വി. അന്തോണീസിനുണ്ടായ പൈശാചിക പീഡനം

വി. അന്തോണീസിനുണ്ടായ പൈശാചിക പീഡനം

സാധാരണ മനുഷ്യനു മുന്നില്‍ സാത്താന്‍ പൊതുവെ പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ വിശുദ്ധരെ പരീക്ഷിക്കുവാനായി അവര്‍ക്കു മുന്നില്‍ ഭീകരരൂപികളായി അവര്‍ പ്രത്യക്ഷപ്പെടാറുണ്ട്. 3, 4 നൂറ്റാണ്ടുകളില്‍ മരുഭൂമിയിലെ സന്യാസിയായ ജീവിച്ച അന്തോണി ദി ഗ്രേറ്റ് എന്ന വിശുദ്ധന്റെ ജീവിതത്തിലും ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടുണ്ട്. വി. അത്തനേഷ്യസ് എഴുതിയ “ലൈഫ് ഓഫ് സെന്റ് ആന്റണി”യെന്ന ബുക്കില്‍ നിന്നും വി. അന്തോണിയുടെ ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും.

എല്ലാം ബന്ധങ്ങളില്‍ നിന്നും വേര്‍പെട്ട് തനിച്ച് താമസിച്ചിരുന്ന വി. അന്തോണിയെ സന്ദര്‍ശിക്കാനെത്തിയവര്‍ വിശുദ്ധന്റെ ഭവനത്തില്‍ നിന്നും പല ശബ്ദങ്ങളും കേള്‍ക്കാനിടയായി. രാത്രിയില്‍ അവിടെയുള്ള കുന്ന് കാട്ടു ജീവികളാല്‍ നിറയും. അവര്‍ക്കെതിരെ വിശുദ്ധന്‍ യുദ്ധം ചെയ്യുന്നതായും പ്രാര്‍ത്ഥിക്കുന്നതായും അവര്‍ കണ്ടു.

വി. അത്തനേഷ്യസ് എഴുതിയ പുസ്തകത്തില്‍ വി. അന്തോണിയുടെ ജീവിതത്തിലെ മറ്റൊരു സംഭവം വിവരിക്കുന്നു. ഒരിക്കല്‍ അദ്ദേഹം വലിയൊരു കല്ലറയില്‍ രാത്രി ചിലവഴിച്ചു. അന്ന് അദ്ദേഹത്തിന് ഒരു കൂട്ടം സാത്താന്‍മാരുടെ ആക്രമണമുണ്ടായി. ബോധരഹിതനായി കിടക്കുന്ന വിശുദ്ധനെ അദ്ദേഹത്തിന് ഭക്ഷണവുമായി വരുന്നയാള്‍ പിറ്റേന്ന് കണ്ടെത്തി. അയാള്‍ വിശുദ്ധനെയുമെടുത്ത് ഗ്രാമത്തിലേക്ക് പോയി. അന്ന് വൈകുന്നേരം ബോധം തിരിച്ചു കിട്ടിയ വിശുദ്ധന്‍ തന്നെ അവിടെത്തന്നെ കൊണ്ടു ചെന്നാക്കണമെന്ന് ആവശ്യപ്പെട്ടു.

അയാള്‍ വിശുദ്ധനെ തിരിച്ച് കല്ലറയില്‍ കൊണ്ടു ചെന്നാക്കി. കല്ലറയില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ‘ഞാനിതാ ഇവിടെ; ഞാന്‍ നിങ്ങളുടെ പീഡനങ്ങളില്‍ നിന്ന് ഓടി രക്ഷപെടുകയല്ല ചെയ്തത്. നിങ്ങള്‍ എന്നെ എങ്ങനെയൊക്കെ ഉപദ്രവിച്ചാലും, ദൈവ സ്‌നേഹത്തില്‍ നിന്ന് ഒന്നിനുമെന്നെ മാറ്റാന്‍ കഴിയില്ല.’

ആ രാത്രി വിശുദ്ധനു ചുറ്റും സാത്താന്‍മാര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഭൂമികുലക്കമുണ്ടാകുന്ന ശബ്ദത്തോടെ കുറേ ഭീകര മൃഗങ്ങള്‍ എവിടെ നിന്നോ വിശുദ്ധനു ചുറ്റും നിരന്നു. സര്‍പ്പങ്ങളും, സിംഹങ്ങളും, കാളകളും, ചീറ്റപ്പുലികളും, കരടികളും, തേളുകളും വിശുദ്ധനെ ആക്രമിക്കാനെന്നവണ്ണം ക്രൂര ശബ്ദം പുറപ്പെടുവിച്ചു. അവയുടെയെല്ലാം ഭീകര ശബ്ദം വിശുദ്ധനില്‍ വേദന ജനിപ്പിച്ചു.

എന്നാല്‍ ദൈവത്തില്‍ മുറുകെ പിടിച്ച്, അവിടുത്തെ സംരക്ഷണ വലയത്തില്‍ വിശ്വസിച്ച് അദ്ദേഹം പിശാചുക്കളെ വെല്ലുവിളിച്ചു. ദൈവത്തിന്റെ സംരക്ഷണ വലയം ഭേദിച്ച് അവര്‍ക്ക് ആക്രമിക്കാന്‍ കഴിയാത്തതിനാല്‍ അവരുടെ അശക്തതയെ വിശുദ്ധന്‍ ഓര്‍മ്മിച്ചു. അവരുടെ അശക്തതയാണ് അവര്‍ക്ക് ഭീകര രൂപം നല്‍കിയതെന്നും അവരോട് പറഞ്ഞു.

ഇതു പറഞ്ഞു കഴിഞ്ഞയുടന്‍ വിശുദ്ധന്‍ താമസിച്ചിരുന്ന ശവകുടീരത്തിന്റെ മേല്‍ക്കൂര മുകളിലേക്ക് ഉയര്‍ന്നു. അവിടെ മുഴുവന്‍ പ്രകാശം നിറഞ്ഞു. പെട്ടന്നുതന്നെ പിശാചുക്കള്‍ അപ്രത്യക്ഷ്യരായി. ദൈവത്തിന്റെ ഇടപെടല്‍ വിശുദ്ധന്‍ മനസ്സിലാക്കി. പിശാചുക്കളുടെ ആക്രമണമുണ്ടായപ്പോള്‍ ദൈവം എവിടെയായിരുന്നു വെന്ന് അദ്ദേഹം പ്രാര്‍ത്ഥനയിലൂടെ ദൈവത്തോട് ചോദിച്ചു. ദൈവം ഇങ്ങനെ മറുപടി പറഞ്ഞു: “ഞാനിവിടെയുണ്ടായിരുന്നു. നിന്റെ ആക്രമണത്തെ ഞാന്‍ വീക്ഷിക്കുകയായിരുന്നു. പീഡനങ്ങള്‍ സഹിച്ച് അവര്‍ക്കു മുന്നില്‍ തോറ്റു കൊടുക്കാതിരുന്ന നിനക്ക് ഇനി മുതല്‍ ഞാനെന്നും അഭയം നല്‍കും. മാത്രമല്ല നിന്റെ പേര് ലോകത്തിലുള്ള എല്ലാവരെയും ഞാനറിയിക്കും.”

നീതു മെറിന്‍

 

 

You must be logged in to post a comment Login