വിശുദ്ധ ജോണ്‍ പോള്‍ പാപ്പയുടെ പ്രിയപ്പെട്ട കേക്ക്

വിശുദ്ധ ജോണ്‍ പോള്‍ പാപ്പയുടെ പ്രിയപ്പെട്ട കേക്ക്

1938ല്‍ ക്രക്കൗവിലെ പ്രസിദ്ധമായ ജഗില്ലോനിയന്‍ യൂണിവേഴ്‌സിറ്റിയില്‍  പഠിക്കാനായി പോകുന്നതു വരെ പോളണ്ടിലെ വഡോവിസെയിലെ പരിമിതമായ സാഹചര്യങ്ങളിലാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വളര്‍ന്നു വന്നത്. പിന്നീട് മാര്‍പാപ്പയായി 1999ല്‍ തന്റെ ജന്മനാട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കുട്ടിക്കാലത്തെ ഇഷ്ടപ്പെട്ട പലഹാരമായ ക്രിമൗക്ക എന്ന കേക്കിനെക്കുറിച്ച് മാര്‍പാപ്പ സ്വന്തം നാട്ടുകാരോട് പറഞ്ഞു. കൈയ്യിലുള്ള പണം സൂക്ഷിച്ചു വച്ച് സ്‌കൂള്‍ വിട്ട് കൂട്ടുകാര്‍ക്കൊപ്പം സ്‌കൂളിനു സമീപമുള്ള ബേക്കറിയില്‍ നിന്നും ക്രീം കേക്ക് പണ്ട് വാങ്ങുന്ന കാര്യവും കൂട്ടത്തില്‍ പാപ്പ നാട്ടുകാരോട് പങ്കുവച്ചു. അതോടെ അന്നാട്ടുകാരുടെ ബേക്കറികളില്‍ കാണുന്ന സാധാരണ പലഹാരങ്ങളില്‍ ഒന്നുമാത്രമായിരുന്ന ക്രിമൗക്ക കേക്കിന്റെ തലവര പാപ്പ മാറ്റി വരച്ചു.

മാര്‍പാപ്പയുടെ പ്രസ്താവനയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം പോളണ്ടിലെ എല്ലാ ബേക്കറികളും ക്രിമൗക്ക കേക്കു കൊണ്ട് നിറഞ്ഞു. മാത്രമല്ല , അതുവരെ ക്രിമൗക്ക എന്ന് മാത്രമറിഞ്ഞിരുന്ന കേക്ക് അപ്പോള്‍ മുതല്‍ “പാപ്പ കേക്ക്” എന്നറിയപ്പെടാന്‍ തുടങ്ങി.

ഇന്ന് ജോണ്‍ പോള്‍ പാപ്പയുടെ ജന്മനാട്ടിലേക്കും വഡോവിസെലയിലെ പാപ്പയുടെ ജ്ഞാനസ്‌നാന ദേവാലയം സന്ദര്‍ശിക്കാന്‍ എത്തുന്നവരും തങ്ങളുടെ തീര്‍ത്ഥയാത്ര അവസാനിപ്പിക്കുന്നത് ഒരു “പാപ്പ കേക്ക്” രുചിച്ചാണ്.

You must be logged in to post a comment Login