വിശുദ്ധരുടെ സ്ത്രീസൗഹൃദങ്ങള്‍

വിശുദ്ധരുടെ സ്ത്രീസൗഹൃദങ്ങള്‍

slace

ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും പരിപൂര്‍ണ്ണയായ സ്ത്രീയാണ് മാഡം ദ ചാന്റല്‍. – വിശുദ്ധ ഫ്രാന്‍സിസ് ദ സാലസ്

 

അപൂര്‍വ്വമായ ഒരു സൗഹൃദത്തിന്റെ പൊന്‍നൂലുകളാല്‍ കൂട്ടിനെയ്യപ്പെട്ടിരിക്കുന്ന കഥയാണ് വിശുദ്ധ ഫ്രാന്‍സിസ് ദ സാലസും വിശുദ്ധ ജെയ്ന്‍ ഫ്രാന്‍സിസ് ദ ചാന്റലും തമ്മിലുളളത്. 1572 ജനുവരി 28 ന് ഫ്രാന്‍സിലെ ഡിജോനിലാണ് ജെയ്ന്‍ ജനിച്ചത്. ഉന്നതകുലജാത. ബര്‍ഗുണ്ടിയിലെ പാര്‍ലമെന്റിന്റെ പ്രസിഡന്റായിരുന്നു പിതാവ്. അമ്മ നന്നേ ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു.

ഇരുപതാം വയസില്‍ പ്രണയഭാജനമായ ബാരോണ്‍ ദ ചാന്റലിനെ വിവാഹം ചെയ്തു. ആ ദമ്പതികള്‍ക്ക് നാല് മക്കളുമുണ്ടായി. സന്തുഷ്ടകരമായ ദാമ്പത്യജീവിതത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തി ബാരോണ്‍ ഒരു അപകടത്തില്‍പെട്ട് മരണമടയുമ്പോള്‍ ജെയ്‌ന് 28 വയസ് മാത്രമായിരുന്നു പ്രായം.

രണ്ടാമതൊരു വിവാഹം വേണ്ടെന്ന് അവള്‍ തീരുമാനിച്ചു. ഭര്‍ത്താവിന്റെ എസ്റ്റേറ്റിന്റെ നടത്തിപ്പ്, മക്കളെ വളര്‍ത്തല്‍, ഇങ്ങനെ കുടുംബനാഥയുടെയും അമ്മയുടെയും ചുമതലകള്‍ അവള്‍ക്ക് നിര്‍വഹിക്കാനുണ്ടായിരുന്നു. അതോടൊപ്പം ദരിദ്രരെയും അഗതികളെയും ശുശ്രൂഷിക്കുകയും അവര്‍ക്ക് ഭക്ഷണം നല്കുകയും ചെയ്യുക എന്ന ഉത്തരവാദിത്ത്വവും സ്വമേധയാ ജെയ്ന്‍ നിര്‍വഹിച്ചുപോന്നു.

പ്രാര്‍ത്ഥനയിലും പരിത്യാഗപ്രവൃത്തികളിലുമായി ജീവിതം മുന്നോട്ടു പോകവെ ശുദ്ധതയില്‍ എക്കാലവും നിലനില്ക്കുന്നതിനായി അവള്‍ ചാരിത്രവ്രതം എടുക്കുകയും ചെയ്തു. ആത്മീയ വഴികളിലൂടെ മുന്നോട്ടുപോകാനാണ് അവള്‍ ആഗ്രഹിച്ചത്. ഒരു കന്യാസ്ത്രീയായിത്തീരുക എന്നതായിരുന്നു അവളുടെ സ്വപ്നം.
തന്നെ നയിക്കാന്‍ കഴിയത്തക്കവിധത്തിലുള്ള ഒരു ആത്മീയപിതാവിനെ ലഭിക്കുന്നതിനായി അവള്‍ തീക്ഷ്്ണമായി പ്രാര്‍ത്ഥനയിലേര്‍്‌പ്പെട്ടു. അത്തരമൊരു ദിവസം ഒരു ദര്‍ശനത്തില്‍ ദൈവം അവള്‍ക്ക് ഒരു വ്യക്തിയെ കാണിച്ചുകൊടുത്തു.
1604 ലെ നോമ്പുകാലത്ത് സ്വപിതാവിനെ സന്ദര്‍ശിക്കാനായി ഡിജോനിലേക്ക് യാത്രയായ ജെയ്ന്‍ അവിടെ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് ദ സാലസിനെ അവിചാരിതമായി കാണാനിടയായി. ജനീവയിലെ മെത്രാനായിരുന്നു അദ്ദേഹം അപ്പോള്‍.

