വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണം ഉത്കണ്ഠ വളര്‍ത്തുന്നു: സിബിസിഐ

വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണം ഉത്കണ്ഠ വളര്‍ത്തുന്നു: സിബിസിഐ

ബംഗലൂരു: കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ സഭക്ക് ആശങ്കയുണ്ടെന്ന് സിബിസിഐ പ്ലീനറി യോഗത്തിന്റെ റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മേഖല കാവിവത്കരിക്കപ്പെടുന്നതിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഘര്‍ വാപ്പസിയിലുമുള്ള സഭയുടെ ആശങ്കയും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ദേശീയതയെക്കുറിച്ച് സങ്കുചിതമായ മനോഭാവമാണ് സര്‍ക്കാരിനുള്ളത്. ഇത് ജനാധിപത്യസമൂഹത്തിന് ഭീഷണിയാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ ഭീതിയോടെയാണ് രാജ്യത്ത് ജീവിക്കുന്നത്. രാജ്യത്തിന്റെ മതേതരത്വത്തിനു തന്നെ ഭീഷണിയുണ്ടാക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധനാലയങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളിലും സിബിസിഐ പ്രതിഷേധം രേഖപ്പെടുത്തി.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. പരിസ്ഥിതിസംരക്ഷണം, മാനവവികസനം, ലോകസമാധാനം, എഴുത്തുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമം, തൊഴിലിടങ്ങളില്‍, സ്ത്രീകള്‍ നേരിടുന്ന ദുരിതങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ഉത്കണ്ഠ രേഖപ്പെടുത്തി.

You must be logged in to post a comment Login