വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍

വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍

images (2)തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് തന്റെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു (റോമ 8.28). കുഞ്ഞുനാളിലെ ആഗ്രഹമായിരുന്നു ഒരു വിശുദ്ധനാകുകയെന്നത്. ഇതിനെ തുടര്‍ന്നുള്ള ആഗ്രഹങ്ങളായിരുന്നു വൈദികനാകുക, വചന പ്രഘോഷകനാകുക, എഴുത്തുകാരനാകുക, പുസ്തകങ്ങള്‍ എഴുതുക. ഇതില്‍ വൈദികനാകാന്‍ സാധിക്കാത്തതില്‍ വിശുദ്ധനാകാന്‍ സാദ്ധ്യമല്ലായെന്ന തെറ്റായ ചിന്താഗതി ചെറുപ്പത്തില്‍ നിരാശയിലേക്ക് നയിച്ചു. പിന്നീട് വിശുദ്ധരെക്കുറിച്ച് ആഴമായി പഠിച്ചപ്പോഴാണ് മനസ്സിലായത് വിശുദ്ധജീവിതം ആര്‍ക്കും സാധിക്കുമെന്ന സത്യം. നമ്മുടെ ജീവിതാന്തസ് എന്താണെന്ന് തീരുമാനിക്കേണ്ടത് ദൈവമായിരിക്കണം. അതായത് ദൈവേഷ്ടത്തിന് നമ്മേത്തന്നെ സമര്‍പ്പിക്കുക.

വൈദികനാകാന്‍ സാധിക്കാതെ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഒരിക്കല്‍ ദൈവസന്നിധിയില്‍ ധ്യാനിച്ചിരിക്കുമ്പോള്‍ വിശുദ്ധ ജീവിതത്തെക്കുറിച്ചുള്ള ചില കാഴ്ചപ്പാടുകള്‍ ലഭിച്ചു. അതിപ്രകാരമായിരുന്നു. ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ പിതാവ് ഒരു വൈദികനും അമ്മ ഒരു കന്യാസ്ത്രീയും ആയിരുന്നെങ്കില്‍ ഇന്ന് എനിക്കാദരിക്കാന്‍ ഈ മാര്‍പ്പാപ്പ ഉണ്ടാകുമായിരുന്നോ? അതുപോലെ തന്നെ ആദരവോടെ ഞാന്‍ നോക്കിയിരുന്ന മദര്‍തെരേസയെക്കുറിച്ചും ഇപ്രകാരം ചിന്തിച്ചാല്‍? അങ്ങനെയെങ്കില്‍ നാമാരും നാമിപ്പോള്‍ ആയിരിക്കുന്ന ജീവിതാന്തസിനെക്കുറിച്ച് നിരാശരാകേണ്ടതില്ല. അത് ദൈവത്തിന്റെ തെരഞ്ഞെടുപ്പാണെങ്കില്‍ ദൈവത്തിനതിലൂടെ വലിയ പദ്ധതികളുണ്ട് (ജറമിയ 29.11)

വി. മോനിക്കാമ്മയിലൂടെയുള്ള ദൈവത്തിന്റെ വിലിയ പദ്ധതിയല്ലേ. സെന്റ് അഗസ്റ്റിന്‍ അല്ലെങ്കില്‍ സ്വീഡനിലെ വി ബ്രിഡ് ജെറ്റ് (1304 – 1373) സ്വീഡനിലെ വി. ക്ഥറിന് (1331-1381) ജന്മം നല്‍കാന്‍ ദൈവം തിരഞ്ഞെടുത്തവള്‍ വി. ബ്രിഡ് ജെറ്റിന്റെ നാലാമത്തെ മകളാണ് വി. കാഥറിന്‍ എന്ന് മറക്കരുത്. ഒന്നല്ലെങ്കില്‍ രണ്ട് എന്ന സംവിധാനത്തില്‍ എത്തിയിരിക്കുന്ന കുടുംബ സംവിധാനത്തില്‍ ഇപ്രകാരം എത്രയോ കാഥറിന്‍മാര്‍ ഇല്ലാതായിരിക്കുന്നു. വി. കാഥറിനും വിവാഹിതയാണെന്ന് മറക്കരുത്. ഭര്‍ത്താവിനോടുള്ള കടമകളും ഉത്തരവാദിത്വങ്ങളും നിര്‍വ്വഹിച്ച് വിശുദ്ധയായവള്‍. തന്റെ അമ്മയുടെ നാമകരണത്തിന് പങ്കെടുക്കുവാന്‍ സാധിച്ച ഭാഗ്യവതി. (അനുദിന വിശുദ്ധന്മാര്‍, മാര്‍ച്ച് 24) ഇപ്രകാരം വിശുദ്ധന്മാരെക്കുറിച്ചോര്‍ക്കാന്‍ ഓരോ ജീവിതാന്തസിലും ദൈവത്തിന് പദ്ധതികളുണ്ടെന്ന സത്യത്തില്‍ എത്തിച്ചേരാം.