സ്വപ്‌നത്തില്‍ താന്‍കണ്ട ആളാണ് അതെന്ന് മനസ്സിലായപ്പോള്‍ തന്റെ ആത്മീയാന്വേഷണത്തിന് പരിസമാപ്തിയായതായി അവള്‍ക്ക് തോന്നി. അന്നുമുതല്‍ ഫ്രാന്‍സിസ്
സാലസും ജെയ്‌നും തമ്മില്‍ വ്യത്യസ്തവും അഗാധവുമായ ഒരു ബന്ധം ആരംഭിക്കുകയായിരുന്നു.
മുപ്പത്തിരണ്ടാം വയസിലായിരുന്നു ജെയ്ന്‍ ഫ്രാന്‍സിസ് സാലസുമായി കണ്ടുമുട്ടിയത്. രണ്ട് വിശുദ്ധര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആരംഭമായിരുന്നു അത്. നിരവധി കത്തുകള്‍ ഇരുവരും തമ്മില്‍ അക്കാലത്ത് എഴുതുകയുണ്ടായിട്ടുണ്ട്. ആത്മീയപരിപാകതയും ആത്മീയസമ്പന്നതയും വെളിവാക്കുന്ന ആ കത്തുകളില്‍ കുറെയധികം ഇന്ന് ലഭ്യമാണ്. എന്നാല്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.

1610 ല്‍ ആനീസിയിലേക്ക് ജെയ്ന്‍ യാത്രയായി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഒരുസഭ സ്ഥാപിക്കാന്‍ ദൈവം തന്നെ വിളിക്കുന്നതായി അവള്‍ വിശ്വസിച്ചു. ഫ്രാന്‍സിസുമായുള്ള കണ്ടുമുട്ടലിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ത്രീകള്‍ക്കായി ഒരു സഭ സ്ഥാപിക്കാനുള്ള തന്റെ ആലോചനയെക്കുറിച്ച് സാലസ് ജെയ്‌നെ അറിയിക്കുകയുണ്ടായി. അതിന്റെ ഉത്തരവാദിത്വം അദ്ദേഹം ജെയ്‌നെയാണ് ഏല്പിച്ചത്.

ക്രിസ്ത്യന്‍ പരിപൂര്‍ണ്ണതയില്‍ ജീവിക്കാനുള്ള ഒരു രീതിയായിരുന്നു അത്.ആവൃതിയില്‍ ഒതുങ്ങിനില്്ക്കാതെ കാരുണ്യത്തിന്റെ പ്രവൃത്തികളുമായി ദരിദ്രരെയും അഗതികളെയും ആശ്വസിപ്പിച്ച മദര്‍ തെരേസുടെ സേവനവുമായി ബന്ധമുള്ളതായിരുന്നു അത്. അക്കാലത്തുണ്ടായിരുന്ന മതപരമായ രീതികളില്‍ നിന്ന് എല്ലാം അവ വ്യത്യസ്തവുമായിരുന്നു. അതുകൊണ്ടുതന്നെ നിരവധി എതിര്‍പ്പുകളും അവര്‍ക്ക് നേരിടേണ്ടിവന്നു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ വിസിറ്റേഷന്‍ എന്നാണ് ഇവരുടെ സമൂഹം അറിയപ്പെട്ടത്.

മൂന്ന് സ്ത്രീകളുമായാണ് സഭ തുടങ്ങിയത്. അന്ന് നാല്പത്തിയഞ്ച് വയസായിരുന്നു ജെയ്‌ന് പ്രായം. ഫ്രാന്‍സിസ് സാലസിന്റെ പ്രശസ്തമായ കൃതി ട്രീറ്റിസ് ഓണ്‍ ദ ലവ് ഓഫ് ഗോഡ് ഈ സമൂഹത്തിന് വേണ്ടി അദ്ദേഹം എഴുതിയതാണ്.

അപരിഹാര്യമായ സഹനങ്ങളിലൂടെയാണ് പില്ക്കാലത്ത് ജെയ്‌ന്റെ ജീവിതം കടന്നുപോയത്. സാലസ് ദിവംഗതനായി. മകന്‍ കൊല്ലപ്പെട്ടു. ഫ്രാന്‍സില്‍ പടര്‍ന്ന് പിടിച്ച പ്ലേഗ്ബാധയില്‍ മരുമകളും മരുമകനും മരണമടഞ്ഞു..അതിനൊക്കെ പുറമെ ആത്മീയമായ വരള്‍ച്ചയും ആത്മാവിന്റെ ഇരുണ്ട ദിനരാത്രങ്ങളും കടന്നുപിടിച്ചു. ആത്മാവിന്റെ ചൈതന്യത്തെ തന്നെ കാര്‍ന്നുതിന്ന ദിനങ്ങള്‍..

1641 ഡിസംബര്‍ 13 ന് അറുപത്തിയൊന്‍പതാം വയസിലാണ് ജെയ്ന്‍ സ്വര്‍ഗ്ഗപ്രാപ്തയായത്. ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പ 1751 നവംബര്‍ 21 ന് വാഴ്ത്തപ്പെട്ടവളായും 1767 ജൂലൈ 16 ന് പോപ്പ് ക്ലമെന്റ് പതിമൂന്നാമന്‍ വിശുദ്ധയായും ജെയ്‌നെ പ്രഖ്യാപിച്ചു. ഓഗസ്്റ്റ്
12 നാണ് ഈ വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.
Jane-de-Chantal

You must be logged in to post a comment Login