വി. ജോണ്‍ മരിയ വിയാനിയും സാത്താനും

വി. ജോണ്‍ മരിയ വിയാനിയും സാത്താനും

st-john-vianneyഅസാധാരണ വിശുദ്ധിയുടെ ഉടമയായിരുന്നു, വി. ജോണ്‍ മരിയ വിയാനി. സ്വന്തം ആത്മാവിനെ മാത്രമല്ല മറ്റുള്ളവരുടെ ആത്മാക്കളെ കൂടി ദൈത്തിലേക്കു നയിക്കുന്നവരോട് സാത്താന്‍ പ്രത്യേക പകയുണ്ട്. അതിനാലാവണം സാത്താന്‍ നിരന്തരം വിയാനിയെ ശല്യപ്പെടുത്താന്‍ എത്തുമായിരുന്നു. എല്ലാ ദിവസവും ഓരോരോ രൂപത്തില്‍ ഓരോരോ തരത്തിലുള്ള ഈ വരവ് കാരണം വിശുദ്ധന്‍ സാത്താന് ഒരു ഇരട്ടപ്പേര് കൊടുത്തു – ഗ്രാപ്പിന്‍. ഞാനും ഗ്രാപ്പിനും സുഹൃത്തുക്കളാണ് എന്ന് അദ്ദേഹം ചിലപ്പോള്‍ തമാശരൂപേണ പറയുമായിരുന്നു.

സാത്താനെ നേരിടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ വിയാനിയുടെ ജീവിതത്തിലുണ്ട്. 1824 ലെ മഞ്ഞുകാലത്താണ് ഒന്ന്. രാത്രിയാകുമ്പോള്‍, മഞ്ഞുറഞ്ഞ നിശബ്ദതതയില്‍ വിശുദ്ധന്റെ മുറിയുടെ വാതിലില്‍ ശക്തമായി ആരോ മുട്ടുന്നതും അലറുന്നതും പോലെ. ആദ്യം കരുതിയത് കള്ളന്മാരാണെന്നാണ്. അതിനാല്‍ രാത്രി കുടെ നില്‍ക്കാന്‍ അദ്ദേഹം ഒരു സഹായിയോട് ആവശ്യപ്പെട്ടു. രാത്രിയായപ്പോള്‍ വീണ്ടും ശബ്ദകോലാഹലം. കുറേ വണ്ടുകള്‍ മുറികളിലെല്ലാം ഓടി നടക്കുന്ന ശബ്ദം. സഹായി ഉടനെ തോക്കെടുത്ത് ചൂണ്ടി ജനാലിയിലൂടെ പുറത്തേക്കു നോക്കിയെങ്കിലും ആരെയും കണ്ടില്ല. കാല്‍ മണിക്കൂര്‍ നേരത്തേക്ക് ആ വീട് മുഴുവന്‍ കുലുങ്ങിക്കൊണ്ടിരുന്നു എന്ന് ആ സഹായി പിന്നീട് സാക്ഷ്യപ്പെടുത്തി.

മറ്റൊരിക്കല്‍ സെന്റ് ട്രിവിയറിലെ മിഷന്‍ കാലത്ത് വിയാനി താമസിച്ചിരുന്ന വീട് രാത്രിയായപ്പോള്‍ ആകെ കുലുങ്ങാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് ബഹളം കേട്ട് ഓടിയെത്തിയവര്‍ കണ്ടത് ഏതോ അദൃശ്യകരം പിടിച്ചു വലിച്ചു താഴെയിട്ട വിയാനിയെയാണ്. വിയാനിക്ക് കാര്യം മനസ്സിലായി. ഇന്ന് വലിയൊരു മാനസാന്തരം നടക്കാന്‍ പോകുന്നു. അതിന്റെ ദേഷ്യമാണ് സാത്താന്‍ തീര്‍ത്തത്!

മറ്റൊരിക്കല്‍ വിയാനി കുമ്പസാരക്കൂട്ടില്‍ നിന്നിറങ്ങി കുര്‍ബാനയ്ക്കായി പോകുമ്പോള്‍ അദ്ദേഹത്തിന്റെ ബെഡില്‍ ആരോ തീയിട്ടു എന്ന ആര്‍ത്തനാദം കേട്ടു. നോക്കിയപ്പോള്‍ വിയാനിക്കു കാര്യം മനസ്സിലായി. അദ്ദേഹം പറഞ്ഞത് ഇത്ര മാത്രം. ‘പക്ഷിയെ കിട്ടാത്തതിന് കൂടിന് തീയിട്ടിരിക്കുന്നു!’

സത്യത്തില്‍ സാത്താന്‍ മരിയ വിയാനിയെ ഭയന്നിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ സാക്ഷ്യപ്പെടുത്തുന്നത്. ജോണ്‍ മരിയ വിയാനിയെ പോലുള്ള മൂന്നു വൈദികര്‍ ഫ്രാന്‍സില്‍ ഉണ്ടായിരുന്നെങ്കില്‍ എന്റെ രാജ്യം തകര്‍ന്നു പോകുമെന്നേ്രത സാത്താന്‍ പറഞ്ഞത്. വിശുദ്ധരായ വ്യക്തികളെ സാത്താന് ഭയമാണ്. മണിക്കൂറുകളോളം കുമ്പസാരക്കൂടിന് മുമ്പിലിരുന്ന് പാപമോചനം മനുഷ്യര്‍ക്കായി നേടിക്കൊടുത്തിരുന്ന, ദിവ്യകാരുണ്യഭക്തിയില്‍ അടയുറച്ചിരുന്ന മരിയ വിയാനിയെ സാത്താന്‍ എങ്ങനെ പേടിക്കാതിരിക്കും?

You must be logged in to post a comment Login