വിശുദ്ധ യൗസേപ്പിതാവിന്റെ നീതിക്ക് മുമ്പില്‍…

വിശുദ്ധ യൗസേപ്പിതാവിന്റെ നീതിക്ക്  മുമ്പില്‍…

വിടെയൊക്കെ ചില ശക്തമായ സാമൂഹിക ഇടപെടലുകളും പ്രതിരോധരീതികളും പ്രബലപ്പെട്ടു വന്നിട്ടുണ്ടോ അവിടെയൊക്കെ അതിലേക്ക് നയിച്ചത് ഒരേയൊരു കാരണമായിരുന്നുവെന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാവുന്നതേയുള്ളൂ. നീതി നിഷേധം.

നിഷേധിക്കപ്പെടുന്ന നീതിയെക്കാളും അവഗണിക്കപ്പെടുന്ന അവകാശങ്ങളെക്കാളും മറ്റൊന്നും ഒരാളെയും മുറിവേല്പിക്കാറില്ലെന്ന് തോന്നുന്നു. ഒരാളെ നീതിമാനാക്കുന്നത് അയാളിലെ ധാര്‍മ്മികതയാണ്. ദൈവികതയാണ്. ധാര്‍മ്മികനല്ലാത്ത ഒരാള്‍ക്ക് നീതിമാനായിരിക്കുക സാധ്യമല്ല.

ജോസഫ് എന്ന നമ്മുടെ കഥാനായകന്‍ നീതിമാനായത് അയാളിലെ ദൈവികത നിമിത്തമാണ്. ദൈവത്തിന് സ്വയം സമര്‍പ്പിച്ചവനും നാസീര്‍വ്രതക്കാരനുമായ ഒരാള്‍ക്ക് നീതിമാനാകാതിരിക്കാനാവില്ല. അയാളുടെ നീതിബോധത്തെ ഒരു മാലാഖ തൊട്ടുണര്‍ത്തിയപ്പോഴേ നാം അത് തിരിച്ചറിഞ്ഞുളളൂവെന്ന് മാത്രം.

ജോസഫിന്റെ നീതികാലത്തെ രണ്ടായി തിരിക്കാമെന്ന് തോന്നുന്നു, മാലാഖയുടെ ഇടപെടലിന് മുമ്പ്, മാലാഖയുടെ ഇടപെടലിന് ശേഷം…

അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു ( മത്താ 1;20) എന്നാണ് വചനം പറയുന്നത്.

ഒരാളുടെ കുറവുകളെ മറച്ചുവയ്ക്കുന്നതും അയാളെ കല്ലെറിയാന്‍ വിട്ടുകൊടുക്കാതിരിക്കുന്നതു പോലും നീതിയുടെ അടയാളമാണെന്ന് ഇവിടെ വ്യക്തമാകുന്നു. മറിയത്തെ സ്വീകരിക്കാന്‍ സന്നദ്ധനമാവുന്നതിന് മുമ്പും ജോസഫ് നീതിമാനായിരുന്നു. പക്ഷേ ആ നീതിബോധം തങ്കലിപികളില്‍ വചനമായി മാറുന്നത് അതിന് ശേഷമാണെന്ന് മാത്രം. കാരണം വചനത്തിന്റെ നിറവേറപ്പെടല്‍ സംഭവിക്കുന്നത് അപ്പോഴാണല്ലോ?

മറിയം അവഗണിക്കപ്പെടേണ്ടവളോ അപഹസിക്കപ്പെടേണ്ടവളോ അല്ല എന്ന തിരിച്ചറിവാണ് ജോസഫിനെ അവളെ സ്വീകരിക്കാന്‍ പ്രേരിതനാക്കിയത്. മറിയം തന്റെ സ്‌നേഹത്തിനും സംരക്ഷണത്തിനും അര്‍ഹയാണെന്ന് നീതിബോധം ജോസഫിനോട് മന്ത്രിക്കുന്നു.

