വിളക്കുകള്‍ കത്തുന്ന രാത്രി

വിളക്കുകള്‍ കത്തുന്ന രാത്രി

SONY DSC‘ആരൊക്കെ വന്നില്ലെങ്കിലും നീ വരണമായിരുന്നു…! നീ ഇത്ര മനുഷ്യത്വമില്ലാത്തവനാണെന്ന് ഞാനറിഞ്ഞിരുന്നില്ല. ഇപ്പോളെനിക്ക് ലജ്ജ തോന്നുന്നു, നിന്നെക്കുറിച്ച്…!’

മര്‍ത്താ ഇത്ര സങ്കടത്തോടും രോഷത്തോടു കൂടെ സംസാരിക്കുന്നത് നാളിതുവരെ കേട്ടിട്ടില്ല. എന്നിട്ടും ലാസറിലത് യാതൊരു ഭാവഭേദവും ഉണ്ടാക്കിയില്ല. അയാളുടെ മുഖത്തു നിന്ന് പ്രശാന്തത മാഞ്ഞതുമില്ല.

‘നിനക്കൊന്ന് കരയാന്‍ പോലും തോന്നുന്നില്ലേ? നീ മനുഷ്യനാണോ?’ മര്‍ത്താ വികാരമടക്കാനാവാതെ പൊട്ടിത്തെറിച്ചു കൊണ്ട് അകത്തേക്കു കയറിപ്പോയി. മറിയം അകത്തളങ്ങളില്‍ എവിടെയോ തേങ്ങിക്കൊണ്ടിരുന്നു. അകത്തു നിന്നു മര്‍ത്താ പിന്നെയും പിറുപിറുത്തു കൊണ്ടിരുന്നു: ‘നല്ല കാലത്ത് എല്ലാവര്‍ക്കും വേണമായിരുന്നു ഗുരുവിനെ. എത്ര പേര്‍ക്ക് എന്തെല്ലാം ഉപകാരം ചെയ്തവനാണ്. നമുക്ക് തന്നെ എത്രയധികം! എത്ര സ്‌നേഹമായിരുന്നു, നമ്മെ… ലാസറേ, നിനക്കാണ് അവന്‍ ഏറ്റവും നന്മ ചെയ്തത്. ജീവന്‍ തിരിച്ചു തരുന്നതിനേക്കാള്‍ വലിയ എന്തു നന്‍മയുണ്ട്!…ദുഷ്ടാ, എന്നിട്ടും, എല്ലാവരും കൂടെ ഗുരുവിനെതല്ലിച്ചതച്ചു കൊന്നപ്പോള്‍ ഒന്നു പിടിച്ചു മാറ്റാന്‍ പോലും നീ വന്നില്ലല്ലോ… !’

മര്‍ത്തായുടെ ശബ്ദം വികാരത്തള്ളിച്ചയാല്‍ വല്ലാതെ ഉയര്‍ന്നു. കോപാവേശത്തോടെ ഒരിക്കല്‍ കൂടെ ലാസറിന്റെ മുമ്പിലേക്ക് ഓടി വന്നിട്ടാണ് അവള്‍ അവസാനത്തെ വാക്ക് പറഞ്ഞത്. മര്‍ത്താ ലാസറിന്റെ മുന്നില്‍ നിന്നു കിതച്ചു, കിതപ്പും തേങ്ങലും പിന്നെ അലമുറയായി….ആരൊക്കെയോ ചേര്‍ന്ന് അവളെ അകത്തേക്ക് പിടിച്ചു കൊണ്ടു പോയി. വിലാപങ്ങള്‍ക്കിടയില്‍ മറിയത്തിന്റെ നേര്‍ത്ത തേങ്ങലുകള്‍ മുങ്ങിപ്പോയി.

