.സൈപ്രില്‍ കുലു പറഞ്ഞു.

You must be logged in to post a comment Login