ദാമ്പത്യത്തില്‍ ഇണയ്ക്ക് അര്‍ഹതപ്പെടുന്നത് പലതും നിഷേധിക്കപ്പെടുന്നതിന് പിന്നിലുള്ളതും അവര്‍ക്കിടയിലെ നീതിബോധത്തിന്റെ അഭാവമാണ്. ദാമ്പത്യങ്ങളില്‍ പരസ്പരം നല്‌കേണ്ട നീതിയുടെ ഒരുപാട് മേഖലകളുണ്ട്. ഇണയ്ക്ക് നിഷേധിക്കപ്പെടുന്ന നീതികളാണ് പല കുടുംബങ്ങളിലെയും ചില തീവ്രമായ പ്രശ്‌നങ്ങളുടെയും കാരണം. കുടുംബത്തിന് വേണ്ടിയുള്ള ത്യാഗങ്ങളും കഷ്ടങ്ങളും പ്രയാസങ്ങളും ഒരാളുടെയും നീതിബോധത്തെ കുറയ്ക്കരുത്.

നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് സംതൃപ്തി ലഭിക്കും എന്ന സുവിശേഷഭാഗ്യം ജോസഫിന്റെ കാര്യത്തില്‍ പൂര്‍ത്തികരിക്കപ്പെടുന്നത് നാം കാണുന്നുണ്ട്. എത്രയോ സംതൃപ്തിയോടെയാണ് ജോസഫ് ഈ ഭൂമിയില്‍ നിന്ന് കടന്നുപോയത്.

നീതിയോടെ വ്യാപരിക്കുകയും ജീവിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം സംതൃപ്തിയുണ്ടായിരിക്കും. ദൈവകുമാരന്റെയും ദൈവത്തിന്റെ മണവാട്ടിയുടെയും സാന്നിധ്യത്തില്‍ മരണമടയുക എന്നതിലപ്പുറം വലിയ ഭാഗ്യം ആര്‍ക്കാണ് ലഭിക്കാനുള്ളത്? ജോസഫിന്റെ നീതിബോധമാണ് അദ്ദേഹത്തെ നല്‍മരണത്തിന് അര്‍ഹനാക്കിയത്.

നീതിമാന്റെ വഴികള്‍ ക്ലേശം നിറഞ്ഞതാണെന്ന് മറന്നുപോകരുത്. ജോസഫും എത്രയോ ക്ലേശങ്ങളിലൂടെ കടന്നുപോയ കുടുംബനാഥനായിരുന്നു. പക്ഷേ നീതിമാന്മാര്‍ സഹായത്തിന് നിലവിളിക്കുമ്പോള്‍ കര്‍ത്താവ് കേള്‍ക്കുന്നു.(സങ്കീ 34; 17) അതാണ് ഏക ആശ്വാസം.

നീതിക്കുവേണ്ടി ഹൃദയം തുറന്നുള്ള യാചനകളും അഭ്യര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളില്‍ ആവര്‍ത്തിച്ചു മുഴങ്ങുന്ന ഒന്നാണെന്നും സാന്ദര്‍ഭികമായി ഓര്‍ത്തുപോകുന്നു. കര്‍ത്താവേ എനിക്ക് നീതി നടത്തിതരണമേ എന്നും നീതിമാനും ദുഷ്ടനും എന്നുമെല്ലാമാണ് അതിലെ അധ്യായങ്ങളുടെ വിഭജനം തന്നെ.

ചെറിയവര്‍ക്ക് ഒരിക്കലും നീതി കിട്ടാത്ത ലോകത്തും കാലത്തുമാണ് നാം ജീവിച്ചിരിക്കുന്നതെന്നതാണ് നെഞ്ചു പിടയ്ക്കുന്ന സങ്കടങ്ങളിലൊന്ന്.. സര്‍ക്കാര്‍ ഓഫീസുകള്‍ മുതല്‍ നീളുന്ന എത്രയോ അനീതികള്‍ക്ക് നാം നിത്യവും സാക്ഷിയാകുന്നു.ദൈവമേ എനിക്ക് നീതിനടത്തിത്തരണമേയെന്ന് ,വഞ്ചകരും നീതിരഹിതരും ആയവരില്‍ നിന്ന് എന്നെ മോചിപ്പിക്കണമേയെന്ന് പ്രാര്‍ത്ഥിച്ചുപോയ എത്രയോ അവസരങ്ങള്‍.

