“വിശുദ്ധ കുർബാന സ്വീകരിച്ചു വരികയാണ് ഞാൻ. എന്റെയുള്ളിൽ ഈശോയുണ്ട്

image

ആദ്യത്തെ കുർബാനയിൽ തന്നെ പങ്കുകൊള്ളണം എന്ന് നിർബന്ധമായിരുന്നു മിനിക്ക്; അസ്ഥിതുളയ്ക്കുന്ന തണുപ്പുള്ള വിന്റർ സീസണിലും അതുതന്നെ ആയിരുന്നു അവളുടെ ചിട്ട. മഞ്ഞുവീണു കിടക്കുന്ന ദിവസങ്ങളിലും അത് മുടങ്ങിയില്ല.ഭർത്താവിനെയും മക്കളെയും ഒരു ഹെഡ്മിസ്ട്രസ്സിന്റെ നിർബന്ധ ബുദ്ധിയോടെ അവൾ പള്ളിയിലേക്ക് നയിക്കും.
മക്കൾ ചോദിക്കും: “പതിനൊന്നു മണിക്കും കുർബാന ഇല്ലേ? പള്ളിയും അവിടെത്തന്നെ കാണില്ലേ?”
ഞാൻ ഞായറാഴ്ചകളിൽ അനുസരണയുള്ള ഒരു ഭർത്താവ് ആവാറാണ് പതിവ്. ഞങ്ങളുടെ ദേവാലയത്തിലെ ‘യൂക്കരിസ്റ്റിക് മിനിസ്റ്റെഴ്സ്’ ആയിരുന്നു ഞങ്ങൾ. മൂന്ന് ആഴ്ചയിൽ ഒരിക്കലാണ് ഞങ്ങളുടെ ഊഴം വരിക. വൈദീകനൊപ്പം അൾത്താരയിൽ ദിവ്യകാരുണ്യവും തിരുരക്തവും നൽകുകയാണ് ദൗത്യം. തലേന്നു തന്നെ മിനി അതിനുവേണ്ടി പ്രാർഥിച്ചും ഉപവസിച്ചും തുടങ്ങും. ഇത്രമാത്രം ‘വെപ്രാളം’ എന്തിനെന്നു ഞാൻ പോലും ഒരിക്കൽ ചോദിച്ചിട്ടുണ്ട്.
“അയോഗ്യയായ ഞാൻ ഈശോയെ സ്വന്തം കൈകൊണ്ട് എടുത്തു നല്കുകയല്ലേ?” എന്നായിരുന്നു മറുചോദ്യം!
ഇംഗ്ലണ്ടിൽ കാറ്റും മഴയുമുള്ള മറ്റൊരു ഒരു ഞായറാഴ്ച ആയിരുന്നു അത്. കനത്ത കാറ്റിനെ ഭയന്ന് വിമാനങ്ങൾ പോലും റദ്ദാക്കിയ ഒരു ദിനം. നടത്തത്തിനും ഓട്ടത്തിനും ഇടയിലുള്ള ഒന്നാണ് അവളുടെ പള്ളിയിലേക്കുള്ള സഞ്ചാരം. ഒപ്പം നടന്നെത്താൻ അല്പം പ്രയാസം.
ഞാൻ അമേരിക്കയിൽ ആയിരുന്നു അന്ന്. മക്കൾ രണ്ടുപേരും വൈകുന്നേരത്തെ കുർബാനയ്ക്കാണു പോകുന്നതെന്ന് തീർച്ചപ്പെടുത്തിയിരുന്നു! കാരണമുണ്ട്; ചാർറ്റേഡ് അക്കൌണ്ടൻസി പഠിക്കുന്ന മൂത്തമകന് ഉച്ചവരെ ക്ലാസ് ഉണ്ട്. അവനോടൊപ്പം വൈകുന്നേരം ദിവ്യബലിക്ക് പോകാമെന്ന് ഇളയവനും അന്ന് വാശിപിടിച്ചു.
