വിന്‍ഡീസിന്റെ അഞ്ചാമത്തെ സിക്‌സര്‍….

വിന്‍ഡീസിന്റെ അഞ്ചാമത്തെ സിക്‌സര്‍….

കാണികളെ ത്രസിപ്പിച്ച അവസാന ഓവറിലെ നാലു വമ്പന്‍ സിക്‌സറുകള്‍ക്കു ശേഷം വിന്‍ഡീസ് അഞ്ചാമതൊരു സിക്‌സര്‍ കൂടിയടിച്ചു. ഇത്തവണ ബാറ്റു ചെയ്തത് കരുണയുടെ പിച്ചില്‍ വെച്ചാണെന്നു മാത്രം. കല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തെത്തി ടീം മാനേജര്‍ റൗള്‍ ലെവിസ് വിന്‍ഡീസ് ടീമിന്റെ സംഭാവന കൈമാറിയപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി അവര്‍ ചാമ്പ്യന്‍മാരായി.

അതിജീവനത്തിനുള്ള വഴികള്‍ തേടുമ്പോഴും ഇല്ലായ്മയുടെ നടുവില്‍ നില്‍ക്കുമ്പോഴും ദാനം ചെയ്യാന്‍ മറന്നില്ല വിന്‍ഡീസ് ടീമംഗങ്ങള്‍. കാണികളെ ഇളക്കിമറിച്ച് ഈഡനിലെ മൈതാനത്ത് ട്വന്റി-ട്വന്റി ലോകകപ്പിലെ രണ്ടാം കിരീടം സ്വന്തമാക്കിയതിനു ശേഷം അത് ആഘോഷങ്ങളില്‍ മാത്രമൊതുക്കിയില്ല അവര്‍. പണക്കൊഴുപ്പിന്റെ ധാരാളിത്തത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് അഭിരമിക്കുമ്പോഴും സേവനത്തിന്റെ പുതുമാതൃകയാണ് വെസ്റ്റ് ഇന്‍ഡീസ് ടീമംഗങ്ങള്‍ കാണിച്ചു തന്നത്.

ക്രിക്കറ്റ് = പണം എന്ന സമവാക്യം മാറ്റിപ്പറയേണ്ടിവരും വിന്‍ഡീസിന്റെ കാര്യത്തില്‍. സാമ്പത്തികപ്രശ്‌നങ്ങള്‍ അവരെ നിരന്തരം വേട്ടയാടാറുണ്ട്. കിരീടം നേടിയ ശേഷം വിന്‍ഡീസ് ക്യാപ്റ്റര്‍ സമിയുടെ വാക്കുകള്‍ വികാരനിര്‍ഭരമായാണ് സച്ചിനടക്കമുള്ള പ്രമുഖര്‍ കേട്ടിരുന്നതും.

സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സ്വന്തം ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ഇന്ത്യന്‍ പര്യടനം പോലും വിന്‍ഡീസ് ഉപേക്ഷിച്ചിരുന്നു. ലോകകപ്പിനു മുന്‍പുള്ള ദുബായിലെ പരിശീലന ക്യാമ്പിന്റെ സമയത്ത് ടീമംഗങ്ങള്‍ക്ക് ധരിക്കാന്‍ ജേഴ്‌സി പോലുമുണ്ടായിരുന്നില്ല എന്നാണ് സമി വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് വിന്‍ഡീസ് ടീം കാണിച്ചു തന്ന ഈ മാതൃകക്ക് മഹത്വമേറുന്നതും.

 

You must be logged in to post a comment Login