വിഷാദാര്‍ദ്രം ശ്യാമാംബരം

വിഷാദാര്‍ദ്രം ശ്യാമാംബരം

rain-cloudsഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ക്കുളളില്‍ എത്ര മിഴിനീര്‍ക്കണങ്ങള്‍ ആവിയായി പോയിട്ടുണ്ടാകുമെന്ന് സങ്കല്‍പിക്കാനാകുമോ? ഒരു പക്ഷേ, ഭൂമിയുണ്ടായ കാലം തൊട്ടേ ഒരുമിച്ച് ഇത്രയധികം കണ്ണീര്‍ നീരാവിയായി പോയ മറ്റൊരു സന്ദര്‍ഭമുണ്ടാവുകയില്ല. അറുപതു ലക്ഷം മനുഷ്യരുടെ 120 ലക്ഷം കണ്ണുകളില്‍ നിന്നൊഴുകിയ കണ്ണീര്‍ക്കണങ്ങള്‍ ആകാശത്തു തീര്‍ത്ത മേഘ സാഗരത്തെകുറിച്ചൊന്നോര്‍ത്തു നോക്കൂ! എന്നും മനുഷ്യവംശത്തിന്റെ മേല്‍ ഘനീഭവിച്ചു കിടക്കുന്ന ആ കാര്‍മേഘം നമ്മളറിയാതെ നമുക്കു മേല്‍ മിഴി പെയ്തു കൊണ്ടേയിരിക്കുന്നു…

രണ്ടാം ലോകമഹായുദ്ധകാലത്തെ യഹൂദനരഹത്യയുടെ ഓര്‍മയ്ക്കായി ഇസ്രായേലില്‍ തീര്‍ത്ത യാദ് വാഷേമിന്റെ മുന്നില്‍ നിന്നപ്പോള്‍ ആര്‍ദ്രതയെ ഭയപ്പെടരുതെന്നു പറഞ്ഞ സജലമിഴിയാളായൊരു പാപ്പാ ഹൃദയം നുറുങ്ങി വിലപിച്ചത്, ഇനിയൊരിക്കലും സംഭവിക്കാതിരിക്കട്ടേ, ഇത്! ഒരിക്കലും! എന്നാണ്. ആകാശത്തെ ഘനം വച്ച കാര്‍മേഘങ്ങള്‍ വന്ന് യാദ് വാഷേമിന്റെ കൂടാരങ്ങള്‍ക്കു മേല്‍ പെയ്യുന്നതിന്റെ മര്‍മരം കേട്ടു കാണും, ആ ഹൃദയാലു.

എന്തുകൊണ്ടാണ് എപ്പോഴും എല്ലായിടത്തും മനുഷ്യനു മാത്രം അവസാനസ്ഥാനം ലഭിക്കുന്നത്? സത്യം പറ, മനുഷ്യനെന്ന നിലയില്‍ ആരിവിടെ വിലമതിക്കപ്പെടുന്നുണ്ട്? രാജ്യം, ധനസ്ഥിതി, ചര്‍മത്തിന്റെ നിറം, മതം, ജാതി, കുടുംബ പശ്ചാത്തലം തുടങ്ങിയവ കൊണ്ടല്ലേ, ഓരോ വ്യക്തിയെയും ലോകം അളക്കുന്നത്? യഹൂദര്‍ മനുഷ്യരാണെന്ന് എന്തു കൊണ്ട് ഹിറ്റ്‌ലര്‍ ഓര്‍ത്തില്ല? ഹിറ്റ്‌ലറിനു മുമ്പും പിമ്പും വന്ന പലരും ഓര്‍ത്തിട്ടില്ല. ഇന്നും ഓര്‍ക്കാന്‍ മടിക്കുന്നു. മേനക ഗാന്ധിയുടെ ഉത്തരവ് കൊണ്ട് തെരുവുനായ്ക്കള്‍ക്കു പോലും സംരക്ഷണം കിട്ടുന്നു. എന്നിട്ടും തെരുവുനായുടെ കടിയേല്‍ക്കുന്ന മനുഷ്യന് മനുഷ്യനെന്ന നിലയില്‍ പരിഗണയില്ല!