ലാസര്‍ ഇരുളുന്ന ചക്രവാളത്തിലേക്ക് നോക്കിയിരുന്നു. സായാഹ്നമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും, സൂര്യന്‍ മറഞ്ഞു കഴിഞ്ഞിരുന്നു. ആരോ ഒരാള്‍ വിളക്ക് കത്തിച്ച് ഉമ്മറത്ത് വച്ചു. ലാസര്‍ ചക്രവാളത്തിലേക്ക് നോക്കി നിര്‍വികാരതയോടെ പിറുപിറുത്തു:
‘നാളെ രാവിലെ സൂര്യന്‍ വീണ്ടും ഉദിക്കും…’
‘നാളെ സൂര്യന്‍ ഉദിക്കുമെന്ന് എനിക്കറിയാം. പക്ഷേ, ഇപ്പോള്‍ വെട്ടം കാണണമെങ്കില്‍ ഈ വിളക്ക് വേണം.’
ലാസറിന്റെ ഭാഷ്യം അത്ര രസിച്ചിട്ടില്ലെന്നതു പോലെ വിളക്കുമായി വന്നയാള്‍ പറഞ്ഞു. ലാസര്‍ മുഖമുയര്‍ത്തി നോക്കി. മനാസ്സേയാണ്. ജറുസലേമില്‍ അയാള്‍ക്ക് ഒരു മുന്തിരിത്തോപ്പുണ്ട്. ഗുരുവിന്റെ പ്രഭാഷണം കേള്‍ക്കാന്‍ പലപ്പോഴും ഇവിടെ വന്നിട്ടുണ്ട്. അങ്ങനെയുള്ള പരിചയമാണ്. മനാസ്സെയുടെ മുഖത്ത് നല്ല നീരസമുണ്ട്. നീരസത്തിന്റെ കാരണം വിളക്കോ മറഞ്ഞ സൂര്യനോ അല്ലെന്ന് വ്യക്തം.

‘മര്‍ത്താ പറഞ്ഞത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്. താനിത്ര നന്ദിയില്ലാത്തവനാകുമെന്ന് ഞാന്‍ കരുതയില്ല. നാല് നാള്‍ ചീഞ്ഞു കിടന്ന തനിക്ക് ഗുരു ജീവന്‍ തന്നപ്പോള്‍ ഞാനും ഇവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ എനിക്ക് തന്നെ കുറിച്ച് ലജ്ജ തോന്നുന്നു. ഗുരു മരിക്കുമ്പോള്‍ ഒന്നു പോയി കാണാനെങ്കിലും തനിക്ക് തോന്നിയില്ലല്ലോ….’ മനാസ്സെയുടെ അസ്വസ്ഥത വാക്കുകളായി.

ലാസര്‍ പിന്നെയും ശാന്തനായിരുന്നു. അയാള്‍ വിളക്കിന്റെ നാളത്തില്‍ കണ്ണുനട്ടിരുന്നു. പിന്നെ പതുക്കെ മൊഴിഞ്ഞു:

‘എനിക്ക് മരണത്തെ വികാരപരമായി കാണാനാവില്ല, സുഹൃത്തേ..’

മനാസ്സെ വിളക്കിന്റെ നാളം വീണു തിളങ്ങുന്ന ലാസറിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി നിന്നു.
‘മരിക്കുന്വോള്‍ ദുഃഖിക്കേണ്ട എന്നാണോ നീ പറയുന്നത്, ലാസറേ?’ ആഷേറാണ് ചോദിച്ചത്. ഇപ്പോള്‍ ലാസറിന്റെ ചുറ്റും മനാസ്സെയെ കൂടാതെ നാലഞ്ചു പേര്‍ കൂടിയിരുന്നു.

‘എന്തിനാണ് ദുഃഖിക്കുന്നത്, സുഹൃത്തുക്കളേ? മരണത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെയും മറുപുറം കണ്ടവനാണ് ഞാന്‍. ഇനി എനിക്കെങ്ങനെ കരയാന്‍ കഴിയും? ഓരോ ജീവിതത്തിലും ഞാന്‍ മരണം കാണുന്നു, ഓരോ മരണത്തിലും ഞാന്‍ ജീവിതവും കാണുന്നു. അപ്പോള്‍ ജീവിക്കുന്നവരെയോര്‍ത്ത് ഞാന്‍ കരയണോ, അതോ മരിക്കുന്നവരെയോര്‍ത്ത് സന്തോഷിക്കണോ? പറയൂ, സുഹൃത്തുക്കളേ…’

