വിവാദങ്ങള്‍ പ്രതീക്ഷിക്കാമോ.. പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ പുസ്തകം ഇറങ്ങുന്നു

വിവാദങ്ങള്‍ പ്രതീക്ഷിക്കാമോ.. പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ പുസ്തകം ഇറങ്ങുന്നു

വത്തിക്കാന്‍: കത്തോലിക്കാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പുസ്തകം സെപ്തംബര്‍ ഒമ്പതിന് പുറത്തിറങ്ങും. പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ ഫൈനല്‍ കോണ്‍വര്‍സേഷന്‍സ് എന്ന് പേരുള്ള കൃതിയാണിത്.

240 പേജുകളുള്ള ഈ പുസ്തകം ജര്‍മ്മന്‍ ഭാഷയിലാണ് ഇറങ്ങുന്നത്. ബെനഡിക്ട് പതിനാറാമന്‍ 2013 ഫെബ്രുവരി 28 ന് രാജിവച്ചതിന് ശേഷം അദ്ദേഹവുമായി ജര്‍മ്മന്‍ പത്രപ്രവര്‍ത്തകന്‍ പീറ്റര്‍ സീവാള്‍ഡ് അനേകമാസങ്ങളായി നടത്തിയ അഭിമുഖത്തെ ആസ്പദമാക്കിയുള്ളതാണ് പുസ്തകം.

ജോസഫ് റാറ്റ്‌സിംങര്‍ എന്ന ബെനഡിക്ട് പതിനാറാമന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട ഘട്ടങ്ങളെയും ഈ പുസ്തകം പരാമര്‍ശിക്കുന്നു. നാസികള്‍ക്ക് കീഴിലുള്ള ബാല്യകാലം, ദൈവവിളിയുടെ കണ്ടെത്തല്‍, യുദ്ധകാലത്തുണ്ടായ ബുദ്ധിമുട്ടുകള്‍, പോപ്പായി തിരഞ്ഞെടുക്കപ്പെടുന്നത് തുടങ്ങിയവ ഇതില്‍ പ്രതിപാദ്യവിഷയമായിരിക്കും. അതോടൊപ്പം പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഏതാനും ദിവസങ്ങളിലെ ഉത്കണ്ഠ, രാജിവയ്ക്കാനുള്ള വേദനാകരമായ തീരുമാനം എന്നിവയും പുസ്തകത്തിലെ പ്രതിപാദ്യവിഷയങ്ങളാണ്.

പോപ്പ് ഫ്രാന്‍സിസിനെക്കുറിച്ചുളള തന്റെ കാഴ്ചപ്പാടുകളും ഇദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. തന്റെ വിശ്വാസജീവിതം, സ്വകാര്യജീവിതം, ബലഹീനതകള്‍,വിവാദങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും ബെനഡിക്ട് മറയില്ലാതെ  പുസ്തകത്തില്‍ തുറന്നു പറയുന്നുണ്ട് എന്നാണ് ഇറ്റാലിയന്‍ പ്രസിദ്ധീകരണമായ കോറിയെറെ ഡെല്ല സേറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ 28 ന് ബെനഡിക്ട് പതിനാറാമന്റെ അറുപത്തിയഞ്ചാം വൈദികവര്‍ഷാഘോഷങ്ങളുടെ വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ബെനഡിക്ട് പതിനാറാമനും തമ്മില്‍ കണ്ടുമുട്ടിയിരുന്നു. രാജിവയ്ക്കലിന് ശേഷം ഇരുവരും പങ്കെടുത്ത രണ്ടാമത്തെ പൊതുചടങ്ങു കുടിയായിരുന്നു ഇത്.

ലൈറ്റ് ഓഫ് ദ വേള്‍ഡ് ദ പോപ്പ് ദ ചര്‍ച്ച ആന്റ് ദ സൈന്‍സ് ഓഫ് ദ ടൈംസ് എന്ന കൃതിയും 2010 ല്‍ ബെനഡിക്ട് പതിനാറാമനുമായുള്ള നീണ്ട സംഭാഷണത്തെ ആസ്പദമാക്കി സീവാല്‍ഡ് രചിച്ചിട്ടുണ്ട് കര്‍ദിനാള്‍ റാറ്റ്‌സിങ്ങറെക്കുറിച്ച് ദ സാള്‍ട്ട് ഓഫ് ദ ഏര്‍ത്ത്,ഗോഡ് ആന്റ് ദ വേള്‍ഡ് എന്നീ പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

ചരിത്രകാരന്മാര്‍ക്ക് വലിയൊരു സാധ്യതയാണെങ്കിലും തന്റെ ഡയറി നശിപ്പിച്ചുകളയാന്‍ താന്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പോപ്പ് എമിരത്തൂസ് പറഞ്ഞതായി അദ്ദേഹത്തിന്‍റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഇറ്റാലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി

You must be logged in to post a comment Login