വിവേകത്തിന്റെ ഉറവിടം

വിവേകത്തിന്റെ ഉറവിടം

കരുണയുടെ വഴിയേ… 3

യേശുക്രിസ്തു ദൈവമായതുകൊണ്ടാണ് ആധികാരികമാകുന്നത് താന്‍ ദൈവാമാണെന്ന് ക്രിസ്തു പോലും അവകാശപ്പെട്ടിട്ടില്ല എന്നു നിരീക്ഷിക്കുന്നവര്‍ ഉണ്ട്. അതു ശരിയല്ല. ക്രിസ്തുവിനെതിരേയുണ്ടായ ഏറ്റവും ഗൗരവമായ ആരോപണം പോലും ഇവന്‍ മനുഷ്യനായിരിക്കേ തന്നെത്തന്നെ ദൈവമാക്കുന്നു എന്നതത്രേ. എന്നു പറഞ്ഞാല്‍, തന്റെ സമകാലികര്‍ക്കു താന്‍ ദൈവമാണെന്ന് അവിടുന്ന് പറഞ്ഞതിനെക്കുറിച്ചു സംശയമില്ലായിരുന്നു.

യേശുക്രിസ്തു പറഞ്ഞു, തന്റെ വാക്കുകള്‍ ദൈവത്തിന്റെ വാക്കുകളും തന്റെ പ്രവൃത്തി ദൈവത്തിന്റെ പ്രവൃത്തിയുമാണെന്ന്. തന്നെ കാണുന്നവന്‍ ദൈവത്തെതന്നെയാണ് കാണുന്നതെന്നും. താനും ദൈവവും ഒന്നാണെന്നും അവിടുന്നു പഠിപ്പിച്ചു. എല്ലായിടത്തും പറയുമ്പോള്‍ ദൈവം എന്നിടത്തു പിതാവ് എന്നാണ് യേശു പറയുന്നതെങ്കിലും ഒടുവില്‍ നിങ്ങള്‍ ദൈവം എന്നു വിളിക്കുന്ന എന്റെ പിതാവ് എന്നു പറയുന്നതുവഴി (യോഹന്നാന്‍ 8:55) താന്‍ സത്തയില്‍ പിതാവുമായി സമനാണ് എന്നു സ്പഷ്ടമായി പറഞ്ഞു. അതങ്ങനെയേ പറയാനാവൂ. അല്ലെങ്കില്‍ കേള്‍ക്കാന്‍ ആരും നിന്നുതരികയില്ല.

ഉദാഹരണത്തിനു നാഥാന്‍ പ്രവാചകന്‍. വലിയ പാപങ്ങള്‍ ചെയ്തു കൂസലില്ലാതെ നല്ല പിള്ള ചമഞ്ഞു സിംഹാസനത്തിലിരിക്കുന്ന ദാവീദിനെ സമീപിച്ച് എങ്ങും തൊടാത്ത ഒരു കഥയാണു പറയുന്നത്. ധനികനായ മനുഷ്യന്‍ അനേകം ആടുകള്‍ ഉണ്ടായിട്ടും പാവപ്പെട്ട അയല്‍ക്കാരന്റെ വാത്സല്യഭാജനമായ ഏക കുഞ്ഞാടിനെ അറുത്ത് സുഹൃത്തിനുവേണ്ടി വിരുന്നൊരുക്കി എന്നു പറഞ്ഞ് കഥ അവസാനിക്കുമ്പോള്‍ സിംഹാസനത്തില്‍ നിന്നു ചാടിയെണീറ്റ ദാവീദു ചേദിക്കുന്നു, ആരാണ് ആ ദ്രോഹി. പ്രവാചകന്‍ ഒറ്റ വാചകത്തില്‍ ഉത്തരം പറയുന്നു, ആ മനുഷ്യന്‍ നീ തന്നെ.

എന്നാല്‍ പ്രവാചകന്‍ വന്നു കലിതുള്ളി, അങ്ങു ചെയ്ത ചില മഹാപരാധങ്ങള്‍ ചൂണ്ടികാണിച്ചു തരാനാണു ഞാന്‍ വന്നത് എന്നു പറഞ്ഞു തുടങ്ങിയാലുള്ള പുകില് ഒന്നു ആലോചിച്ചു നോക്കൂ. വിവേകികളെ അങ്ങനെയാക്കുന്ന വിവേകത്തിന്റെ ഉറവിടമാണു യേശു. അവന്‍ സംസാരിക്കുന്നിടത്തും ആ വിവേകവും സാവകാശവും ഉണ്ടായിരിക്കും.

 

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി

You must be logged in to post a comment Login