വിശുദ്ധ പാപികള്‍ – 2 ‘ഈജിപ്തിലെ വിശുദ്ധ മേരി’

വിശുദ്ധ പാപികള്‍ – 2  ‘ഈജിപ്തിലെ വിശുദ്ധ മേരി’

st-mary1ഒരു സ്ത്രീയുടെ വഴിതെറ്റലിന്റെയും പ്രലോഭനങ്ങളുടെയും ആസക്തികളുടെയും ജീവിതകഥയാണ് ഈജിപ്തിലെ വിശുദ്ധ മേരി പറയുന്നത്. എത്ര വലിയ പാപിക്കും ദൈവത്തിലേക്ക് തിരികെ വരാന്‍ സാധ്യതകളുണ്ട് എന്നും അനുബന്ധമായി ഈ ജീവിതം നമുക്ക് പറഞ്ഞുതരുന്നു. ഈജിപ്തിലെ ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മേരി പന്ത്രണ്ടാമത്തെ വയസില്‍, കാറ്റ് ഇലകളെ അപഹരിച്ചുകൊണ്ടുപോകുന്നതുപോലെ ശാരീരികപ്രലോഭനങ്ങളുടെ കൊടുങ്കാറ്റില്‍ ഇളകി സ്വഭീഷ്ടപ്രകാരം ജീവിക്കുന്നതിനായി അലക്‌സാഡ്രിയായിലേക്ക് യാത്രയായി. അവിടെ അവള്‍ തനിക്കിഷ്ടമുള്ളതുപോലെ ജീവിച്ചു.

പലരും ധരിച്ചുവശായിരിക്കുന്നതുപോലെ മേരി ഒരിക്കലും വേശ്യയായിരുന്നില്ല. അംഗീകൃതവും ആധികാരികവുമായ അവളുടെ ജീവചരിത്രത്തിന്റെ കര്‍ത്താവ് രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ആരോടും പണം വാങ്ങിയിട്ടായിരുന്നില്ല അവള്‍ ശരീരം വിട്ടുകൊടുത്തിരുന്നത്. മറിച്ച് തനിക്ക് സന്തോഷം തരുന്നതെന്തോ അതവള്‍ സൗജന്യമായി നല്കുകയായിരുന്നു.

ഇങ്ങനെ ജീവിച്ചുവരവെ ഒരു കാഴ്ച അവളുടെ അന്നുവരെയുള്ള ലോകത്തെ മാറ്റിമറിക്കാന്‍ കാരണമായിത്തീര്‍ന്നു. വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനത്തിലേക്ക് പോകുന്ന ഒരു സംഘത്തെ കണ്ടതായിരുന്നു അത്. മേരിയും ആ സംഘത്തിന്റെ ഒപ്പം ചേര്‍ന്നു. നല്ല ഉദ്ദേശ്യമൊന്നുമായിരുന്നില്ല അവളുടേത്. ജറുസലെമിലെ ദേവാലയത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും ഒരു ശക്തി തന്നെ പുറത്തോട്ട് വലിച്ചുകൊണ്ടുപോകുന്നതുപോലെ അവള്‍ക്കനുഭവപ്പെട്ടു. അപ്പോഴാണ് മാതാവിന്റെ തിരുസ്വരൂപം അവള്‍ കണ്ടത്. ” അമ്മേ എന്നെ രക്ഷിക്കൂ.. എനിക്ക് മറ്റാരും സഹായത്തിനില്ല.” അവളുടെ ഹൃദയം നൊന്ത അപേക്ഷയ്ക്ക് ഉടന്‍തന്നെ മറുപടി കിട്ടി. പിടിമുറുക്കിയിരുന്ന ശക്തി അവളെ വിട്ടുപോയി. മേരിക്ക് പള്ളിയില്‍ കയറാന്‍ സാധിച്ചു. അവള്‍ കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തു. അവിടെ മേരിയുടെ പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു.

തിരികെ മടങ്ങിയെത്തിയ മേരി ജോര്‍ദാന്‍ നദിയുടെ അക്കരെയുള്ള മരുഭൂമിയില്‍ ഏകാന്തവാസത്തിലും തപസിലും മുഴുകി പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്തും പുണ്യപദം പൂകി. വലിയൊരു കൊടുങ്കാറ്റ് ഒഴിഞ്ഞുപോയതുപോലെയുള്ള ശാന്തതയില്‍ അവള്‍ പിന്നീട് ജീവിച്ചു.

You must be logged in to post a comment Login