വിശുദ്ധ ചാര്‍ബെല്ലിന്റെ തിരുശേഷിപ്പിന് മുമ്പില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അന്ധസ്ത്രീക്ക് കണ്ണുകള്‍ തുറന്നുകിട്ടി

വിശുദ്ധ ചാര്‍ബെല്ലിന്റെ തിരുശേഷിപ്പിന് മുമ്പില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അന്ധസ്ത്രീക്ക് കണ്ണുകള്‍ തുറന്നുകിട്ടി

അവളുടെ പേര് ഡാഫിനെ ഗ്വിറ്റെറെസ്. മൂന്നു മക്കളുടെ അമ്മയായ അന്ധ സ്ത്രീ. അരിസോണയിലാണ് താമസം. നേരത്തെ അവളുടെ കണ്ണുകള്‍ക്ക് കാഴ്ചയുണ്ടായിരുന്നു. പക്ഷേ പെട്ടെന്നൊരു ദിവസം അതില്ലാതെയായി. എന്നാല്‍ ഇപ്പോഴിതാ അവള്‍ക്ക് വീണ്ടും കാഴ്ച ലഭിച്ചിരിക്കുന്നു.

കഴിഞ്ഞ മാസം അവസാനമാണ് ഈ അത്ഭുതം നടന്നത്. ഫിനീക്‌സിലെ സെന്റ് ജോസഫ് മാരോനൈറ്റ് കത്തോലിക്കാ ചര്‍ച്ചില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു അവള്‍. വിശുദ്ധ ചാര്‍ബെല്ലിന്റെ തിരുശേഷിപ്പ് ഉയര്‍ത്തി വിശ്വാസികളെ ഇടവകവൈദികന്‍ ആശീര്‍വദിക്കുന്ന സമയത്ത് അവിടെ ഒരത്ഭുതം സംഭവിച്ചു.

ഡാഫിനെയുടെ വാക്കുകളില്‍ നിന്ന്: ആരോ എന്നെ തൊടുന്നതുപോലെ എനിക്ക് തോന്നി. പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയായിരുന്ന ഞാന്‍ കണ്ണുകള്‍ വലിച്ചുതുറന്നു. എനിക്ക്കാഴ്ചകള്‍ വ്യക്തമായി തോന്നിയില്ല. പക്ഷേ എനിക്ക് നിഴലുപോലെ എന്തോ കാണാന്‍ കഴിയുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ എന്റെ നാത്തൂനോട് പറഞ്ഞു, എനിക്ക് ഇപ്പോള്‍ നിന്നെ കാണാം.. അത് വല്ലാത്തൊരു നിമിഷമായിരുന്നു.

രണ്ടുവര്‍ഷം മുമ്പായിരുന്നു അവളുടെ ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടത്. വൈകാതെ മറ്റേ കണ്ണിന്റെയും കാഴ്ച നഷ്ടമായി. അതോടെ കുടുംബകാര്യങ്ങള്‍ നോക്കാനോ മക്കളുടെ കാര്യം നോക്കാനോ കഴിയാതെയായി.

ഈ ഒരു സാഹചര്യത്തിലാണ് വിശുദ്ധ ചാര്‍ബെലിന്റെ തിരുശേഷിപ്പ് ഇടവകപ്പള്ളിയിലെത്തുന്ന കാര്യം നാത്തൂനറിഞ്ഞത്. മെക്‌സിക്കോയില്‍ വച്ച് വിശുദ്ധ ചാര്‍ബെല്‍ അന്ധനായകുട്ടിക്ക് കാഴ്ച കൊടുത്ത കാര്യം നാത്തൂന്‍ കേട്ടിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഇരുവരും തിരുശേഷിപ്പ് വണങ്ങാനെത്തിയതും അവള്‍ക്ക് കാഴ്ച കിട്ടിയതും.

എനിക്ക് ദൈവം കാഴ്ച തിരികെ തന്നതിന് ഒരു കാരണമുണ്ടാവും. മറ്റുള്ളവരെ സഹായിക്കുക. ഞാന്‍ എന്റെ ഈ സാക്ഷ്യം ലോകത്തോട് മുഴുവന്‍ വിളിച്ചുപറയും. വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക. സൗഖ്യം പ്രാപിക്കണമെങ്കില്‍ തീര്‍ച്ചയായും കുമ്പസാരം അത്യാവശ്യമാണ്.  ഡാഫിനെ ഓര്‍മ്മിപ്പിക്കുന്നു.

ബി

You must be logged in to post a comment Login