മിനി നേരത്തെതന്നെ പള്ളിയിൽ എത്തി. ഞങ്ങളുടെ പള്ളിയിൽ എല്ലാകാര്യങ്ങളിലും സഹായിക്കുന്ന വ്യക്തിയാണ് റെജിനാൾഡ് അബ്രഹാംസ്. ഒരു ഐടി കമ്പനിയുടെ സീനിയർ മാനേജർ ആയ റെജ് ഡീക്കൻ പട്ടത്തിനു കൂടി പഠിക്കുകയാണ്. അത്രയേറെ സഭയെ സ്നേഹിക്കുന്ന ആളാണ്‌ അദ്ദേഹം.
പള്ളിയുടെ ആദ്യവാതിൽ കടന്ന മിനി നിലത്തുമുട്ടുകുത്തുന്നത് ആണ് റെജ് കണ്ടത്. അതെന്താ അങ്ങനെയെന്നു ചിന്തിക്കും മുൻപേ അവൾ മുഖം കുത്തി നിലത്തു വീണു. ഒരു സ്രാഷ്ടാംഗപ്രണാമം പോലെ! അദ്ദേഹം ഓടി അടുത്തുവന്നു. കയ്യിൽപിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കുമ്പോൾ ശരീരം കുഴഞ്ഞുപോകുന്നതായി അറിഞ്ഞു. പെട്ടെന്ന് തന്നെ അദ്ദേഹം മൊബൈൽ ഫോണിൽ ആംബുലൻസ് സർവീസിനെ വിളിച്ചു. ഏതു ദുരന്തത്തിലും ഞൊടിയിടയിൽ ഓടിഎത്തുന്നതാണ് ഇംഗ്ലണ്ടിലെ ആംബുലൻസ് സർവീസ്‌.
മാത്യൂ ഹെസ്ലിൻ എന്നാണ് ഞങ്ങളുടെ വികാരിയുടെ പേര്. ആ ഞായറാഴ്ച അദ്ദേഹം സന്നിഹിതനായിരുന്നില്ല. അദ്ധേഹത്തിന്റെ പിതാവ് തളർന്നു വീണതിനാൽ ജന്മനാടായ അയർലണ്ടിലേക്ക് പോയിരിക്കുകയാണ് അദ്ദേഹം. അയർലണ്ടിലെ ഒരു പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുന്ന എണ്‍പത്കഴിഞ്ഞ ഒരു വൈദീകനാണ് പകരം എത്തിയിട്ടുള്ളത്. കാനൻ ഡെന്നീസ് ഓ’മാലി.
ദേവാലയത്തിൽ വന്നെത്തിയിട്ടുള്ള ജനങ്ങളോട് അദ്ദേഹം ചോദിച്ചു: “നിങ്ങൾക്കിടയിൽ ഡോക്ടർമാർ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ പെട്ടെന്ന് പോർച്ചിലേക്കു വരിക. ഒരു സ്ത്രീ തളർന്നു വീണിരിക്കുന്നു”
ആദ്യം പുറത്തെത്തിയതു മാത്യൂ എന്ന ‘മാറ്റ്’ ആണ്. ഒക്സ്ഫോർഡിലെ മെഡിക്കൽ സ്കൂളിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ മിടുക്കൻ. അദ്ദേഹം മിനിക്ക് കൃത്രിമശ്വാസം നല്കിത്തുടങ്ങി. മറ്റുരണ്ടു മുതിർന്ന ഡോക്ടർമാരും കുർബാനയ്ക്ക് എത്തിയിരുന്നു. അവരും പുറത്തേയ്ക്ക് വന്നു മാറ്റിനെ സഹായിച്ചുതുടങ്ങി.
കൃത്യം എട്ടാംമിനിറ്റിൽ ആദ്യത്തെ ആംബുലൻസ് എത്തി; നിമിഷങ്ങൾക്കുള്ളിൽ രണ്ടാമതൊന്നും. പാരാമെഡിക്കൽ സ്റ്റാഫ് ദൗത്യം ഏറ്റെടുത്തു. മിനിയുടെ ഉള്ളിൽ ജീവന്റെ തുടിപ്പുകൾ ഉണ്ട്; പക്ഷെ, ശരീരം പ്രതികരിക്കുന്നില്ല. ശരീരം പ്രതികരിച്ചുതുടങ്ങിയാൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റാം.
ഇതിനിടയിൽ ദിവ്യബലി തുടങ്ങിയിരുന്നു കാനൻ ഓ’മാലി.
