വിവാഹമോചനവും പുന:വിവാഹവും; കോടതിയുടെ നിലപാടും കത്തോലിക്കാ സഭയുടെ നിലപാടും ഒന്നുതന്നെ

വിവാഹമോചനവും പുന:വിവാഹവും; കോടതിയുടെ നിലപാടും കത്തോലിക്കാ സഭയുടെ നിലപാടും ഒന്നുതന്നെ

ന്യൂഡല്‍ഹി/ കൊച്ചി: വിവാഹം അസാധുവാക്കി കത്തോലിക്കാ സഭാ കോടതി നല്കുന്ന ഉത്തരവുകളുടെ മാത്രം ബലത്തിലുള്ള പുനര്‍വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വീണ്ടും ആവര്‍ത്തിച്ചു. കത്തോലിക്കരുടെ സഭാ നിയമത്തെ( കാനോന്‍ നിയമം) രാജ്യത്തെ ക്രൈസ്തവരുടെ വ്യക്തിനിയമമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണ്ണാടകയില്‍ നിന്നുള്ള അഭിഭാഷകന്‍ നല്കിയ ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ഈ പരാമര്‍ശം നടത്തിയത് .

സഭയുടെ വ്യവസ്ഥകളനുസരിച്ച് ദേവാലയത്തില്‍ നടത്തുന്ന വിവാഹത്തിന് ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമപ്രകാരം സാധുതയുള്ളപ്പോള്‍, വിവാഹം വേര്‍പെടുത്തുന്ന സഭാ നടപടിക്ക് എന്തുകൊണ്ട് അംഗീകാരമില്ല എന്നതാണ് ഹര്‍ജിക്കാരന്റെ ചോദ്യം.

കോടതിയുടെ നിലപാടും കത്തോലിക്കാസഭയുടെ നിലപാടും ഒന്നുതന്നെയാണെന്ന് സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറലും ഇന്ത്യന്‍ കാനോന്‍ നിയമ സൊസൈറ്റി മുന്‍ പ്രസിഡന്റുമായ മോണ്‍. ജോസഫ് ചിന്നയ്യന്‍ വ്യക്തമാക്കി. കത്തോലിക്കാസഭ വിവാഹമോചനം അനുവദിക്കാറില്ലെന്നും വിവാഹം അസാധുവാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി സിവില്‍ കോടതിയിലൂടെ നേടിയ വിവാഹമോചന ഉത്തരവു മാത്രം അംഗീകരിച്ച് സഭ പുനര്‍വിവാഹങ്ങള്‍ അനുവദിക്കാറുമില്ല. അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യന്‍ സഭാ കോടതി നല്‍കുന്ന വിവാഹമോചനത്തിന് നിയമസാധുത ഇല്ലെന്നും അങ്ങനെയുള്ളവര്‍ പുനര്‍വിവാഹം ചെയ്യുന്നത് കുറ്റകരമാണെന്നുമുള്ള സുപ്രീം കോടതി നിരീക്ഷണത്തില്‍ അസ്വഭാവികതയില്ലെന്ന് സീറോ മലബാര്‍ സഭയും വ്യക്തമാക്കി. സിവില്‍ കോടതിയില്‍ വിവാഹമോചനം നേടിയവര്‍ക്ക് മാത്രമേ നിലവില്‍സഭാ കോടതിയില്‍ വിവാഹമോചനം നല്‍കാറുള്ളൂ എന്നതിനാല്‍ സുപ്രീം കോടതി നിരീക്ഷണത്തില്‍ സഭയെ സംബന്ധിച്ച് പുതുമയൊന്നുമില്ലെന്ന് സീറോമലബാര്‍ സഭാ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു.

വിവാഹമോചനത്തിന് സഭാ കോടതിയെ സമീപിക്കുന്നവരോട് ആദ്യം സിവില്‍ കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുന്ന കീഴ് വഴക്കമാണ് ഏറെ വര്‍ഷമായി സഭയ്ക്കുള്ളത്. സഭയുടെ മൂല്യങ്ങള്‍ പാലിക്കാന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണെന്ന നിലപാടാണ് സഭയ്ക്കുള്ളത്. അതുകൊണ്ടുതന്നെ സിവില്‍ കോടതിയില്‍ വിവാഹമോചനം നേടിയാലും സഭാ കോടതിയിലും തീരുമാനം ഉണ്ടാകണം. എങ്കിലേ പുനര്‍വിവാഹത്തിന് അനുമതി ലഭിക്കൂ. സഭ പിന്തുടരുന്ന കാര്യം തന്നെ സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്നതില്‍ സന്തോഷിക്കുന്നു. ഫാ. ജിമ്മി പറഞ്ഞു.

You must be logged in to post a comment Login