രാജ്യസ്‌നേഹമെന്ന ആശയത്തിലെ എല്ലാ നന്മകളും അംഗീകരിച്ചു കൊണ്ടു തന്നെ ഒരു കാര്യം പറയാതെ വയ്യ – രാജ്യസ്‌നേഹത്തിന്റെ മൗലികവാദം മറ്റെല്ലാ രാജ്യങ്ങളെയും അവിടുത്തെ മനുഷ്യരെയും നിഷേധിക്കല്‍ കൂടിയാണ്. മറ്റൊരു രാജ്യക്കാരന്‍ എന്നതു കൊണ്ടു മാത്രം പാവം നീ എന്റെ ശത്രുവാകുന്നു! ഇറാന്‍ – ഇറാക്ക് ശത്രുതയും ഇസ്രായേല്‍ – പാലസ്തീന്‍ ശത്രുതയും നാം കണ്ടതും കാണുന്നതുമാണ്. എത്ര നിരപരാധരുടെ രക്തം വീണു കഴിഞ്ഞു! പാക്കിസ്ഥാന്‍കാരനായതു കൊണ്ടു മാത്രം ചില മികച്ച കായിക താരങ്ങളുടെ പ്രകടനം നമുക്ക് ഹൃദയം തുറന്ന് ആസ്വദിക്കാനാകാതെ പോകുന്നതെന്തു കൊണ്ടാണ്?

പ്രാദേശികഭ്രമത്തിന്റെ അപകടങ്ങള്‍ നാം ഇവിടെ അടുത്തു കണ്ടതാണ്. മുല്ലപ്പെരിയാര്‍ പൊട്ടുമോ ഇല്ലയോ എന്നത് കാലത്തിനു വിടാം. പക്ഷേ, മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കൂട്ടത്തോടെ വംശനാശം വന്നു പോകാവുന്ന ഒരു ദേശക്കാരുടെ വികാരമോ ഭീതിയോ പ്രാദേശീയവികാരം ആവേശിച്ച മറ്റൊരു ദേശക്കാര്‍ക്ക് പ്രശ്‌നമേയല്ല! കേരളത്തിനു വേണ്ടി തയ്യാറാക്കുന്ന പച്ചക്കറികളില്‍ പ്രത്യേകം വിഷമടിച്ചു കയറ്റുന്നു, ചില അയല്‍ക്കാര്‍ എന്ന സാക്ഷ്യം വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണ്. ഇതിനകത്ത് ഇന്ത്യക്കാര്‍ എന്ന ദേശസ്‌നേഹത്തിനു പോലും സ്ഥാനമില്ലാതാകുന്നു. എന്നെ പോലൊരു മനുഷ്യന്റെ പ്രാണഭയം എന്നു സഹാനുഭൂതിയോടെ ചിന്തിക്കാന്‍ എന്നാണ് നമ്മള്‍ പ്രാപ്തരാവുക? ചൈനയില്‍ മാരകമായ രാസവസ്തുക്കളാല്‍ തയ്യാറാക്കുന്ന ഒരു തരം സിന്തറ്റിക് മുട്ടകളെ കുറിച്ചും പാല്‍പൊടികളെ കുറിച്ചും വാര്‍ത്തകളുണ്ടായിരുന്നു. മനുഷ്യവംശം കൂട്ടമായി കൊന്നൊടുക്കപ്പെടുകയാണ്. വേഗതയില്‍ മാത്രമാണ് വ്യത്യാസം. കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ ആവര്‍ത്തിക്കപ്പെടുന്നു! പല വിധത്തില്‍, പല രൂപത്തില്‍!