എല്ലാവരും മുഖത്തോട് മുഖം നോക്കി. ഓരോ നോട്ടങ്ങളിലും ഓരോ അര്‍ത്ഥങ്ങളായിരുന്നു. ചിലര്‍ അര്‍ത്ഥമാക്കിയത് ഇവന് ഭ്രാന്ത് തുടങ്ങി എന്നായിരുന്നു. മറ്റു ചിലര്‍ ഒന്നും മനസിലാകുന്നില്ലല്ലോ എന്ന അര്‍ത്ഥത്തില്‍. ആരോ മനസ്സില്‍ പറഞ്ഞു, ഇവന്റെ വാക്കുകളില്‍ ഏതോ വിളക്കുകള്‍ കത്തുന്നു. പലതരം ചിന്തകളോടെ, പലതരം വികാരങ്ങളോടെ അവര്‍ അവന്റെ വാക്കിന് കാതോര്‍ത്തിരുന്നു.

കാറ്റില്‍ വിളക്കിന്റെ നാളമൊന്നു പാളിയപ്പോള്‍ ലാസര്‍ കണ്ടു, മര്‍ത്താ വന്ന് വാതില്‍പടിയില്‍ ചാരി നില്‍ക്കുന്നു.

‘കടലിന്റെ തീരത്ത് നില്‍ക്കുന്നവന് കടല്‍ ഒരു നിഗൂഢതയാണ്. അടങ്ങാത്ത ഭീതിയാണ്. കരകാണാക്കടല്‍… കടലുകള്‍ക്കും കരകള്‍ക്കും ഉപരി സഞ്ചരിക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍…
രാപകലുകള്‍ കടലില്‍ യാത്ര ചെയ്യുന്നവന് കടല്‍ എന്താണ്? അതില്‍ എന്തു നിഗൂഢത? എല്ലാ ദുഖവും, എല്ലാ പേടിയും അജ്ഞത നീങ്ങും വരെ മാത്രമേയുള്ളൂ. അറിഞ്ഞു കഴിയുമ്പോള്‍, എല്ലാത്തിന്റെയും മറുപുറം കണ്ടു കഴിയുമ്പോള്‍ മനസ്സ് താനെനിര്‍വികാരമാവുന്നതിലെന്തു തെറ്റ്? ഞാന്‍ നിങ്ങളെ പോലെ അലമുറയിട്ടു കരയാത്തതോ എന്റെ തെറ്റ്? പറയൂ…’

ലാസര്‍ ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി. ആരും മറുപടി പറഞ്ഞില്ല. ഓരോരുത്തരും അവരവരുടെ മരിച്ചവരെ കുറിച്ചോര്‍ത്തു. അവരവരുടെ വരാനിരിക്കുന്ന മരണങ്ങളെ കുറിച്ചും ഓര്‍ത്തു ചിന്താധീനരായിരുന്നു. എങ്കിലും ഗുരുവിന് സംഭവിച്ചതു പോലെ ഭീകരമായ മരണം ചിലരുടെ മനസ്സുകളില്‍ നടുക്കമായി തന്നെ തുടര്‍ന്നു. സൂര്യന്‍ മറഞ്ഞുപോയ ചക്രവാളത്തിനരികെ കരകാണാക്കടലിന്റെ ഇരുളിലേക്ക് നോക്കി അവര്‍ ഒന്നും മനസിലാകാതെ നിന്നു. മൗനം അവിടെ തളം കെട്ടി നിന്നു.

പെട്ടെന്ന് വാതില്‍ തുറന്ന് അതു വരെ അകത്തിരുന്ന് അവരുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ടിരുന്ന മറിയം ഉമ്മറത്തേക്ക് ഇറങ്ങി വന്നു. അവളുടെ കൈയില്‍ കത്തുന്ന ഒരു മെഴുകുതിരിയുണ്ടായിരുന്നു. അവളുടെ തേങ്ങല്‍ അടങ്ങിയിരുന്നില്ല. ലാസര്‍ പെങ്ങളുടെ മുഖത്തേക്ക് നോക്കി. ഇവരെല്ലാം കരച്ചില്‍ നിര്‍ത്തിയതു കണ്ടില്ലേ? നിനക്കും നിര്‍ത്തിയാലെന്ത്? എന്നൊരു ചോദ്യം ആ നോട്ടത്തിലുണ്ടായിരുന്നു.