ആഗ്രഹിച്ച ജീവിതാന്തസ് ലഭിക്കാത്തവര്‍ ദൈവത്തിന്റെ പദ്ധതിക്കു വിട്ടുകൊടുക്കുകയെന്നതാണ് പ്രധാനം (ജറമിയ 29.11) മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്ന അന്തിമമായ തീരുമാനം കര്‍ത്താവിന്റെതാണ് (സുഭാ 16.1) എല്ലാ ദിവസവും പള്ളിയില്‍ പോകുന്നതുകൊണ്ട് ഇടവകയില്‍ ഒരു കപ്യാരുടെ ഒഴിവു വന്നപ്പോള്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു. അതും നിരസിക്കപ്പെട്ടു. ഇവിടെയും ദൈവഹിതം മറിച്ചായിരുന്നു. പിന്നീടാണ് തിരിച്ചറിഞ്ഞതെന്നുമാത്രം. ഒരു കപ്യാരുടെ ശിശ്രൂഷയില്‍ ഒതുക്കിനിര്‍ത്താനുള്ളതായിരുന്നില്ല എന്നെക്കുറിച്ചുള്ള ദൈവിക പദ്ധതി. അന്നതു വേദനാകരമായിരുന്നെങ്കിലും ഇന്നേറെ സന്തോഷിക്കുന്നു. കാരണം. അതിനുശേഷമായിരുന്നു എഴുത്തിലേക്കും വചനപ്രഘോഷണത്തിലേക്കുമുള്ള തുടക്കം. നമ്മെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിയുക. അതനുസരിച്ച് മുന്നേറുകയെന്നതാണ് പ്രധാനം. ഇവിടെയാണ് വി. എലിസബത്ത് സേറ്റന്റെ വാക്കുകളുടെ പ്രസക്തി. അനുദിനപ്രവൃത്തികളില്‍ എന്റെ പ്രഥമ ലക്ഷ്യം ദൈവേഷ്ടം നിര്‍വ്വഹിക്കുകയാണ്. അവിടുന്ന് തിരുമനസ്സാകുന്നതുപോലെ നിര്‍വ്വഹിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. അവിടുന്ന് തിരുമനസ്സായതുകൊണ്ട് നിര്‍വ്വഹിക്കുകയാണ് മൂന്നാമത്തെ ലക്ഷ്യം.

എന്റെ ആദ്യത്തെ ആഗ്രഹം ദൈവഹിതമാണെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഒരു വിശുദ്ധനാകുകയെന്നത് രണ്ടാമത്തെ ആഗ്രഹം. ദൈവഹിതമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനൊരു വൈദികനായേനേ. എന്നാല്‍ ഇവിടെ ദൈവഹിതം മറിച്ചായിരുന്നു. എന്നെ ഏറെ ചിന്തിപ്പിച്ച ഒരു സംഭവമുണ്ടായി. ഒരിക്കല്‍ വിശുദ്ധ ജീവിതത്തെക്കുറിച്ച് ക്ലാസ്സെടുത്ത് കഴിഞ്ഞപ്പോള്‍ ഒരു സഹോദരി വളരെ സഹതാപത്തോടം എന്നെനോക്കി പറഞ്ഞ കാര്യം അതേപടി പകര്‍ത്തട്ടെ. ‘ ബ്രദര്‍ ഞങ്ങളുടെ സഭയിലേക്ക് പോര്. ഇവിടെ വിവാഹം കഴിക്കുന്നവര്‍ക്കും വൈദികനാകാേ.’ (സഹോദരി ഒരു യാക്കോബൈറ്റാണ്). ഞാന്‍ പ്രസംഗിക്കുന്നത് നിരാശയുടെ വാക്കായിട്ടല്ല. ജീവിതാനുഭവങ്ങളുടെ കൂട്ടത്തില്‍ പങ്കുവച്ചന്നേയുള്ളു. ഒരിക്കല്‍ ഒരു യാക്കോബിറ്റ് അച്ചന്‍ പറഞ്ഞു. ഒരു മാര്‍പ്പാപ്പയുടെ കുശിനിക്കാരന്‍ വിശുദ്ധനായിട്ടുണ്ട്. അതുകൊണ്ട് ഏത് ജീവിതാന്തസിലും വിശുദ്ധനാകാം. അതാണ് വാസ്തവം. ഇവിടെ പെട്ടെന്ന് വി. ഫ്രാന്‍സിസ് സെയില്‍സിന്റെ വാക്കുകള്‍ ഓര്‍മ്മയിലെത്തി. നമ്മുടെ ജീവിതാവസ്ഥയും തൊഴിലും എ്തായിരുന്നാലും നമുക്കെല്ലാവര്‍ക്കും ക്രിസ്തീയ സുകൃതങ്ങള്‍ അഭ്യസിക്കാനും വിശുദ്ധി പ്രാപിക്കുവാനും കഴിയും.