ആര്‍തര്‍ മില്ലറുടെ ഓള്‍ മൈ സണ്‍സ് എന്ന അമേരിക്കന്‍ നാടകം എല്ലാക്കാലക്കേത്താളും പ്രസക്തമാണിന്ന്! ലാഭക്കൊതി പൂണ്ട ജോ കെല്ലര്‍ എന്ന വന്‍ വ്യവസായി തകരാറ് സംഭവിച്ച സിലണ്ടറുകള്‍, അക്കാര്യം മറച്ചു വച്ച്, വിറ്റു കാശാക്കുന്നു. അതു പൊട്ടി വിമാനങ്ങള്‍ തകരുമ്പോള്‍ യുദ്ധത്തില്‍ തകര്‍ന്നതാണെന്ന് അധികാരികള്‍ കരുതിക്കോളും എന്നാണ് അയാളുടെ കണക്കുകൂട്ടല്‍. തന്റെ മക്കള്‍ക്കു വേണ്ടിയാണ് താനിതു ചെയ്തതെന്നാണ് കെല്ലറുടെ ന്യായവാദം. എന്നാല്‍ കെല്ലറുടെ സ്വന്തം മകനായ ലാറിയും യുദ്ധത്തിനിടയില്‍ അപ്രത്യക്ഷമായ വിമാനങ്ങള്‍ക്കൊപ്പം കാണാതാകുമ്പോഴാണ് രംഗം തീവ്രമാകുന്നത്.. കഥാവസാനം ലഭിക്കുന്ന ലാറിയുടെ കത്ത് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. സ്വന്തം മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയുള്ള ലാഭം എന്ന പേരില്‍ കെല്ലര്‍ മറ്റുള്ള അനേകം മാതാപിതാക്കളുടെ മക്കളെ കൊലയ്ക്കു കൊടുക്കുകയായിരുന്നു എന്ന വെളിപാടിന്റെ അവസാനം, തന്റെ പിതാവിന്റെ പാതകത്തിന് പരിഹാരമായി താന്‍ ആത്മാഹുതി ചെയ്യുന്നു എന്ന കുറിപ്പോടെ ലാറിയുടെ കത്ത് അവസാനിക്കുന്നു.

വെറുക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ കണ്ടെത്താം, ഈ ഭൂമിയില്‍. സ്‌നേഹിക്കാന്‍ മനുഷ്യന്‍ എന്നൊരു കാരണം കണ്ടെത്തിക്കൂടെ? മതം നിനക്കും എനിക്കുമിടയില്‍ മതില്‍ തീര്‍ക്കുന്നു, രാജ്യവും ദേശവും വര്‍ണവും വര്‍ഗവും നിറവും തീര്‍ക്കുന്നു, വേറെയൊരായിരം മതിലുകള്‍. കുറഞ്ഞ പക്ഷം നിന്റെയും എന്റെയും മിഴികളില്‍ നിന്നൊഴുകുന്ന മിഴിനീരിന് ഒരേ നിറമല്ലേ? നഷ്ടങ്ങളുടെ സങ്കടം ഒരേ വിധമല്ലേ, ഞാനും നീയും അനുഭവിക്കുന്നത്! നിന്റെ രാജ്യവും എന്റെ രാജ്യവും തമ്മിലുള്ള യുദ്ധത്തില്‍ എനിക്കു നഷ്ടമായ സഹോദരനും നിനക്കു നഷ്ടമായ സഹോദരനും നമ്മുടെ രണ്ടു പേരുടെയും ഹൃദയത്തില്‍ ഒരേ തരം ശൂന്യതയല്ലേ, സൃഷ്ടിച്ചിരിക്കുന്നത്! ഒരേ ദുഖം! കണ്ണീരിന് ഒരേ ഉപ്പുരസം!

ആകാശത്ത്, മേഘങ്ങള്‍ക്കിടയില്‍ കോടാനുകോടി നിശബ്ദ നിലവിളികള്‍ നീരാവി പോലെ കനത്തു കിടക്കുന്നു. ഉറക്കെ കരയാനാവാതെ, പല കാലങ്ങളില്‍ പല ക്രൂരനരനായാട്ടുകളില്‍, ആവിയായി പറന്നു പോയ മനുഷ്യവംശത്തിന്റെ ഘനീഭൂത വിഷാദങ്ങള്‍! ആ നീരാവികള്‍ തോരാതെ പെയ്തു പെയ്ത് ഈ കാനനഹൃദയങ്ങള്‍ ഈറനാകട്ടെ!

അഭിലാഷ് ഫ്രേസര്‍.

You must be logged in to post a comment Login