‘ലാസര്‍, എനിക്കൊരു കാര്യം പറയാനുണ്ട്….’ വിഷാദം കൊണ്ടു ക്ഷീണിച്ചതെങ്കിലും ദൃഢമായ സ്വരത്തില്‍ മറിയം പറഞ്ഞു തുടങ്ങി. എല്ലാവരും കാതു കൂര്‍പ്പിച്ചിരുന്നു.

‘എന്താ പെങ്ങളേ…?’ ലാസര്‍ ചോദിച്ചു

ഉരുകിയൊലിക്കുന്ന മെഴുകിനെ വിരല്‍ കൊണ്ടു തഴുകിയിട്ട് മറിയം പറഞ്ഞു തുടങ്ങി:
‘ഏറെ കാലമായിട്ടില്ല… ഇവിടെ ഒരു മരണം നടന്നു. എന്റെ ആങ്ങളയുടെ മരണം. നാലു നാള്‍ ഞങ്ങള്‍, ഞാനും ചേച്ചിയും, ചിന്തിയ കണ്ണീരിന് കണക്കില്ല. നാലാം നാളാണ് ഗുരു എത്തിയത്. എന്റെ ആങ്ങള, എന്റെ മുന്നിലിരിക്കുന്ന നീ, അന്നേരം ചീഞ്ഞ് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരുന്നു. വരാന്‍ വൈകിയതിന് ഞാന്‍ ഗുരുവിനോട് പരിഭവിക്കുക പോലും ചെയ്തു. നാലുനാള്‍ അഴുകിയവന്‍ എങ്ങനെതിരിച്ചു വരാന്‍? നിന്റെ ശവകുടീരത്തിങ്കല്‍ വച്ച് അവന്റെ മുന്നില്‍ നിന്ന് ഞാന്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു. എന്റെ മനസ്സ് അവന് മനസ്സിലായി. എന്റെ കണ്ണീരിന്റെ ആഴങ്ങളിലെ സ്‌നേഹത്തിന്റെ ഉറവ അവന്‍ മാത്രം കണ്ടു. നിന്നെ ഉയര്‍പ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിട്ടും അവന്‍ എന്റെയും ഇക്കാണുന്നവരുടെയുമെല്ലാം മുന്നില്‍ വച്ച് തേങ്ങിക്കരഞ്ഞു! ഇനി നീ പറയൂ ലാസര്‍, മരണത്തിന്റെ അര്‍ത്ഥമറിഞ്ഞതു കൊണ്ടും അറിവിന്റെ മറുകര കണ്ടതു കൊണ്ടും കണ്ണീര് പാടില്ലെന്നോ? പറയൂ, നിന്നെ ജീവനിലേക്ക് കൊണ്ടു വരാന്‍ കഴിവുള്ളവനായിരുന്ന ഗുരു നിന്റെ കുഴിമാടത്തില്‍ കണ്ണീര്‍ പൊഴിച്ചതെന്തിന്? എനിക്ക് ഉത്തരം തരൂ…’

ലാസര്‍ മറിയത്തിന്റെ ഈറന്‍മിഴികള്‍ക്കുള്ളിലേക്കു നോക്കി പകച്ചു നിന്നു. അവളുടെ കൈയിലിരുന്ന മെഴുകുതിരിയുടെ നാളം ജ്വലിച്ച് ഉരുകിയൊലിച്ച മെഴുക് ക്രിസ്തുവിന്റെ മുഖത്തെ കണ്ണീര്‍ച്ചാലുകള്‍ പോലെ അവന്റെ ആത്മാവിലേക്ക് വീണു.

ലാസര്‍ വാവിട്ടു നിലവിളിച്ചു.

മറിയമൊഴികെ മറ്റെല്ലാവരും അമ്പരന്നു നില്‍ക്കെ വിളക്കുകളുടെ നാളങ്ങള്‍ രാത്രിയിലേക്ക് ജ്വലിച്ചിറങ്ങിക്കൊണ്ടിരുന്നു… മെഴുക് പ്രവാഹം പോലെ ഉരുകി വീണുകൊണ്ടിരുന്നു…
അഭിലാഷ് ഫ്രേസര്‍.

One Response to "വിളക്കുകള്‍ കത്തുന്ന രാത്രി"

  1. minijames   April 13, 2015 at 6:23 am

    Nice

You must be logged in to post a comment Login