വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലില്‍ സീറോ മലബാര്‍ സഭാസംഗമം

വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലില്‍ സീറോ മലബാര്‍ സഭാസംഗമം
ഇരിങ്ങാലക്കുട : സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് മാര്‍ തോമാ ശ്ലീഹായുടെ പാദസ്പര്‍ശനത്താല്‍ പുണ്യമായ ഇരിങ്ങാലക്കുട രൂപതയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിശ്വാസത്തിന്റെ ഈറ്റില്ലമായ കൊടുങ്ങല്ലൂര്‍ സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട രൂപത അസംബ്ലിയ്ക്ക് ആതിഥ്യമരുളാന്‍ ഒരുങ്ങിക്കഴിഞ്ഞുവെന്ന് രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
പാരമ്പര്യമനുസരിച്ച് കൊടുങ്ങല്ലൂരാണ് മാര്‍ തോമാ ശ്ലീഹാ വിശ്വാസ പ്രഘോഷണത്തിനായി ആദ്യമായി വന്നിറങ്ങിയത്. ഓഗസ്റ്റ് 25 മുതല്‍ 28 വരെ ഇന്ത്യയുള്‍പ്പെടെയുള്ള 21 രാജ്യങ്ങളില്‍ നിന്നായി എത്തുന്ന 515 പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ അസംബ്ലി കൊടകരയിലുള്ള ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായ സഹൃദയ എന്‍ജിനീയറിംഗ് കോളേജിലാണ് നടക്കുന്നത്. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഈ വര്‍ഷം നടക്കുന്ന അസംബ്ലി സഭാതലത്തില്‍ നാലാമത്തേതാണ്. ആദ്യമായാണു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിനു പുറത്തു വേദിയൊരുങ്ങുന്നത്.

You must be logged in to post a comment Login