വിഭാഗീയത വളര്‍ത്താനല്ല, സമാധാനം പുന:സ്ഥാപിക്കാനാണ് നാം ശ്രമിക്കേണ്ടത്

കെനിയ: വിഭാഗീയത വളര്‍ത്താനല്ല, സമാധാനം പുന:സ്ഥാപിക്കാനാണ് നാം ശ്രമിക്കേണ്ടതെന്ന് ഫ്രാന്‍സിസ് പാപ്പ. ആഫ്രിക്കന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം കെനിയയിലെ നയ്‌റോബിയിലര്‍പ്പിച്ച വിശുദ്ധബലിയില്‍ സംബന്ധിക്കാനെത്തിയ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു.

അക്രമങ്ങള്‍ നമ്മുടെ സ്വസ്ഥജീവിതത്തെ മുഴുവനായും തകിടം മറിക്കുന്നു. യുദ്ധങ്ങള്‍ ഭയവും അവിശ്വാസവും ദു:ഖവും നിരാശയും മാത്രമേ വളര്‍ത്തുകയുള്ളൂ എന്ന് അനുഭവത്തിലൂടെ നാം പഠിച്ചു കഴിഞ്ഞു. ഇതിനെതിരെ പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തീവ്രവാദത്തെയും വിഭാഗീയ പ്രവര്‍ത്തനങ്ങളെയും അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വലിയ തോതിലുള്ള ഭീകരപ്രവര്‍ത്തനങ്ങളെയാണ് കെനിയ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ആക്രമണങ്ങളെ സധൈര്യം നേരിടണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. വിശ്വാസികള്‍ നിരന്തരം പ്രാര്‍ത്ഥിക്കണം. നമ്മുടെ സമ്പന്നമായ ആദ്ധ്യാത്മിക പാരമ്പര്യത്തെ ഒരിക്കലും കൈവിടരുത്.

യുവജനങ്ങളിലാണ് രാഷ്ട്രത്തിന്റെ ഭാവി. നമുക്കു ലഭിച്ച ആദ്ധ്യാത്മിക പാരമ്പര്യം തലമുറകളിലേക്ക് നാം കൈമാറണം. അവരെ വിശ്വാസജീവിതത്തില്‍ വളര്‍ത്തുക എന്നത് മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്. രാജ്യത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടു പോകണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

കെനിയന്‍ പ്രസിഡന്റ് ഉഹൂറു കെനിയാറ്റയും വിവിധ രാഷ്ട്രീയ മത നേതാക്കളും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാനെത്തിയിരുന്നു.

You must be logged in to post a comment Login