വി. ഫ്രാന്‍സിസ് അസീസ്സിയുടെ പേരും ജീവിതവും ഫ്രാന്‍സിസ് പാപ്പാ സ്വന്തമാക്കുന്നതെങ്ങനെ?

വി. ഫ്രാന്‍സിസ് അസീസ്സിയുടെ പേരും ജീവിതവും ഫ്രാന്‍സിസ് പാപ്പാ സ്വന്തമാക്കുന്നതെങ്ങനെ?

(അസ്സീസിയിലെ ഫ്രാന്സിസും വത്തിക്കാനിലെ ഫ്രാന്സിസും – 2 )

Pope visits St. Francis of Assisi Hospital in Rio de Janeiroപട്ടുവസ്ത്രവ്യാപാരിയായ ബെര്ണാര്ദിന്റെ സീമന്തപുത്രന്…പ്രഭുവംശജയായ ക്ലാരയുടെ പ്രിയ മിത്രം. ഇഹലോകത്തിന് വേണ്ടി വരിക്കാനും പൊരുതാനുമായി ഫ്രാന്സീസിന് പലതുമുണ്ടായിരുന്നു. എന്നാല് എല്ലാറ്റിനും മീതെയാണ് ദൈവം എന്നറിയുന്ന നിമിഷം മുതല് ഒരുവന്റെ ജീവിതം റിവേഴ്സ് ഗിയറില് ഓടിത്തുടങ്ങുന്നു. ദൈവത്തിന്റെ അത്ഭുതസ്പര്ശം അനുഭവിച്ചറിഞ്ഞ ആ നിമിഷം അസ്സീസിവാസികളെ സാക്ഷിയാക്കി മെത്രാനും പിതാവിനും മുമ്പില് ഇഹലോകത്തിലെ അവസാനത്തെ ബന്ധനമായ ഉടുവസ്ത്രവും അഴിച്ചുമാറ്റി ഫ്രാന്സീസ് പ്രഖ്യാപിക്കുന്നു, സ്വര്ഗ്ഗത്തിലും ഭൂമിയിലും എനിക്കിനി ഒരു പിതാവേയുള്ളൂവെന്ന്. ഒരു മനുഷ്യന്റെ ജീവിതപരിണാമത്തിന്റെ കാറ്റ് വീശിത്തുടങ്ങുകയായിരുന്നു അവിടെ. പിന്നെ കുഷ്ഠരോഗിയെ സ്നേഹിച്ച് ആശ്ലേഷിച്ചതോടുകൂടി ആ പരിണാമദശ പൂമ്പാറ്റയായി ചിറക് വിരിച്ചു പറന്നുതുടങ്ങുകയും ചെയ്തു.
ദൈവത്തിന് വേണ്ടി എല്ലാം ത്യജിച്ചവനാണ് സന്ന്യാസി. ആത്മത്യാഗത്തിന്റെ മൂര്ത്തിമദ്ഭാവമാണ് സന്യാസം. തനിക്കുവേണ്ടി ഒന്നും കരുതാതെ ആകാശത്തിലെ പറവകള്ക്കായിപ്പോലും പങ്കുവയ്ക്കാന് ഒരു സന്യാസിക്കേ കഴിയൂ. ഫ്രാന്സീസില് ഒരു സന്യാസിയുണ്ടായിരുന്നു. ഫ്രാന്സീസ് മാര്പാപ്പയിലും ഒരു സന്യാസിയുണ്ട്. അദ്ദേഹം ഒരു സന്യാസസഭാംഗമായതും ഒരു സന്ന്യാസസഭാസ്ഥാപകന്റെ നാമധാരിയായതും വെറും യാദൃച്ഛികം മാത്രമാവില്ല എന്ന് ഞാന് കരുതുന്നു.
