വിരല്‍ത്തുമ്പിലെ ചിത്രവിസ്മയങ്ങള്‍

വിരല്‍ത്തുമ്പിലെ ചിത്രവിസ്മയങ്ങള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടിന്റെ ഉമ്മറപ്പടിയില്‍ ഇരിയ്ക്കുമ്പോള്‍ വിന്‍സെന്റ് എന്ന ബാലന്‍ കൈയില്‍ കിട്ടിയ പുസ്തകങ്ങള്‍ ആകാംഷയോടെ നോക്കി. പുസ്തകത്തിലെ എഴുത്തുകളല്ല പടങ്ങള്‍… തന്റെ നോട്ടുബുക്കുകളില്‍ അവന്‍ അത് പകര്‍ത്തി. അവന്റെ ചിത്രങ്ങള്‍ കണ്ട് അമ്മ പറഞ്ഞു “നന്നായിട്ടുണ്ട്. നീ നന്നായി വരയ്ക്കുന്നല്ലോ..”. അമ്മയുടെ ആ വാക്കുകളായിരുന്നു വിന്‍സന്റിന് പ്രചോദനം. അവന്‍ വരച്ചുതുടങ്ങി പൂക്കളുടെയും പുഴകളുടെയും മനുഷ്യന്റെയും രൂപങ്ങള്‍…ഇന്ന് കൈവിരല്‍ത്തുമ്പിലെ സ്പര്‍ശം കൊണ്ട് വിന്‍സ് പെരിഞ്ചേരി മെനയുന്നത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളമനോരമയില്‍ ദിവംഗതനായ ആര്‍ച്ച് ബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്റെ രേഖാചിത്രം പ്രസിദ്ധപ്പെടുത്തി. വിന്‍സ് എന്ന ചെറുപ്പക്കാരന്റെ ചിത്രവിസ്മയം ജനങ്ങളിലേക്കെത്തിയത് അന്നുമുതല്‍. കേരളാടൈംസ് സംഘടിപ്പിച്ച പ്രൊഫ. പി എം ജൂസെ ചിത്രപ്രദര്‍ശനത്തില്‍ ജലച്ചായത്തില്‍ വിന്‍സ് വരച്ച മീന്‍കാരിയും ഏറെ ശ്രദ്ധേയം.

fd3f08ad-b6f3-4c46-a079-9f0be69a1675ലോകത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച ക്വിസ് മത്സരമാണ് ലോഗോസ് ക്വിസ്. ലോഗോസ് ക്വിസിന്റെ എംബ്ലം വരച്ചതും വിന്‍സിന്റെ കരങ്ങള്‍ തന്നെ. സഭാമണ്ഡലത്തില്‍തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സ്താനിക ചിഹ്നമാണ് കണ്ണൂര്‍ ബിഷപ്പ് അലക്‌സ് വടക്കുംതലയുടേത്. വിന്‍സാണ് ഈ ചിഹ്നവും വരച്ചത്. ചരിത്രപണ്ഡിതനായ ജോണ്‍ ഓച്ചന്തുരത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ഹിസ്റ്ററി അക്കാദമിയുടെ എംബ്ലവും ഈ കലാകാരന്റെ സൃഷ്ടിയാണ്.

വ്യത്യസ്ത അര്‍ത്ഥങ്ങളും ഭാവങ്ങളും ആശയങ്ങളും നല്‍കിയാണ് വിന്‍സ് തന്റെ സൃഷ്ടികള്‍ ആസ്വാദകരിലെത്തിയ്ക്കുന്നത്. തന്റെ ഓരോ ചിത്രങ്ങള്‍ക്കുള്ളിലും വിന്‍സ് ഒരു ആദര്‍ശവും സൂക്ഷിക്കുന്നു; കണ്ണ് കരയാനുള്ളതല്ല, കാണാനുള്ളതാണ്.

ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ആരാധകനാണ് വിന്‍സ്. ഒരു കാലത്ത് ദൂരെ നിന്നെങ്കിലും ഒരു നോക്ക് യേശുദാസിനെ കാണാന്‍ ആഗ്രഹിച്ചു. എന്നാല്‍ ദൈവം വിന്‍സിന്റെ സ്വപ്‌നം സാഫല്യമാക്കിയത് ഇരട്ടി മധുരത്തോടെ. എറണാകുളത്ത് ഒരു ഭക്തിഗാന ആല്‍ബത്തിന്റെ സിഡി പ്രകാശനത്തിന് വന്ന യേശുദാസിന് വിന്‍സ് താന്‍ വരച്ച ഗാനഗന്ധര്‍വന്റെ ചിത്രം സമ്മാനിച്ചു. വിന്‍സിനെ ചേര്‍ത്ത് പിടിച്ച് യേശുദാസ് പറഞ്ഞു “ഇത് അതിമനോഹരം. എനിയ്ക്കിത് എന്റെ സ്റ്റുഡിയോയില്‍ വയ്ക്കണം”. വിന്‍സിന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു അത്.

