വിശുദ്ധ ബ്രിജീത്തയുടെ മകള്‍

നെരീസിയായിലെ രാജകുമാരന്റെയും സ്വീഡനിലെ വിശുദ്ധ ബ്രിജീത്തിന്റെയും മകളായിരുന്നു സ്വീഡനിലെ വിശുദ്ധ കാതറീന്‍. 1322 ലായിരുന്നു ജനനം. ചെറുപ്പം മുതല്‌ക്കേ ആത്മീയതയിലും ഭക്ത്യാനുഷ്ഠാനങ്ങളിലും നിഷ്ഠയുള്ളവളായിരുന്നു കാതറീന്‍.

ഏഴാം വയസില്‍ റിസ്ബര്‍ഗിലുള്ള കോണ്‍വെന്റില്‍ അവിടുത്തെ സന്ന്യാസിനികളുടെ ശിക്ഷണത്തില്‍ ആത്മീയകാര്യങ്ങള്‍ അവള്‍ അഭ്യസിച്ചുതുടങ്ങി. അതിസുന്ദരിയായിരുന്നു കാതറിന്‍.

പിതാവിന്റെ നിര്‍ബന്ധത്താല്‍ വിവാഹിതയായെങ്കിലും ഭര്‍ത്താവിനോട് അവള്‍ ആവശ്യപ്പെട്ടത് തന്നോടൊപ്പം കന്യകാത്വത്തിലും വിശുദ്ധിയിലും കാരുണ്യപ്രവൃത്തികളിലും ഏര്‍പ്പെട്ടുകൊണ്ട് ജീവിക്കുവാനാണ്. അവളുടെ വാക്കുകളിലെ വ്യത്യസ്തത അദ്ദേഹത്തെ സ്വാധീനിച്ചു.

ഒരേ ആത്മാവും ഒരേ ആഗ്രഹവുമായി പരസ്പരസ്‌നേഹത്താല്‍ ബന്ധിതരായി ആ ദമ്പതികള്‍ സന്തോഷത്തോടെ ജീവിച്ചു. പ്രാര്‍ത്ഥന, ആത്മാവിന്റെയും ശരീരത്തിന്റെയും ശുദ്ധീകരണം, കാരുണ്യപ്രവൃത്തികള്‍ എന്നിവയിലെല്ലാം അവര്‍ ഒരേ പോലെ മുഴുകി.

പിതാവിന്റെ മരണശേഷം ഭര്‍ത്താവിന്റെ അനുമതിയോടെ അമ്മയ്‌ക്കൊപ്പം റോമിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളും രക്തസാക്ഷികളുടെ ശവകുടീരങ്ങളും കാതറിന്‍ സന്ദര്‍ശിച്ചു. മാത്രവുമല്ല രോഗീശുശ്രൂഷയും ജീവിതത്തിന്റെ ഭാഗമായി അവള്‍ തിരഞ്ഞെടുത്തു. അധികം വൈകാതെ കാതറിന്റെ നല്ലവനായ ഭര്‍ത്താവ് കര്‍ത്തൃസന്നിധിയിലേക്ക് യാത്രയായി.

അതിനെതുടര്‍ന്ന് നിരവധി വിവാഹാലോചനകള്‍ കാതറിനെ തേടിയെത്തി. പക്ഷേ ക്രിസ്തുവിനെ മണവാളനായി സ്വീകരിച്ച കാതറിന്‍ തന്റെ കന്യാകാത്വത്തിലും വ്രതങ്ങളിലും അണുവിട വ്യതിചലിക്കാതെ നിന്നു. 1373 ല്‍ അമ്മയുടെ മരണത്തോടെ കാതറിന്‍ സ്വീഡനിലേക്ക് മടങ്ങി.

അമ്മയുടെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. വാട്‌സാനിലെ ആശ്രമത്തില്‍ അംഗമായിക്കൊണ്ട് കഠിനമായ തപശ്ചര്യകളില്‍ മുഴുകി കാതറിന്‍ ജീവിച്ചു. അവസാനത്തെ ഇരുപത്തിയഞ്ച് വര്‍ഷം നിരന്തരമായി ദിവ്യസക്രാരിക്ക് മുമ്പില്‍ നിന്ന് പാപങ്ങള്‍ ഏറ്റുപറഞ്ഞ് ആത്മാവിനെ വിശുദ്ധീകരിക്കുന്ന പ്രക്രിയയില്‍ ആയിരുന്നു കാതറിന്‍.

1381 മാര്‍ച്ച് 24 ന് വിശുദ്ധയായ അമ്മയുടെയും വിശുദ്ധ ജീവിതം നയിച്ച ഭര്‍ത്താവിന്റെയും പിന്നാലെ കാതറിനും സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി.

ബി

You must be logged in to post a comment Login