സ്വര്ഗ്ഗത്തിലും ഭൂമിയിലും എനിക്ക് ഒരു പിതാവേയുള്ളൂവെന്ന് പറയാനുള്ള ധൈര്യം നമ്മുക്കാര്ക്കും അത്രപോരാ. അതുകൊണ്ട് രണ്ടു വള്ളത്തില് കാല് ചവിട്ടി ബാലന്സ് പിടിച്ച് നാം മുമ്പോട്ടുപോകുന്നു. സുഭിക്ഷതയുടെ അരങ്ങുകളില് ജീവിച്ചും പദവികള്ക്കും സ്ഥാനമാനങ്ങള്ക്കും പിന്നാലെ ഓടിത്തളര്ന്നുമിരിക്കുന്ന അഭിഷിക്തരോടായി ഫ്രാന്സീസ് മാര്പാപ്പ മെത്രാന് സ്ഥാനാരോഹണച്ചടങ്ങില് നല്കിയ സന്ദേശത്തില് പറഞ്ഞത് നിങ്ങളൊരിക്കലും ഹെലികോപ്ടര് മെത്രാന്മാരായിത്തീരരുതെന്നും നിങ്ങളുടെ രൂപതകളില് തന്നെ ജീവിക്കണമെന്നുമാണ്. ഫ്രാന്സീസ് മാര്പാപ്പയ്ക്ക് അത് പറയാനുള്ള ധൈര്യമുണ്ട്. കാരണം ബ്യൂണസ് അയേഴ്സിലെ(അര്ജന്റീന) ചേരികളിലായിരുന്നു അദ്ദേഹത്തിന്റെ സുവിശേഷവല്ക്കരണപ്രവര്ത്തനങ്ങളുടെ ഒരു നല്ല കാലം മുഴുവനും. ഇരുപതിലധികം വരുന്ന ഇവിടത്തെ ചേരികളുടെ നവീകരണം ബെര്ഗോളിയോയുടെ ജീവിതലക്ഷ്യങ്ങളിലൊന്നായിരുന്നു.
അസ്സീസി പിതാവിന്റെ ജീവിതകാലത്ത് അസ്പൃശ്യരായി കരുതിയിരുന്ന ഒരു കൂട്ടരായിരുന്നു കുഷ്ഠരോഗികള്.
പക്ഷേ അവരെ മാറ്റിനിര്ത്താന് ഹൃദയത്തിന് വലുപ്പമുള്ള വിശുദ്ധന് കഴിഞ്ഞിരുന്നില്ല. ഇന്ന് ആ കുഷ്ഠരോഗികളുടെ സ്ഥാനത്താണ് നാം എയ്ഡസ് രോഗികളെയും മയക്കുമരുന്നിന് അടിപ്പെട്ടവരെയും സ്വവര്ഗ്ഗരതിക്കാരെയും അവിവാഹിതരായ അമ്മമാരെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവരുടെ അടുക്കലേയ്ക്കാണ് അറപ്പും മടിയും കൂടാതെ ഫ്രാന്സീസ് മാര്പാപ്പ കടന്നുചെന്നത്. ആദ്യ പെസഹാദിനത്തില് കാലുകഴുകാന് ജയില്വാസികളെയാണ് ഫ്രാന്സീസ് മാര്പാപ്പ തിരഞ്ഞെടുത്തപ്പോള് അത്ഭുതപ്പെട്ടവര് ഒന്നറിയണം, എയ്ഡസ് രോഗികളുടെയും മയക്കുമരുന്നിന് അടിപ്പെട്ടവരുടെയും പാദങ്ങള് കഴുകിചുംബിച്ചിരുന്ന കര്ദിനാള് ബെര്ഗോളിയോയുടെ തുടക്കത്തിന്റെ തുടര്ച്ച മാത്രമായിരുന്നു ആ പെസഹാവ്യാഴമെന്ന്.
