വിശുദ്ധ മിഖായേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട ഗുഹ

വിശുദ്ധ മിഖായേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട ഗുഹ

ഇറ്റലിയിലെ ഗാര്‍ഗാനോയിലെ വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള ഗുഹ അതിവിശുദ്ധ സ്ഥലങ്ങളിലൊന്നായിട്ടാണ് ഇവിടുത്തുകാര്‍ കരുതിപോരുന്നത്. അതിവിശുദ്ധമായതുകൊണ്ട് തന്നെ തനിക്ക് അതില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നായിരുന്നു അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വിശ്വാസം.

സ്വീഡനിലെ വിശുദ്ധ ബ്രിജീത്ത്, ക്ലെയര്‍വാക്‌സിലെ വിശുദ്ധ ബെര്‍നാര്‍ഡ്, വിശുദ്ധ പാദ്രെ പിയോ എന്നിവരും ഏഴു മാര്‍പാപ്പമാരും ഇവിടെ പ്രാര്‍ത്ഥിക്കാനെത്തിയിട്ടുണ്ട്.

ഈ ഗുഹയുടെ ഉത്ഭവം വിശുദ്ധ മിഖായേല്‍ മാലാഖയുടെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ടാണുള്ളത്. എഡി 490 ല്‍ ആണ് ഇതിന് ആസ്പദമായ സംഭവം നടന്നത്.

തന്റെ കാണാതെ പോയ കാളയെ അന്വേഷിച്ചെത്തിയ ഒരു കര്‍ഷകന്‍ കണ്ടത് ഗുഹയ്ക്കുള്ളില്‍ മുട്ടുകുത്തിനില്ക്കുന്ന കാളയെയാണ്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കാളയെ എണീല്പ്പിക്കാന്‍ കഴിയാത്തതുകൊണ്ട് അവസാനം അതിനെ അവിടെ വച്ച് കൊല്ലാന്‍ അയാള്‍ തീരുമാനിച്ചു.

വില്ലുകൊണ്ടും അമ്പുകൊണ്ടും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും അമ്പ് തിരികെ കര്‍ഷകന്റെ അടുക്കലേയ്ക്ക് തന്നെയാണ് വന്നത്. ഇത് അയാളെ ഭയചകിതനാക്കി. അസാധാരണമായ ഈ പ്രവൃത്തി അയാള്‍ സ്ഥലത്തെ മെത്രാനെ അറിയിച്ചു. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല എന്നാണ് മെത്രാന്‍ നല്കിയ നിര്‍ദ്ദേശം.

വര്‍ഷങ്ങള്‍ക്ക് ശേഷം ബിഷപ്പിന്റെ നഗരവും രൂപതയും ശത്രുക്കള്‍ ആക്രമിച്ചു. ഗുഹയ്ക്ക് സമീപം ഒരു പള്ളി പണിതാല്‍ താന്‍ ശത്രുക്കളെ പരാജയപ്പെടുത്താമെന്ന് മിഖായേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട് മെത്രാനോട് പറഞ്ഞു. അപ്പോഴും മെത്രാന് സംശയമായിരുന്നു. അതുകൊണ്ട് ദേവാലയം പണിതില്ല.

പിന്നീട് മാര്‍പാപ്പയില്‍ നിന്ന് ഉപദേശം സ്വീകരിച്ച മെത്രാന്‍ ഏതാനും വൈദികരുമൊപ്പം ഗുഹയ്ക്ക് സമീപം പ്രാര്‍തഥിച്ചു. ഈ സമയം മിഖായേലിന്റെ പ്രത്യക്ഷപ്പെടല്‍ വളരെ ശക്തമായ രീതിയില്‍ സംഭവിക്കുകയുണ്ടായിരുന്നു.ഗുഹയിലേക്ക് പ്രവേശിക്കാന്‍ മാലാഖ മെത്രാനോട് ആവശ്യപ്പെട്ടു. കൂദാശ ചെയ്യപ്പെട്ടതുപോലെ ഈ സ്ഥലം കാണണമെന്നും ഓരോ കല്ലും വിശുദ്ധമാണെന്നും മാലാഖ മെത്രാനോട് പറഞ്ഞു.

എന്തായാലും ഇന്നും ഈ ഗുഹയും ദേവാലയവും പരിപാവനമായി സൂക്ഷിക്കപ്പെടുന്നു. പാദ്രെ പിയോയുടെ സാന്‍ ജിയോവാന്നി റോട്ടോന്‍ഡോ ഷ്രൈന് സമീപമാണ് ഇതും എന്നതിനാല്‍ അനേകര്‍ ഇവിടെ സന്ദര്‍ശനത്തിനെത്തുന്നുണ്ട്.

ബിജു

You must be logged in to post a comment Login