വചനം പ്രഘോഷിക്കുക വലിയ ഒരാഗ്രഹമായിരുന്നു. ഇതും ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു. എഴുതുക പുസ്തകമിറക്കുക ഇവിടെയെല്ലാം ദൈവത്തിന്റെ കരം എന്നോടുകൂടെയുണ്ടായിരുന്നു (ലൂക്കാ 1.66) എന്നു പറയാനാണെനിക്കിഷ്ടം. ഇതെല്ലാ മാറ്റി മറിച്ചുകൊണ്ട് ശൂന്യമായ ഒന്ന്ുമില്ലായ്മയില്‍ ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കാലം തെളിയിച്ചു. എന്റെ ആദ്യത്തെ ആഗ്രഹത്തിലേക്ക് ദൈവം നയിക്കുമെന്ന് ഉറപ്പുണ്ടെനിക്ക്. വിശുദ്ധ ജീവിതത്തെക്കുറിച്ച് ക്ലാസ്സെടുക്കുമ്പോള്‍ പലരും പറയുന്ന പരാതി രസകരമാണ്. ആഗ്രഹമുണ്ട് പക്ഷേ ഭാര്യ തടസ്സം നില്‍ക്കുന്നു. അല്ലെങ്കില്‍ ഭര്‍ത്താവ് തടസ്സം നില്‍ക്കുന്നു. എന്നാല്‍ വിശുദ്ധ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നതിപ്രകാരമാണ്. അവന് ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും (ഉല്‍പ്പത്തി 2.18). ദൈവം ഹരിച്ചും ഗുണിച്ചും കൂട്ടിയും നോക്കിയിട്ട് ഏറ്റവും ചേര്‍ന്നവളെ തന്നെയാണ് എനിക്ക് തന്നത്. എത്ര പുണ്യവതികളെ ലോകത്തില്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, അവരാരുമല്ല എനിക്ക് യോജിക്കുന്നവള്‍ ഇവളാണെന്ന സത്യം പൂര്‍ണ്ണമായും അറിയാവുന്നത് അവിടുത്തേക്ക് മാത്രമാണ്. ഇത് വിശ്വസിക്കുക. ഇവളിലൂടെ അല്ലെങ്കില്‍ ഇവനിലൂടെ മാത്രമാണ് എനിക്ക് വിശുദ്ധന്‍ (വിശുദ്ധ) ആകാന്‍ ദൈവം നല്‍കിയിരിക്കുന്നത്.

ഇത് ഏത് ജീവിതാന്തസിനെ സംബന്ധിച്ചും വാസ്തവമാണ്. അധികാരികളില്‍ നിന്നുണ്ടാകുന്ന തിക്താനുഭവങ്ങളെ പ്രതി പരാതി പറഞ്ഞുകൊണ്ട് ദൈവവിളി നിസ്സാരമാക്കിയ സഹോദരിമാരെയും അറിയാം. അങ്ങനെങ്കില്‍ മുട്ടുചിറക്കാരി അന്നക്കുട്ടി ഇന്നു വെറും അന്നക്കുട്ടി മാത്രമായി മാറുകയില്ലായിരുന്നോ? ഇന്നവളെ നാം ഭാരതത്തിന്റെ പ്രഥമവിശുദ്ധയെന്ന് വിളിച്ച് അഭിമാനിക്കുമായിരുന്നോ. ഒരു കന്യാസ്ത്രീയാകാന്‍ പോകുന്ന യുവതി തന്റെ ഭവനം വിട്ട് ഒരു സന്യാസ സമൂഹത്തിലേക്ക് കടന്ന് ചെല്ലുമ്പോള്‍ അവിടെയുള്ള കന്യാസ്ത്രീകളെല്ലാം വിശുദ്ധരായ കന്യാസ്ത്രീകളായിരിക്കുമെന്നു കരുതി ചെല്ലരുത്. അവരെല്ലാം അതിനായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നവരാണ് എ്‌ന്നേ കരുതാവൂ. ഒത്തിരി പ്രതിബന്ധങ്ങള്‍ തരണം ചെയ്തുവേണം അവള്‍ മുന്നേറാന്‍. ഇതിനൊക്കെ അവളുടെ ഒരു സമ്പൂര്‍ണ്ണ സമര്‍പ്പണം ആവശ്യമാണ്. ഈ സമര്‍പ്പണത്തിന്റെ പൂര്‍ണ്ണതയനുസരിച്ചാണ് അവള്‍ വിശുദ്ധയാകുക.

വൈദികനാകാനുള്ള ഒരു യുവാവ് ഉറച്ച ഒരു തീരുമാനമെടുത്ത് ദൈവത്തിനും സഹജീവികള്‍ക്കും സേവനത്തിനായി ആല്‍മീയമായി സ്വയം സമര്‍പ്പിക്കുന്നതിനനുസരിച്ചാണ് അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി ഇടവക വികാരിമാരുടെ മദ്ധ്യസ്ഥനായ വി. ജോണ്‍ മരിയാ വിയാനി നല്‍കുന്ന സന്ദേശവും ഇതാണ്.

ബ്രദര്‍ തങ്കച്ചന്‍ തുണ്ടിയില്‍

You must be logged in to post a comment Login