അവിവാഹിതയായ ഒരമ്മയ്ക്ക് ഫ്രാന്സീസ് മാര്പാപ്പ അവരുടെ കുഞ്ഞിന്റെ മാമ്മോദീസാ താന് നടത്തിത്തരാമെന്ന് വാക്ക് നല്കിയത് ഫ്രാന്സീസ് മാര്പാപ്പയോടു ചേര്ന്നുള്ള ചൂടുവാര്ത്തകളില് ഒന്നായിരുന്നു. നിങ്ങളില് പാപം ചെയ്യാത്തവര് കല്ലെറിയട്ടെ എന്ന ക്രിസ്തുവചനത്തിന്റെ ആത്മാവിനോട് ചേര്ന്നുനില്ക്കുന്നതുകൊണ്ടാണ് ഒരു സ്വവര്ഗ്ഗഭോഗി ദൈവാന്വേഷിയാണെങ്കില് അയാളെ കുറ്റംവിധിക്കാന് ഞാനാര് എന്ന് ചോദിക്കാനുള്ള വിവേകം ഫ്രാന്സീസ് മാര്പാപ്പയ്ക്കുണ്ടായത്. ഫ്രാന്സീസ് മാര്പാപ്പ സഭയുടെ പ്രബോധനങ്ങളെ മാറ്റിപ്പറയുകയോ തിരുത്തിയെഴുതുകയോ ചെയ്യുന്നുമില്ല.
പക്ഷേ എല്ലാ പ്രബോധനങ്ങള്ക്കും മീതെയാണ് ദൈവത്തിന്റെ കരുണയെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. ആ കരുണ, ക്രിസ്തു എല്ലാവരെയും രക്ഷിക്കാനാണ് വന്നിരിക്കുന്നതെന്ന് എല്ലാവരും അറിയണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതും. ഫ്രാന്സീസ് മാര്പാപ്പ ഏറ്റവും കൂടുതല് ഉപയോഗിക്കുന്ന വാക്കും കരുണയാണ്. കരുണയെക്കാള് മീതെ ഉയര്ന്നുനില്ക്കുന്ന യാഥാസ്ഥിതികപാരമ്പര്യങ്ങളെയാണ് അദ്ദേഹം എതിര്ക്കുന്നത്.
ചിലരുടെ പ്രബോധനങ്ങള് കേട്ടാല് തോന്നിയിട്ടുണ്ട് അബോര്ഷന്, സ്വവര്ഗ്ഗവിവാഹം എന്നിവ മാത്രമേയുള്ളൂ സഭ ഇടപെടേണ്ടതായ വിഷയങ്ങളായി ഈ ലോകത്തിലുള്ളൂവെന്ന്. മറ്റ് പലതിനോടുമെന്നപോലെ മാത്രം പ്രാധാന്യം കൊടുക്കേണ്ട വിഷയങ്ങളാണിവ. ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങളില് നിന്നെല്ലാം മുഖംതിരിക്കുകയും മേല്പ്പറഞ്ഞ ഒന്നോ രണ്ടോ വിഷയങ്ങളില് മാത്രം മുഴുവന് ശ്രദ്ധയും കൊടുക്കുന്നതും ദൗത്യനിര്വണത്തില് നിന്നുള്ള വീഴ്ചകളായി പരിഗണിക്കേണ്ടിയിരിക്കുന്നു.

