വിവേകമുള്ള ക്രിസ്ത്യാനികള്‍ ആരെയും അകറ്റി നിര്‍ത്തില്ല: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: വിവേകമുള്ള ക്രിസ്ത്യാനികള്‍ ആരെയും അകറ്റി നിര്‍ത്തില്ലെന്നും തങ്ങളോടൊപ്പം കൂട്ടിച്ചേര്‍ക്കാനാണ് ശ്രമിക്കുകയെന്നും ഫ്രാന്‍സിസ് പാപ്പ. ആയിരിക്കുന്ന ഇടങ്ങളിലെല്ലാം പല ഗ്രൂപ്പുകളുണ്ടാക്കി വിഭാഗീയത സൃഷടിക്കുന്നവര്‍ ഫരിസേയരെപ്പോലെ ആണെന്നും ഇന്നലെ സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

നമുക്കു മുന്നില്‍ രണ്ടു വഴികളുണ്ട്- ചുറ്റുമുള്ളവരെ അകറ്റി നിര്‍ത്തുകയാണ് ഒന്നാമത്തെ വഴി. നമ്മോടൊപ്പം അവരെയും ഒന്നിച്ചു ചേര്‍ക്കുന്നത് രണ്ടാമത്തെ വഴി. ഒഴിവാക്കാന്‍ വളരെ എളുപ്പമാണ്. കുടുംബത്തില്‍ നിന്നോ രാജ്യത്തു നിന്നോ കൂട്ടുകാരുടെ ഇടയില്‍ നിന്നോ ഒരാളെ അകറ്റി നിര്‍ത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. പക്ഷേ, എല്ലാ യുദ്ധങ്ങളുടെയും കലഹങ്ങളുടെയും ആരംഭമായിരിക്കുമത്.

മറ്റുള്ളവരെ അകറ്റി നിര്‍ത്തുക എന്നത് ക്രിസ്തീയ മാര്‍ഗ്ഗമല്ല. അവര്‍ ഫരിസേയരെപ്പോലെയാണ്. തങ്ങളാണ് മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠര്‍ എന്നു കരുതി അവര്‍ അഹങ്കരിക്കുന്നു. മറ്റുള്ളവരെല്ലാം അവരുടെ കണ്ണില്‍ പാപികളാണ്. കുരിശില്‍ മരിച്ച ക്രിസ്തുവിനെ നോക്കൂ. അവന്‍ ആരെയും ഒഴിവാക്കിയില്ല. മനുഷ്യകുലത്തിനു മുഴുവന്‍ വേണ്ടിയാണ് അവന്‍ കുരിശുമരണം വരിച്ചത്.

കാണാതായ ആടിന്റെയും നാണയത്തിന്റെയും ഉപമ വിശദീകരിച്ചു കൊണ്ട് ദൈവസന്നിധിയില്‍ എല്ലാ മനുഷ്യരും പ്രിയപ്പെട്ടവരാണെന്നും കാണാതായ ആടിനെ അന്വേഷിക്കുന്ന ഇടയനെപ്പോലെയും കാണാതായ നാണയം അന്വേഷിക്കുന്ന സ്ത്രീയെപ്പോലെയുമാണ് ദൈവമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. കണ്ടു കിട്ടിയപ്പോള്‍ അവര്‍ ആ സന്തോഷം അയല്‍ക്കാരും സുഹൃത്തുക്കളുമായി പങ്കു വെയ്ക്കുകയും ചെയ്തു.

മനുഷ്യന്‍ ദുര്‍ബലനാണ്. എങ്കിലും മുന്‍ വിധികള്‍ കൈവെടിഞ്ഞ് നമുക്കു ചുറ്റുമുള്ള എല്ലാവരേയും നമ്മോടൊപ്പം ചേര്‍ത്തു നിര്‍ത്തുക. മറിച്ച് ആരെയും വിധിക്കാനോ ഒഴിവാക്കാനോ ഉള്ള അവകാശം നമുക്കില്ലെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login