എറണാകുളം ജില്ലയിലെ പനങ്ങാട് ഗ്രാമത്തില്‍ 1966 ലായിരുന്നു വിന്‍സിന്റെ ജനനം. പെരിഞ്ചേരി അന്തപ്പന്റെയും ത്രേസ്യാമ്മയുടെയും മക്കളില്‍ ആറമന്‍. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഡ്രോയിങ്ങിലും പെയിന്റിങ്ങിലും വാങ്ങിയ സമ്മാനങ്ങള്‍ നിരവധി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിന്‍സ് ആദ്യമായി ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നത്. പനങ്ങാട് സ്‌കൂളില്‍ പഠിക്കുന്ന കാലം. എല്ലാത്തവണയും ചിത്രരചനയില്‍ ഒന്നാം സ്ഥാനം കിട്ടിയിരുന്നത് ഷാജി എന്ന വിദ്യാര്‍ത്ഥിയ്ക്കായിരുന്നു. ഒരിയ്ക്കല്‍ പോലും മത്സരിയ്ക്കാന്‍ തയ്യാറാവാതിരുന്ന വിന്‍സ് ഷാജിയുടെ നിര്‍ബന്ധപ്രകാരമാണ് ഏഴാം ക്ലാസില്‍ പെന്‍സില്‍ ഡ്രോയിങ്ങിന് മത്സരിച്ചത്. ഫലം വന്നപ്പോള്‍ വിന്‍സ് ഒന്നാമന്‍. തന്റെ ചിത്രരചനയെ ഏറെ പ്രോത്സാഹിപ്പിച്ച ഷാജി തന്നെയാണ് ഇപ്പോഴും വിന്‍സിന്റെ ഉറ്റമിത്രം. വിന്‍സെന്റ് എന്നായിരുന്ന ആദ്യത്തെ പേര്. ബന്ധുവും ഭാഷാപണ്ഡിതനും ഷെവലിയറുമായ ഡോ. പ്രീമൂസ് പെരിഞ്ചേരിയാണ് വിന്‍സ് എന്ന പുതിയ നാമം വിന്‍സെന്റിന് നല്‍കിയത്.

0e00e420-91c3-4337-8039-28aeb0892bd2ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ചിത്രംവരയില്‍ കെജിടിഇ ഡിപ്ലോമയും കെജിസിഇ സര്‍ട്ടിഫിക്കേറ്റും കരസ്ഥമാക്കി. തുടര്‍ന്ന് ചലച്ചിത്രരംഗത്തെ പ്രശസ്തനായ ആര്‍ട്ടിസ്റ്റ് കിത്തോയുടെ കീഴില്‍ പരിശീലനം. കമ്പ്യൂട്ടറുകളുടെ നൂതന സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് കിത്തോയുടെ സിനിമാ പോസ്റ്ററുകളിലെ വ്യത്യസ്തതയും വിസമയങ്ങളും ആസ്വാദകര്‍ ഹൃദയത്തിലേറ്റിയിരുന്നു. കിത്തോയുടെ കീഴിലുള്ള പരിശീലനം വിന്‍സിന്റെ പ്രതിഭയ്ക്ക് മാറ്റുകൂട്ടി.

തുടര്‍ന്ന് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിലും പരിശീലനം നേടി. ദുബായിലെ ജീപാസ് ഇലക്ട്രോണിക്‌സില്‍ സീനിയര്‍ ഗ്രാഫിക് ഡിസൈനറായി അഞ്ച് കൊല്ലം ജോലി. 2007 ല്‍ മിഡില്‍ ഈസ്റ്റിലെ മികച്ച് ഗ്രാഫിക് ഡിസൈനറായി വിന്‍സ് തിരഞ്ഞെടുക്കപ്പെട്ടു.

വിന്‍സ് പെരിഞ്ചേരിയുടെ ശില്‍പങ്ങളും ഏറെ ശ്രദ്ധേയമാണ്. പുസ്തകങ്ങളുടെ കവര്‍ചിത്രങ്ങള്‍ രൂപകല്‍പനയിലും ഇദ്ദേഹം മികവ് പുലര്‍ത്തുന്നു. വിവിധ കമ്പിനികള്‍ക്കു വേണ്ടി ക്രീയേറ്റീവ് ഡിസൈനറായി സേവനമനുഷ്ഠിച്ച വിന്‍സ് ഇപ്പോള്‍ വിന്‍സ് ഗ്രാഫിക്‌സ് എന്ന പേരില്‍ സ്ഥാപനം തന്നെ ആരംഭിച്ചു. ക്രിസന്റീന ആണ് ഭാര്യ. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍ നിര്‍മ്മല്‍ നിഴലുകളുടെ ഫോട്ടോഗ്രഫിയില്‍ മികവ് പുലര്‍ത്തുന്നു.

You must be logged in to post a comment Login