വിശന്നുവലഞ്ഞുവന്ന സ്ത്രീക്ക് കൊടുക്കാന് അന്നമില്ലെന്നറിഞ്ഞപ്പോള് ബൈബിളെടുത്ത് കൊടുത്ത് അത് വിറ്റ് ഭക്ഷണം കഴിക്കാന് ഫ്രാന്സീസ് അസ്സീസി അനുവാദം നല്കിയതിന്റെ പുതിയ പതിപ്പായിരുന്നില്ലേ ജസ്യൂട്ട്സ് അഭയാര്ത്ഥി കേന്ദ്രം സന്ദര്ശിച്ചപ്പോള് കാലിയായ കോണ്വെന്റുകള് കൊണ്ട് സഭയ്ക്ക് ഉപയോഗമില്ലെന്നും അവ അഭയാര്ത്ഥികള്ക്കായി തുറന്നുകൊടുക്കണമെന്നുള്ള പ്രഖ്യാപനം? അടുത്തയിടെ പുത്തന് കുര്ബാന ചൊല്ലിയ കൊച്ചച്ചന് പോലും വീട്ടുകാര് പട്ടത്തിന് സമ്മാനിച്ച വില കൂടിയ കാറില്, ഇടവകയിലെ യുവജനസംഘടനയിലെ ചെറുപ്പക്കാരുമൊത്ത് യാത്രയ്ക്ക് പുറപ്പെടുമ്പോള് നീല ഫോര്ഡ് ഫോക്കസ് കാറില് അകമ്പടിയോ സെക്രട്ടറിയോ കൂടാതെയായിരുന്നു മാര്പാപ്പയുടെ ഈ സന്ദര്ശനമെന്ന് വായിക്കുമ്പോള് അതിശയം കൊണ്ട് മൂക്കത്ത് വിരല് വച്ചുപോകുന്നു!

ഒറ്റപ്പെട്ടുപോകുന്നവരും അഭയാര്ത്ഥികളും ദരിദ്രരും രോഗികളും ഫ്രാന്സീസ് മാര്പാപ്പയുടെ ഹൃദയത്തിന്റെ അയല്ക്കാരാകുന്നു. പ്രസംഗവേദികളെ കൊഴുപ്പിക്കാന് അദ്ദേഹം തിരഞ്ഞെടുക്കുന്ന വിഷയമല്ല ദരിദ്രരും അവരോടുള്ള പക്ഷം ചേരലും. മറിച്ച് ഫ്രാന്സീസിന് ദരിദ്രര് ക്രിസ്തുവിന്റെ ശരീരമാണ്. അവരെ സ്പര്ശിക്കുമ്പോള് ക്രിസ്തുവിന്റെ ശരീരത്തെയാണ് അദ്ദേഹം തൊടുന്നത്. ഫ്രാന്സീസ് പുണ്യവാന് തൊട്ടപ്പോള് കുഷ്ഠരോഗി ക്രിസ്തുവായി രൂപാന്തരപ്പെട്ടതുപോലെ..ദാരിദ്ര്യത്തെ അതിന്റെ പൂര്ണ്ണാര്ത്ഥത്തില് സ്വീകരിച്ചതുകൊണ്ടാണ് ഫ്രാന്സീസ് അസ്സീസിയ്ക്ക് ദരിദ്രരോട് ചായ് വുണ്ടായത്.
ആത്മീയതയെന്നാല് അടക്കവും ഒതുക്കവും നിശ്ശബ്ദതയും ബാഹ്യപ്രപഞ്ചത്തില് നിന്നുള്ള ഒറ്റപ്പെടലുമാണെന്ന പരമ്പരാഗത സങ്കല്പങ്ങളെ തകിടം മറിച്ചുകൊണ്ടല്ലേ ഫ്രാന്സീസ് മാര്പാപ്പ ആഹ്വാനം മുഴക്കിയത് ജീന്സും ടീഷര്ട്ടുമിട്ട പാട്ടുപാടുന്ന, സിനിമ കാണുന്ന ഫുട്ബോള് കളിക്കുന്ന ഒരു പുതുസംഘം യുവജനസുവിശേഷപ്രവര്ത്തകരെയാണ് നമുക്കാവശ്യമെന്ന്. സിനിമയും നിലവിളക്കും യോഗയും താലിയും പൊട്ടും എല്ലാം ക്രിസ്തീയതയ്ക്ക് വിരുദ്ധമാണെന്ന് എഴുതി തിമിര്ക്കുന്ന നമ്മുടെ പരമ്പരാഗത വിശ്വാസികള്ക്ക് ഇത് ദഹിക്കുമോ ആവോ? ആടുകയും പാടുകയും ചെയ്തിരുന്ന ഫ്രാന്സീസ് പുണ്യവാനെക്കുറിച്ച് വായിച്ചിട്ടില്ലേ?