കുർബാനയിൽ വചനവായന തുടങ്ങി. സുവിശേഷം വായിച്ചു തീർന്നപ്പോൾ ആ വൈദീകൻ ഒരു പ്രവചനം പോലെ പറഞ്ഞു: “അവൾക്ക് അന്ത്യകൂദാശ നല്കാൻ സമയമായിരിക്കുന്നു!”
സക്രാരി തുറന്ന് അദ്ദേഹം ദിവ്യകാരുണ്യം എടുത്തു. സങ്കീർത്തിയിൽ നിന്ന് അന്ത്യകൂദാശയ്ക്കുള്ള മൂറോൻ തൈലവും.
അത് കത്തോലിക്കാ സഭയിൽ അസാധാരണമാണ്. വിശുദ്ധ കുർബാനയുടെ ഇടയിൽ അന്ത്യകൂദാശ! അത് സംഭവിക്കുകയാണ്. കൃതൃമശ്വാസം നൽകിക്കൊണ്ടിരിക്കുന്ന രോഗിക്ക് മറ്റു യാതൊന്നും നൽകാൻ പാടില്ലെന്നാണ് വൈദ്യശാസ്ത്രത്തിന്റെ ചട്ടം. ഈ ദേവാലയത്തിൽ അതും സംഭവിക്കുകയാണ്.
ദിവ്യകാരുണ്യത്തെ അത്രമേൽ ആരാധിച്ച മിനിയെ തേടി സക്രാരിയിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നു ദൈവം.
കുറച്ചുനാൾ മുൻപുള്ള ഒരു ഞായറാഴ്ച്ച കുർബാന ഓർമ്മിക്കുന്നു ഞാൻ. ദേവാലയത്തിൽ നിന്നും മടങ്ങുംവഴി ഞാനൊരു കുസൃതി പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു: “വിശുദ്ധ കുർബാന സ്വീകരിച്ചു വരികയാണ് ഞാൻ. എന്റെയുള്ളിൽ ഈശോയുണ്ട്. ഒരു സക്രാരിപോലെയാണ് ഞാനിപ്പോൾ. എന്നോട് ആ ബഹുമാനവും ആദരവും കാട്ടണം.”
ദിവ്യകാരുണ്യത്തെക്കുറിച്ച് ഞാൻ എഴുതിയ ‘എന്റെ ഓർമ്മക്കായി’ എന്ന പുസ്തകത്തിന്റെ മുഖവുരയിൽ ഞാനിക്കാര്യം പരാമർശിച്ചിട്ടുണ്ട്.
ദിവ്യകാരുണ്യം എന്നും അവളുടെ ആശ്രയമായിരുന്നു; എല്ലാ മധ്യസ്ഥപ്രാർഥനകളും അവൾ നാഥന് സമർപ്പിക്കുന്നത് ദിവ്യകാരുണ്യതിൽ ആയിരുന്നു.
ദൈവവുമായി നേരിട്ടു സംസാരിക്കുന്ന വേളകളായിരുന്നു അവൾക്കു ദിവ്യകാരുണ്യസ്വീകരണവും ആരാധനയും.
മിനി ദേവാലയത്തിൽ വീഴുമ്പോൾ മറ്റൊരു മലയാളി കുടുംബം അവിടെ സന്നിഹിതരായിരുന്നു; ഞങ്ങളുടെ ഇടവകയിൽ തന്നെയുള്ള സണ്ണിയും ഷീബയും അവരുടെ മകൻ കിക്കുവും.
സംഭവം അറിഞ്ഞ കിക്കു ഉടനടി ഞങ്ങളുടെ വീട്ടിൽ എത്തി. ഇളയമകൻ അപ്പു ഉടനടി പള്ളിയിൽ എത്തി. മിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിൽ അപ്പുവിനു പുറമേ കിക്കുവും ഡോ. മാറ്റും ഉണ്ടായിരുന്നു. ആംബുലൻസിൽ വച്ച് ഒന്നുരണ്ടുവട്ടം ഹൃദയം മിടിച്ചുവെന്നു പറയുന്നു ഇവർ. പാരാമെഡിക്കൽ സ്റ്റാഫിന്റെ മുഖത്തും പ്രതീക്ഷയുടെ തിളക്കം.
