വിരല്‍ത്തുമ്പില്‍ നിന്ന് കുതിച്ചുചാടുന്ന ദിവ്യകാരുണ്യം

വിരല്‍ത്തുമ്പില്‍ നിന്ന് കുതിച്ചുചാടുന്ന ദിവ്യകാരുണ്യം

250px-MartheRobinശീര്‍ഷകം കണ്ട് നെറ്റി ചുളിക്കണ്ടാ.. സംഭവം സത്യമാണ്. വിശുദ്ധ കുര്‍ബാന മാത്രം ഭക്ഷണമായി സ്വീകരിച്ച് നീണ്ട അമ്പത്തിമൂന്ന് വര്‍ഷം ജീവിച്ച ദൈവദാസി മാര്‍ത്തെ റോബിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണിത്. വൈദികന്റെ വിരല്‍ത്തുമ്പില്‍ നിന്ന് ദിവ്യകാരുണ്യം കുതിച്ചുചാടി മാര്‍ത്തെയുടെ നാവിലെത്തുമായിരുന്നുവത്രെ..ചുണ്ടിലെത്തുന്ന നിമിഷം തന്നെ അത് അലിഞ്ഞില്ലാതാകുകയും ചെയ്യുമായിരുന്നു!
ഈശോയുടെ പീഡാസഹനം ശരീരത്തില്‍ ഏറ്റുവാങ്ങിയവളായിരുന്നു മാര്‍ത്തെ റോബിന്‍.1902 മാര്‍ച്ച് 13 നായിരുന്നു ജനനം. പതിനാറാമത്തെ വയസിലാണ് അവളുടെ ജീവിതത്തിലേക്ക് സഹനം വിരുന്നുകാരനായെത്തിയത് പിന്നെയൊരിക്കലും അത് വിട്ടുപോകാത്ത കുടുംബക്കാരനുമായി. എന്‍സെഫാലൈറ്റിസ് എന്ന തലച്ചോറിനെ ബാധിക്കുന്ന രോഗം മൂലം കൈകാലുകള്‍ തളര്‍ന്നുപോകുന്ന അസുഖമായിരുന്നു അവളുടേത്. സഹിക്കാനാവാത്ത വേദനയുടെ മധ്യത്തില്‍ ഒരുദിവസം പരിശുദ്ധ കന്യാമറിയം അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു. രോഗസൗഖ്യം നല്കാനായിരുന്നില്ല മാതാവിന്റെ പ്രത്യക്ഷീകരണം. മറിച്ച് ഇനിയും സഹിക്കാനിരിക്കുന്നവയെക്കുറിച്ച് മുന്നറിയിപ്പ് നല്കാനായിരുന്നു. വൈകാതെ കട്ടിലിലേക്ക് മാത്രമായി അവളുടെ ജീവിതം ഒതുങ്ങി. മാത്രവുമല്ല വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ദിനത്തില്‍ മാര്‍ത്തെ കോമാ’ യിലുമായി. ചികിത്സയ്‌ക്കെത്തിയ ഡോക്ടര്‍മാര്‍ വൈദ്യശാസ്ത്രം ഉദ്ധരിച്ച് അവളെ കൈയൊഴിഞ്ഞു. പിന്നെ ചെയ്യാനുണ്ടായിരുന്നത് അന്ത്യകൂദാശ നല്കുക മാത്രമായിരുന്നു. കോമായില്‍ കിടക്കുന്ന അവസരത്തിലും ദര്‍ശനമുണ്ടായി. ഇത്തവണ കൊച്ചുത്രേസ്യായായിരുന്നു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടത്. സഹനം അവസാനിക്കുന്നില്ല എന്ന സന്ദേശമായിരുന്നു കൊച്ചുത്രേസ്യ പറഞ്ഞിരുന്നത്. വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ മാര്‍ത്തെ മൂന്നാഴ്ചകള്‍ക്ക് ശേഷം കണ്ണ് തുറന്നു. ഒരു ഭക്ഷണവും സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല മാര്‍ത്തെയ്ക്ക്. എന്തുകഴിച്ചാലും ഛര്‍്ദ്ദിച്ചുപോകും. ദിവ്യകാരുണ്യമൊഴികെ.. പതുക്കെ പതുക്കെ മാര്‍ത്തെയുടെ ശരീരത്തിന്റെ ചലനം പൂര്‍ണ്ണമായും നിലച്ചു. ശിരസ് മാത്രം ചലിപ്പിക്കാനാവും. പ്രാര്‍ത്ഥിക്കാനായി മാത്രം ചുണ്ടുകള്‍ ചലിക്കും. ഈശോയോട് ചേര്‍ന്ന് കുരിശില്‍ കിടക്കുകയാണ് താനെന്ന് അവള്‍ വിശ്വസിച്ചു. ആ വിശ്വാസമുള്ളതുകൊണ്ട് ഒരു സഹനങ്ങളുടെ പേരിലും അവള്‍ പരാതിപറഞ്ഞില്ല..ഒന്നിനെയുമോര്‍ത്ത് സങ്കടപ്പെട്ടുമില്ല. ചില നേരങ്ങളില്‍ അവള്‍ മരിച്ചുപോയോ എന്ന്‌പോലും ബന്ധുക്കള്‍ സംശയിച്ചു. ജീവന്റേതായ യാതൊരു അനക്കവും ഇല്ലാതെ മൃതപ്രായമായ ശരീരം. എന്നാല്‍ ദിവ്യകാരുണ്യവുമായെത്തുന്ന വൈദികന്‍ മാര്‍ത്തേ എന്ന് പേരുചൊല്ലി വിളിക്കുമ്പോഴെല്ലാം ജീവന്റെ കിളി അവളുടെ പഞ്ജരത്തിലേക്ക് കയറി അവള്‍ കണ്ണ് തുറക്കുമായിരുന്നു. ദഹനപ്രക്രിയകളോ വിസര്‍ജ്ജനക്രിയകളോ പോലുമോ അവളുടെ ശരീരത്തുനിന്നുണ്ടായിരുന്നില്ല. വിശുദ്ധ കുര്‍ബാനയെ നിത്യജീവന്റെ അപ്പമെന്നാണ് നാം വിശേഷിപ്പിക്കുന്നത്. എന്നാല്‍ മാര്‍്‌ത്തെയുടെ ജീവിതവുമായി ആ വിശേഷണത്തെ ബന്ധിപ്പിക്കുമ്പോള്‍ അത് ഭൗമികജീവിതത്തിന്റെ അപ്പം കൂടിയാണെന്ന് പറയേണ്ടിവരും. കാരണം അമ്പത്തിമൂന്ന് വര്‍ഷം മാര്‍ത്തെ ജീവിച്ചിരുന്നത് ദിവ്യകാരുണ്യത്തിന്റെ ബലത്തില്‍ മാത്രമായിരുന്നുവല്ലോ? 1981 ഫെബ്രുവരി ആറിന് മാര്‍ത്തെ സ്വര്‍്ഗ്ഗപ്രാപ്തയായി. ഇന്ന് സഭ അവളെ ദൈവദാസിയായി പ്രഖ്യാപിച്ചിരിക്കുന്നു.

You must be logged in to post a comment Login