സ്ത്രീയായി പിറക്കാത്തതിന് നന്ദി പറയുന്ന പഴയനിയമപാരമ്പര്യത്തില് നിന്ന് എന്നും അകന്നുനിന്നിട്ടേയുള്ളൂ അസ്സീസി പുണ്യവാന്. പരസ്പരം ശക്തിപ്പെടുത്തുകയും ഒരുമിച്ചുപ്രവര്ത്തിക്കുകയും ചെയ്യേണ്ടവരാണ് സ്ത്രീയും പുരുഷനും എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ആത്മസൗഹൃദത്തിന്റെ പുഴകളില് നിര്മ്മലമാനസരായി ഒന്നുപോലെ നീന്തിത്തുടിച്ച രണ്ടുപേര് അസ്സീസിയിലെ ക്ലാരയെയും ഫ്രാന്സീസിനെയും പോലെ അധികം പേരുണ്ടോയെന്നറിയില്ല. ആ വിശുദ്ധിയാണ് ഇരുവരും തമ്മില് സംസാരിച്ചിരുന്നപ്പോള് ആ ഭവനത്തിന് തീപിടിച്ചതാണെന്ന് മറ്റുള്ളവര് കരുതാന് കാരണം പോലും. വിശുദ്ധിയുടെ ചിറകുകളില് ഒന്നുപോലെ പറന്നുയര്ന്നവരായിരുന്നു അവര്.
സ്ത്രീയെ എന്നും അര്ഹിക്കുന്ന ആദരവോടെ സ്വീകരിച്ചുപോരുന്ന പാരമ്പര്യം ബെര്ഗോളിയോയുടെ രക്തത്തിലുമുണ്ട്. തന്നെ വളരെയധികം സ്വാധീനിച്ച ഒരു സ്ത്രീ- തന്നെ ഏറ്റവുമധികം സ്നേഹിച്ചതും- വല്യമ്മച്ചിയാണെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ടല്ലോ? അതുകൊണ്ടാണ് സഭയില് സ്ത്രീകള്ക്കുളള പ്രാധാന്യത്തെക്കുറിച്ച് കിട്ടുന്ന അവസരങ്ങളിലെല്ലാം അദ്ദേഹം വാചാലനാകുന്നത്. ബെര്ഗോളിയോ ഫ്രാന്സീസായി ഉയര്ത്തപ്പെട്ടപ്പോള് അദ്ദേഹത്തെ ആദ്യം സന്ദര്ശിച്ചവരുടെ പട്ടികയില്പെടുന്ന അര്ജന്റീനയിലെ വനിതാ പ്രധാനമന്ത്രിയെയും ലോകയുവജനസംഗമത്തിലെത്തിയപ്പോള് ബ്രസീലിലെ വനിതാപ്രസിഡന്റിനെയും ഏറ്റവും ഒടുവിലായി ജോര്ദ്ദാന് രാജാവ് സന്ദര്ശിച്ചപ്പോള് അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന രാജ്ഞിയെയും ഫ്രാന്സീസ് മാര്പാപ്പ സ്വീകരിച്ചത് എങ്ങനെയെന്ന് ലോകം കണ്ടതാണ്. സ്ത്രീകള് സഭയുടെ അത്യാവശ്യഘടകമാണ്. മേരി എന്ന സ്ത്രീ മെത്രാനെക്കാള് പ്രധാനപ്പെട്ടതാണ്. അങ്ങനെയാണ് മാര്പാപ്പ പറയുന്നത്.

ദൈവത്തിന്റെ വിശുദ്ധിയോട് തുലനം ചെയ്യുമ്പോള് അവിടുത്തെ മുമ്പില് നില്ക്കാന് പോലും യോഗ്യതയില്ലാത്തവനാണ് മനുഷ്യന്. ഞാന് ദുര്ഭഗനായ മനുഷ്യന് എന്ന് അതുകൊണ്ടാണ് അപ്പസ്തോലന് വിലപിച്ചതും. അതേ വിലാപം ഫ്രാന്സീസ് അസ്സീസിയും മുഴക്കിയിട്ടുണ്ട്. ലോകത്തിലേക്കും വച്ചേറ്റവും വലിയ പാപിയാണ് താന്.