ആക്സിഡെന്റ് ആൻഡ്‌ എമെർജെൻസി വിഭാഗത്തിൽ എത്താൻ വേണ്ടിവന്നത് പത്തുമിനിട്ടിൽ കുറവു സമയം.
പുറത്ത് വെയ്റ്റിംഗ് റൂമിൽ കാത്തിരിക്കുകയാണ് അപ്പുവും അവനൊപ്പം വന്നവരും. പുറത്തേയ്ക്ക് വരുന്ന ഡോക്ടർമാർ ഒന്നും മിണ്ടുന്നില്ല. വല്ലാതെ ഭയന്ന് പോയിരുന്നു അപ്പു അപ്പോൾ. അവന്റെ പിതാവ് അമേരിക്കയിലാണ് അപ്പോൾ. ജേഷ്ഠൻ ലണ്ടൻ സിറ്റിയിലേക്കുള്ള യാത്രയിലും. രണ്ടുപേരുടെയും മൊബൈലുകൾ ലഭിക്കുന്നേയില്ല. നിരാശയോടെ തലകുമ്പിട്ടിരുന്നു കരഞ്ഞു ആ പതിനേഴുകാരൻ. അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ നിമിഷങ്ങളാണ് അത്.
അവൻ അപ്പനും ജേഷ്ടനും ഓരോ മെസ്സജുകൾ അയച്ചു. “മം കൊളാപ്സ്ഡ്‌ ഇൻ ദി ചർച്ച്; പ്ലീസ് കോണ്ടാക്റ്റ് ഇമ്മീഡിയറ്റ്ലി”.
ലണ്ടനിലെ അണ്ടർഗ്രൗണ്ട് റെയിൽവേയുടെ പേര് ട്യൂബ് എന്നാണ്; ലണ്ടൻ നഗരത്തിനടിയിലൂടെ തലങ്ങും വിലങ്ങുമുള്ള തുരങ്കങ്ങളിൽ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ട്യൂബ് ട്രെയിനുകൾ. അത്തരമൊരു ട്രെയ്നിൽ ആയിരുന്നു ആഷിക് അപ്പോൾ. ലിവർപൂൾ സ്ട്രീറ്റ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് അവനു സന്ദേശം കിട്ടിയത്. ഉള്ളിൽ ഒരാന്തലോടെ അവൻ അനുജനെ തിരികെ വിളിച്ചു.
പലപ്പോഴും ഇല്ലാത്ത ധൈര്യം ഉണ്ടെന്നു ഭാവിക്കാറുണ്ട്കൌമാരം കടക്കുന്ന കുട്ടികൾ. ഒരിക്കലും കരയാത്ത അപ്പുവിന്റെ വിതുമ്പലിനു മുന്നിൽ ആപത് സൂചന അറിഞ്ഞു അവൻ. ഹൃദയം ഒരു കൂപ്പുകൈ ആക്കി മാറ്റി ആഷിക്. അടുത്ത ട്രെയിനിൽ അവൻ വീട്ടിലേയ്ക്ക്. ഹില്ലിംഗ്ടൻ സ്റ്റേഷനിൽ അവൻ എത്തുമ്പോൾ അവനെ കാത്ത് കാറുമായി കിക്കു.
“വാട്ട് ഹാപ്പെൻഡ് റ്റു മൈ മം?” ശാന്തതയോടെ അവൻ ചോദിച്ചു.
“ആഷിക്, ഷീ ഈസ്‌ ഇൻ എ കോമ; ഡോക്ടേഴ്സ് ആർ ട്രയിംഗ് ദെയർ ലെവൽ ബെസ്റ്റ്.”
“ഓ, മൈ ജീസസ്” ആഷിക് അത്രയേ പറഞ്ഞുള്ളൂ.
അവൻ ആശുപത്രിയിൽ എത്തുമ്പോൾ ആക്സിഡെന്റ് ആൻഡ്‌ എമേർജന്സി വിഭാഗത്തിനു മുന്നിൽ മലയാളികളുടെ കൂട്ടം. അതിൽ പലരേയും അടുത്തറിയാം അവന്; ചുരുക്കം ചിലർ മാത്രം അപരിചിതർ.

.

You must be logged in to post a comment Login