വിതക്കാരന്‍; വീണ്ടും…!

വിതക്കാരന്‍; വീണ്ടും…!

പുതുമഴയില്‍ നനഞ്ഞ മണ്ണിന്റെ ഗന്ധം പേറുന്ന വിശാലമായ വിളനിലം. ഒരു കല്‍പീഠത്തില്‍ വിത്തുകളുടെ കാവല്‍ക്കാരനായ വിതക്കാരന്‍ ഇരിക്കുന്നു. സമീപത്ത് വലിയൊരു ചണസഞ്ചിയിലായി ഈര്‍പ്പമേറ്റ് മുളപൊട്ടിത്തുടങ്ങിയ വിത്തുകള്‍.
ഫ്രാങ്കോ പള്ളിക്കൂടത്തിലേയ്ക്ക് നടക്കുകയായിരുന്നു. വിതക്കാരന്റെ കണ്ണുകളിലെ ശാന്തത കണ്ടു ഒന്നും കൂടെയാകണ്ണുകളിലേയ്ക്ക് നോക്കിപോയതാണവന്‍.

മറുപടിയായി ആഴമുള്ള ഒരു നോട്ടവും ഒരു ചോദ്യവും:
‘മകനെ, ഫ്രാങ്കോ നീയെന്നെ സഹായിക്കാമോ?’

അതിരില്ലാപാടത്തിന്റെ വരമ്പില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് ‘അതെ’എന്ന് ഉത്തരം നല്കാന്‍ കുഞ്ഞുഫ്രാങ്കോയ്ക്ക് ഒരു വൈഷമ്യം.
‘വിതക്കാരാ, ഞാനൊരു കുഞ്ഞല്ലേ, കാര്യങ്ങളേറെ പഠിക്കാനുണ്ട്, ഇനിയുമേറെ വളരാനുണ്ട്. കൂടെയായിരിക്കും മുന്‍പേ ചരിക്കാനേറെ ദൂരമുണ്ട്. ഇപ്പോള്‍ എന്നെ വിട്ടയയ്‌ക്കേണമേ.’
വിതക്കാരന്‍ ഫ്രാങ്കോയെ പോകാനനുവദിച്ചു.

വര്‍ഷങ്ങള്‍ കടന്നു പോയി.
പലചരക്കു കടയിലേക്ക് ഹീറോ സൈക്കിളില്‍ പായും വഴിയിലതാ വിതക്കാരന്‍ നില്‍ക്കുന്നു.
‘നിന്റെ യൗവനവും ആരോഗ്യവും എനിക്കായി കടം തരുമോ?’
‘പൊറുക്കണം, ജീവിച്ചു തുടങ്ങിയിട്ടേയുള്ളൂ. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഞാന്‍ അങ്ങയെ തേടിയെത്താം, ഇപ്പോള്‍ പോകാനനുവദിക്കണം.’ ഫ്രാങ്കോയുടെ മറുപടി.

ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാങ്കോയെ തേടി വിതക്കാരന്‍ വീണ്ടുമെത്തി.
തെല്ലു ധാര്‍ഷ്ട്യത്തോടെ ഫ്രാങ്കോ പറഞ്ഞു: ‘വിത്ത് വിതറാനോ നനയ്ക്കാനോ പാകമാകുമ്പോള്‍ വിളവുകൊയ്യാനോ എനിക്ക് സമയമില്ല. ജോലി, കുടുംബം കുട്ടികള്‍, വീട്ടുകാര്യങ്ങള്‍ ഇവയെല്ലാം കഴിഞ്ഞിട്ട് എനിക്കൊന്നിനും സമയമില്ല. അങ്ങേയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച സമര്‍പ്പിതരെ സമീപിക്കുക. അവര്‍ അങ്ങേയ്ക്കായി വേലചെയ്യും. എന്നെ സമാധാനത്തില്‍ വിട്ടയക്കുക.’

കുറച്ചുനാള്‍ കടന്നു പോയി, വിതക്കാരനെ കണ്ടതേയില്ല.

പിന്നീട് ഫ്രാങ്കോ വിതക്കാരനെ തിരഞ്ഞു തുടങ്ങി. വഴിയോരങ്ങളില്‍, ഇടനാഴികളില്‍, ലൈബ്രറിയില്‍,ഓഫീസില്‍, വീട്ടുവരാന്തകളില്‍.. .
ശാന്തമെങ്കിലും തീക്ഷ്ണമായ മിഴികള്‍ക്കായുള്ള തേടല്‍ ഫ്രാങ്കോയുടെ ഉറക്കം കവരാന്‍ തുടങ്ങി. മുന്‍പിലെ വഴികളില്‍ ഇരുട്ട് പരന്നപ്പോള്‍ പ്രത്യാശയുടെ തിരിനാളമായി വീണ്ടും വിതക്കാരന്‍. കണ്ണീരിന്റെ നനവുള്ള ആ ആശുപത്രി വരാന്തയില്‍വെച്ച് ഫ്രാങ്കോ വിതക്കാരനോട് സംസാരിച്ചു

‘വിതക്കാരാ, ഞാനെന്തു ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?’

