വിദ്യാഭ്യാസ നയരൂപീകരണത്തിൽ സഭയുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കണം: കർദ്ദിനാൾ മാർ ക്ലിമീസ്

വിദ്യാഭ്യാസ നയരൂപീകരണത്തിൽ സഭയുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കണം: കർദ്ദിനാൾ മാർ ക്ലിമീസ്

ബംഗലൂരു: വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ സംഭാവനകൾ നൽകുന്നതു പരിഗണിച്ച് രാജ്യത്തെ വിദ്യാഭ്യാസ പരിഷ്‌കരണ നയങ്ങൾ രൂപീകരിക്കുമ്പോൾ സഭയുടെ അഭിപ്രായം കൂടി കേൾക്കണമെന്ന് സിബിസിഐ പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. ബംഗലൂരുവിൽ നടന്ന 32-ാമത് സിബിസിഐ പ്ലീനറി യോഗത്തിന്റെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ പാവപ്പെട്ടവർക്കും പിന്നോക്ക വിഭാഗങ്ങൾക്കും വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ നടത്തുന്ന സഭയെ എന്തുകൊണ്ട് ഇത്തരം ചർച്ചകളിൽ നിന്ന് മാറ്റിനിർത്തുന്നു എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഇത്തരം വിഷയങ്ങളിൽ സഭയെ കൂടി കേൾക്കാൻ തയ്യാറാകണം. വിദ്യാഭ്യാസ മേഖല കാവിവത്കരിക്കപ്പെടുകയാണോ എന്ന ആശങ്ക സമൂഹത്തിലുണ്ട്.

മതേതരത്വരാജ്യമെന്ന ഭാരതത്തിന്റെ സത്‌പേരിനു കളങ്കം വരുത്തുന്ന പ്രവണതകൾ സമീപകാലത്തായി ഉയർന്നുവരുന്നുണ്ട്. ഇതിനെ ചെറുക്കണം. കാണ്ടമാൽ കലാപത്തിന് ഇരകളായവർക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമൂഹത്തിൽ ഉപഭോഗസംസ്‌കാരം വർദ്ധിച്ചുവരുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു. യെമനിലെ ഭീകരാക്രമണത്തെ കർദ്ദിനാൾ ക്ലിമീസ് അപലപിച്ചു.

You must be logged in to post a comment Login