വിവാദ രാഷ്ട്രീയ നേതാവിനെ കത്തോലിക്കനാക്കിയത് ബനഡിക്ട് പാപ്പ

അമേരിക്കന്‍ രാഷ്ട്രീയം അറിയാവുന്നവര്‍ക്ക് ഒരു പക്ഷേ ന്യൂറ്റ് ഗിന്റിച്ചും സുപരിചിതനായിരിക്കും. രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നതോടൊപ്പം എന്നും വിവാദങ്ങളും കൂട്ടിനുണ്ടായിരുന്ന രാഷ്ട്രീയ നായകന്‍. നീണ്ട 20 വര്‍ഷക്കാലം യുഎസ് പ്രതിനിധി സഭയിലെ അംഗമായിരുന്നു അദ്ദേഹം. നാലു തവണ സ്പീക്കര്‍ സ്ഥാനവും അലങ്കരിച്ചു. രാഷ്ട്രീയകാഴ്ചപ്പാടുകളനുസരിച്ച് ഓരോരുത്തര്‍ക്കും ഗിന്റിച്ചിനെ ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നതും മറിച്ച്, അധികമാരും അറിയാനിടയില്ലാത്ത ഗിന്റിച്ചിന്റെ കത്തോലിക്കാ പരിവര്‍ത്തനത്തിന്റെ കഥയാണ്. അതിനു കാരണമായതാകട്ടെ പോപ്പ് എമരിറ്റസ് ബെനഡിക്ട് പാപ്പയും.

പെന്‍സില്‍വാനിയയിലെ ഹാരിസ്ബര്‍ഗിലുള്ള ലൂഥറൈന്‍ കുടുംബത്തില്‍ 1943 ലായിരുന്നു ഗിന്റിച്ചിന്റെ ജനനം. കോളേജ് കാലഘട്ടത്തിനു ശേഷം സതേണ്‍ ബാപ്റ്റിസ്റ്റ് വിശ്വാസം സ്വീകരിച്ചു. രാഷ്ട്രീയ ജീവിതത്തിലുടനീളം വിവാദങ്ങളുടെ ഇഷ്ട തോഴനായിരുന്നു അദ്ദേഹം. പല അധാര്‍മ്മിക ഇടപാടുകളുടെ പേരിലും ഗെന്റിച്ച് വിമര്‍ശനം നേരിട്ടു. വ്യക്തി ജീവിതത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മൂന്നു വിവാഹങ്ങളും രണ്ട് വിവാഹമോചനങ്ങളും.. എല്ലാം വിവാഹേതര ബന്ധങ്ങളുടെ പേരില്‍.

ഇപ്പോഴത്തെ ഭാര്യയായ കാലിസ്റ്റ ബിസെകുമായുള്ള വിവാഹമാണ് ഗിന്റിച്ചിന്റെ ജീവിതത്തില്‍ പുതിയ വഴിത്തിരിവായി മാറിയത്. വാഷിങ്ടണിലെ നാഷണല്‍ ഷ്‌റൈന്‍ ബസലിക്കയിലെ ക്വയറില്‍ അംഗമായിരുന്നു കാലിസ്റ്റ. എല്ലാ ഞായറാഴ്ചയും ഭാര്യയോടൊപ്പം പള്ളിയില്‍ പോകുന്നത് ഗിന്റിച്ച് പതിവാക്കി.  പക്ഷേ, അപ്പോഴൊന്നും കത്തോലിക്കാ വിശ്വാസം സ്വീകരിക്കണമെന്ന തോന്നലുണ്ടായില്ല.

2005 ലാണ് ഭാര്യയുള്‍പ്പെടുന്ന ക്വയര്‍ സംഘത്തോടൊപ്പം ഗിന്റിച്ച് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ എത്തുന്നത്. ബസലിക്കയുടെ നിര്‍മ്മാണഭംഗിയും ശില്‍പചാതുര്യവും അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു. ആ സമയത്തെ റക്ടര്‍ മോണ്‍സിഞ്ഞോര്‍ വാള്‍ട്ടര്‍ റോസിയുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും ഗിന്റിച്ച് ഏറെ താത്പര്യം കാണിച്ചു.

ആയിടക്കാണ് ബനഡിക്ട് പാപ്പയുടെ ‘ജീസസ് ഓഫ് നസ്രത്ത്’ എന്ന പുസ്തകം ഗിന്റിച്ച് വായിക്കാനിടയായത്. അത് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. മുന്‍പൊരിക്കലുമുണ്ടാകാത്ത വിധം ഒരു ആത്മീയ ഉണര്‍വ് ഗിന്റിച്ചിന് അനുഭവപ്പെട്ടു.

2008 ലാണ് ജീവിതത്തിനാകെ പുതിയ മാനം സമ്മാനിച്ച അനുഭവമുണ്ടാകുന്നത്. ബനഡിക്ട് പാപ്പ അമേരിക്ക സന്ദര്‍ശിക്കുന്ന സമയം.  കാലിസ്റ്റയുടെ ക്വയറാണ് ബനഡിക്ട് പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ ഗാനങ്ങളാലപിക്കേണ്ടിയിരുന്നത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഗിന്റിച്ചുമെത്തി. സമാധാനവും സന്തോഷവും പ്രസരിപ്പിക്കുന്ന ബനഡിക്ട് പാപ്പയുടെ മുഖത്തേക്ക് ഗിന്റിച്ച് കണ്ണെടുക്കാതെ നോക്കി നിന്നു. അത് ഒരു തിരിച്ചറിവിന്റെ വേളയായിരുന്നു. കുറച്ചു നാളുകളായി അനുഭവിച്ചു കൊണ്ടിരുന്ന ആത്മീയതയുടെ വെട്ടം ഗിന്റിച്ചിന്റെ ഉള്ളില്‍ ഏറെ ശോഭയോടെ പ്രകാശിച്ചു. തന്നെ പരിവര്‍ത്തനം ചെയ്യാനെത്തിയ അവധൂതനായിരുന്നു ഗിന്റിച്ചിന് ബനഡിക്ട് പാപ്പ.

പിന്നീട് അധികമൊന്നും ആലോചിച്ചില്ല. ഉടന്‍ തന്നെ ഗിന്റിച്ച് മോണ്‍സിഞ്ഞോര്‍ വാള്‍ട്ടര്‍ റോസിയെ വിളിച്ച് കത്തോലിക്കനാകാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. ഒരു വര്‍ഷം നീണ്ട മതബോധന പഠനം.. 2009 ല്‍ ഗിന്റിച്ച് ക്രിസ്തുമതം സ്വീകരിച്ചു. പ്രതിയോഗികളെപ്പോലും അത്ഭുതപ്പെടുത്തിയ മനപ്പരിവര്‍ത്തനം..ഇന്ന് അദ്ദേഹം അടിയുറച്ച കത്തോലിക്കാ വിശ്വാസിയാണ്. . ഭൂതകാലത്തെ വിവാദങ്ങളെയും വിമര്‍ശനങ്ങളെയും പിന്നിലാക്കി ഗിന്റിച്ച് പ്രവേശിച്ചത് പുതു
ജീവിതത്തിലേക്ക്…

അനൂപ സെബാസ്റ്റ്യന്‍

 

You must be logged in to post a comment Login