കരുണ എപ്പോഴും അര്‍ഹിക്കാത്തതു ലഭിക്കുന്നതാണ്. നീതിയാവട്ടെ അര്‍ഹതപ്പെട്ടത് ലഭിക്കുന്നതും. കരുണ കാണിക്കുമ്പോള്‍ വേണമെങ്കില്‍ ചില നെഞ്ചുവിരിക്കലുകളൊക്കെ ആവാം. പക്ഷേ നീതി നല്കുമ്പോള്‍ അതിനൊന്നും പ്രസക്തിയില്ല. അര്‍ഹതപ്പെട്ടവന് അത് കൊടുക്കാതെ പോകുമ്പോള്‍ നാം ചുരുങ്ങിപ്പോവുകയാണ് യഥാര്‍ത്ഥത്തില്‍.

ഒരാളുടെ സര്‍ഗ്ഗാത്മകതയ്ക്ക് വേലിക്കെട്ടുകള്‍ വയ്ക്കുമ്പോള്‍, ഒരാളുടെ സ്വാതന്ത്ര്യത്തെ നിഹനിക്കുമ്പോള്‍, ഒരാള്‍ക്ക് അര്‍ഹതപ്പെട്ട വേതനവും ഉയര്‍ച്ചകളും കൊടുക്കാതെ പോകുമ്പോള്‍..
നീതിനിഷേധത്തിന് പല രൂപങ്ങളും ഭാവങ്ങളുമുണ്ടെങ്കിലും അടിസ്ഥാനപരമായി അവ നിര്‍വഹിക്കുന്ന ദൗത്യം ഒന്നുതന്നെയാണ്. ചെറിയവരെ ചവിട്ടിയരയ്ക്കുക.

പഴയനിയമകാലത്തെ നിയമങ്ങള്‍ വച്ച് ഭര്‍ത്തൃമതിയല്ലാത്ത ഒരു വള്‍ ഗര്‍ഭിണിയാകുന്നത് കല്ലെറിഞ്ഞു കൊല്ലാന്‍ തക്ക കുറ്റമാണ്. ഇന്നും നമ്മുടെ നാട്ടിലും ഏറെക്കുറെ അതുതന്നെയാണല്ലോ..കല്ലെറിഞ്ഞു കൊല്ലാറില്ലെങ്കിലും നാവുകൊണ്ട് നാം കൊന്നിട്ടില്ലാത്തവര്‍ വളരെ ചുരുക്കമല്ലേ?

അപ്പോഴാണ് ജോസഫ് നിയമത്തെയും കവച്ചുവയ്ക്കുന്ന നീതിയുടെ തുലാസില്‍ മറിയത്തെ പ്രതിഷ്ഠിച്ച് അവളുടെ ജീവിതത്തെ വിലയിരുത്തുന്നത്. ഒരാള്‍ക്ക് നേരെ കല്ലെറിയാന്‍ വളരെ എളുപ്പമാണ്. പക്ഷേ നീതിയോടെ വിധിക്കാന്‍ ഇത്തിരി വെളിച്ചം ഉള്ളില്‍ കൂടുതലായി വേണം.

ദൈവവുമായി കൂടുതല്‍ അടുത്തുനില്ക്കുന്നവര്‍ക്ക് ലഭിക്കുന്ന ഒരുതരം തെളിച്ചമാണത്. ജോസഫിന്റെ ജീവിതത്തെ മുഴുവന്‍ പ്രകാശിപ്പിച്ചുനിര്‍ത്തിയതും അതുതന്നെയായിരുന്നു.

ചുറ്റുവട്ടങ്ങളില്‍ ഒരുപിടി പേരുണ്ട് , നമ്മള്‍ നല്കുന്ന നീതിയുടെ വിധിവാചകങ്ങള്‍ കേള്‍ക്കുവാന്‍ ഊഴമിട്ടിരിക്കുന്നവരായി…. നമ്മുടെ നീതിക്ക് അര്‍ഹരായിരിക്കുന്നവരായി.. അവരിലേക്ക് ഒന്ന് മിഴി തിരിക്കുക..

അനീതി പ്രവര്‍ത്തിക്കുന്നവരേ നിങ്ങള്‍ എന്നില്‍ നിന്ന് അകന്നുപോകുവിന്‍ എന്നാണ് തിരുവചനത്തിലെ ഗൗരവപരമായ ഒരു ആഹ്വാനം. നീതി മാത്രം പ്രവര്‍ത്തിക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്ത നീതിമാനായ ജോസഫിന്റെ മാതൃക നമ്മുടെ നീതിബോധചിന്തകളില്‍ പുതിയൊരു തിരിച്ചറിവായി മാറട്ടെ.
വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login