‘എന്നെ അനുഗമിക്കുക’ ഫ്രാങ്കോയുടെ പിന്നീടുള്ള ചലനങ്ങള്‍ യാന്ത്രികമായിരുന്നു

അതിരില്ലാപാടത്തിനിറമ്പില്‍ മുളപൊട്ടിയ വിത്തുകളൊരുപിടി വാരിയെടുക്കാന്‍ വിതക്കാരന്‍ പറഞ്ഞു. അവയ്ക്കാകട്ടെ അക്ഷരങ്ങളുടെ രൂപസാദൃശ്യം.

‘ഫ്രാങ്കോ, എനിക്ക് കൈകള്‍ ഇല്ല. അവരതില്‍ ആണി തറച്ചു, നിന്റെ കരങ്ങള്‍ എനിക്കായി കടം തരിക. നീയെനിക്കായി അക്ഷരവിത്തുകള്‍ വിതറുക. നന്മയുള്ള കഥകള്‍ എഴുതുക.’

പതറിപ്പോയ ഫ്രാങ്കോയില്‍ നിന്നും വാക്കുകള്‍ അറിയാതെ ചിതറിപ്പോയി: ‘എഴുതാനോ? ഞാനോ? ഞാന്‍ എന്തെഴുതാന്‍, എങ്ങിനെ എഴുതാന്‍’

വിതക്കാരന്‍ അവനെ ആശ്വസിപ്പിച്ചു. ‘ചെറുപ്പത്തില്‍ സ്‌നേഹസേനയും, കുട്ടികളുടെ ദീപികയുമൊക്കെ വായിച്ചതോര്‍മ്മയില്ലേ? നിനക്കായി ആരൊക്കെയോ കോറിയിട്ട വാക്കുകള്‍, കഥകള്‍, കവിതകള്‍. അവയാണ് ബാല്യത്തില്‍ എന്റെ പണിയാളുകള്‍ നിന്റെ തലച്ചോറില്‍ വിതറിയ വചനവിത്തുകള്‍. ഇപ്പോളവ വളര്‍ന്നു ഫലം ചൂടി, വിളഞ്ഞു പാകമായിരിക്കുന്നു. അതില്‍ നിന്നുളവാകും പുതുവിത്തുകളാകുന്ന കഥകളും കവിതകളും മനുഷ്യമനസ്സുകളാകുന്ന പുതുനിലങ്ങളിലേയ്ക്ക് എറിയുക.

എല്ലാ അക്ഷരങ്ങളുടെയും നാഥനായ ഞാന്‍ നിന്നെ സഹായിക്കാം, ലഭിക്കുന്ന സ്വപ്ന ദര്‍ശനങ്ങള്‍ കഥകളായി എഴുതുക. താലന്തുകള്‍ കുഴിച്ചു മൂടാന്‍ മാത്രമുള്ളതല്ല. നിന്റെ ബാല്യം വിദ്യാസമ്പന്നമാണ്.ഒരുപാടു വായിച്ച ഫ്രാങ്കോയ്ക്കു, ധാരാളം എഴുതാനാകും. പള്ളിക്കൂടത്തില്‍, വേദപാഠക്ലാസ്സുകളില്‍, മിഷന്‍ ലീഗ് മത്സരങ്ങളില്‍ കഥാരചനയ്ക്കും, കവിതയ്ക്കും സമ്മാനം വാങ്ങിയിരുന്ന കുഞ്ഞുഫ്രാങ്കോ ശ്രമിച്ചാല്‍, ഇന്നുമുതല്‍ വീണ്ടും ധാരാളം എഴുതാനാകും. ആ വരികളിലൂടെ ഒരു മകനെ അല്ലെങ്കില്‍ മകളെ വീണ്ടെടുക്കാനായെങ്കില്‍!
ഇതാ സ്വീകാര്യമായ സമയം, വിളകള്‍ കൊയ്യാനും, അതിനിന്നുരുവാകുന്ന വിത്തുകള്‍ വിതക്കാനും വിളവിന്റെ നാഥന്‍ അനുവദിച്ച സമയം. ഇടറുന്ന പാദങ്ങള്‍ക്ക് അക്ഷരവിളക്കാവുക. ആത്മാക്കളുടെ രക്ഷക്കായി പ്രയത്‌നിക്കുക’

ഫ്രാങ്കോ അടുത്തറിഞ്ഞ ആണിപ്പഴുതിലന്നുമിന്നുമെന്നേയ്ക്കും നിലയ്ക്കാതെ രക്തജലസ്‌നേഹപ്രവാഹം. തിരുരക്തത്താല്‍ അടിമുടി സംരക്ഷണം നേടിയ ഫ്രാങ്കോ എല്ലാ പ്രശ്‌നങ്ങള്‍ക്കും മീതെ ഒരു വലിയ പ്രകാശം കണ്ടെത്തി. താന്‍ വിതക്കാരനെയല്ല, വിതക്കാരന്‍ തന്നെയാണ് തിരഞ്ഞെടുത്തതെന്ന ഉത്തമബോദ്ധ്യത്താല്‍ പ്രചോദിതനായവന്‍ വിതക്കാരനുവേണ്ടി എഴുതിത്തുടങ്ങി. എല്ലാ മഹത്വവും വിതക്കാരന് മാത്രം സ്വന്തം.

എസ് എ റീഡ്

You must be logged in to post a comment Login