വിവാഹവിഷയം: സ്വയം വിമര്‍ശിക്കുന്ന സഭ

വിവാഹവിഷയം: സ്വയം വിമര്‍ശിക്കുന്ന സഭ

സ്‌നേഹത്തിന്റെ സന്തോഷം എന്ന അപ്പസ്‌തോലിക പ്രബോധനത്തിന്റെ രണ്ടാം അധ്യായത്തില്‍, മാര്‍പാപ്പാ സഭയെ ഒരു ആത്മവിമര്‍ശനത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. ആരോഗ്യകരമായ ഒരു ആത്മവിമര്‍ശനം അനിവാര്യമാണ് എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഭാഗത്ത്, പാപ്പാ പറയുന്നു: ‘വിവാഹത്തെ കുറിച്ച് പറയുമ്പോള്‍ അതിന്റെ ലക്ഷ്യം പ്രജനനം മാത്രമാണെന്ന മട്ടില്‍ പഠിപ്പിക്കാനിടയായിട്ടുള്ളത് ഒരു ന്യൂനതയാണ്. സ്‌നേഹത്തില്‍ വളരുക, പരസ്പരം താങ്ങാവുക തുടങ്ങിയ വലിയ ലക്ഷ്യങ്ങള്‍ വിവാഹത്തിനുണ്ട്.

പുതുതായി വിവാഹം ചെയ്ത യുവതീയുവാക്കള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും അവരുടെ സമയക്രമവും ചിന്താരീതികളും ആശങ്കകളും മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെട്ടിട്ടുണ്ട്. ചില നേരങ്ങളില്‍ ജീവിതത്തിന്റെ ഗന്ധമുള്ള യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ നിന്നും വളരെ അകലെ നില്‍ക്കുന്ന, അവ്യക്തവും അമൂര്‍ത്തവുമായ ദൈവശാസ്ത്രതത്വങ്ങളാണ് നാം അവര്‍ക്കായി വച്ചുനീട്ടിയത്. അതിരു വിട്ട ഈ ആദര്‍ശവല്‍ക്കരണം മൂലം ദൈവകൃപയിലുള്ള ആശ്രയത്തില്‍ യുവതലമുറയെ പ്രചോദിപ്പിക്കാന്‍ നമുക്ക് കഴിയാതെ പോയി. വിവാഹത്തിന്റെ മനോഹാരിത അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതിലും നാം പരാജയപ്പെട്ടു.

ആജീവനാന്ത ഭാരം അല്ല വിവാഹം, മറിച്ച് വ്യക്തിത്വത്തിന്റെ പരിപൂര്‍ണതയ്ക്കായി നിരന്തരം ശ്രമിക്കുന്ന പ്രക്രിയയാണത് എന്ന് യുവതലമുറയെ പഠിപ്പിച്ചു കൊടുക്കാന്‍ നമുക്ക് വൈമനസ്യമാണ്. വിശ്വാസികളുടെ മനസാക്ഷിക്ക് അര്‍ഹമായ ഇടം കൊടുക്കാന്‍ നാം തയ്യാറല്ല. അവര്‍ക്കും അവരുടെ പരിമിതികളില്‍ നിന്നു കൊണ്ട് ഏറ്റവും മികച്ച വിധത്തില്‍ സുവിശേഷത്തോട് പ്രതികരിക്കാനുള്ള കഴിവുണ്ടെന്ന് ഓര്‍ക്കണം. സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ വിവേകത്തോടെ പെരുമാറാന്‍ അവര്‍ക്ക് കഴിവുണ്ട്. അവരുടെ മനസാക്ഷിയെ മാറ്റുകയല്ല, രൂപപ്പെടുത്തുകയാണ് വേണ്ടത്.

(തുടരും)

 

ഫ്രേസര്‍

You must be logged in to post a comment Login