ഫ്രാന്സീസ് മാര്പാപ്പയുമായി നടത്തിയ ആദ്യ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള് അതില് അഭിമുഖകാരന്റെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു, ആരാണ് ജോര്ജ് ബെര്ഗോളിയോ. ഒരുനിമിഷം ആ ചോദ്യത്തിന് മുമ്പില് പകച്ചുപോയിട്ട് നിശ്ശബ്ദതയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. ഞാനൊരു പാപിയാണ്.. മേനിനടിക്കലിന്റെ ഭാഗമായുള്ള ഒരു പ്രസ്താവനയല്ല ഇതെന്ന് തുടര്ന്നുപറയാനും അദ്ദേഹം മടിച്ചില്ല…

അസ്സീസിയിലെ വിശുദ്ധ ഫ്രാന്സീസിന് എല്ലാവരും സഹോദരങ്ങളായിരുന്നു. മനുഷ്യരും മൃഗങ്ങളും എല്ലാം. നായ്ക്കുട്ടിയുമായി തന്നെ കാണാന് വന്ന സ്ത്രീയെ മാത്രമല്ല ആ ജന്തുവിനും ആശീര്വാദം നല്കാന് ഫ്രാന്സീസ് മാര്പാപ്പ മറന്നില്ല എന്ന് വായിക്കുമ്പോള് 13 -ാം നൂറ്റാണ്ടിലെ ഫ്രാന്സീസില് നിന്ന് 21 -ാം നൂറ്റാണ്ടിലെ ഫ്രാന്സീസ് മാര്പാപ്പയ്ക്ക് ഏറെ അകലമില്ലെന്ന് തോന്നല് പിന്നെയും ശക്തമാവുകയാണ്. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ഓര്മ്മപ്പെടുത്തിക്കൊണ്ട് ഒരു പ്രത്യേകദിനം തന്നെ ഫ്രാന്സിസ് മാര്പാപ്പ പ്രഖ്യാപിച്ചു. കൂടാതെ ലൗദാത്തോസി എന്ന പ്രകൃതിസ്നേഹത്തിന്റെ പുതിയ സുവിശേഷവും നല്കി.

ഫ്രാന്സീസ് അസ്സീസി നവീകരണം തന്നില് നിന്ന് തന്നെയാണ് തുടങ്ങിയത്. ഫ്രാന്സീസ് മാര്പാപ്പ സ്വയം മാതൃക കാണിച്ചുകൊണ്ടാണ് നവീകരണപ്രക്രിയയ്ക്ക് ആരംഭം കുറിച്ചിരിക്കുന്നത്. നാം ക്രിസ്തുവിന്റെ പേരിലുള്ള സഭയായതുകൊണ്ട് കാര്യമില്ല ക്രിസ്തുവിന്റെ സഭയാകണം നമ്മള്. അതിന് ക്രിസ്തുവിലേക്ക് തിരിയണം. ക്രിസ്തു ആരാണെന്ന് അറിയണം. അവിടുത്തെ പ്രബോധനങ്ങള് വളച്ചൊടിക്കുകയല്ല അവിടുത്തെ പാദാന്തികത്തിലിരുന്ന് ധ്യാനിക്കുകയാണ് നാം ചെയ്യേണ്ടത്. ആ സംഭവത്തോട്, വ്യക്തിയോട് ക്രിസ്തു എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് അന്വേഷിക്കുക.. അപ്പോള് നമുക്ക് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന് കഴിയും. കാണാന് കണ്ണുള്ളവന് കാണട്ടെ.കേള്ക്കാന് ചെവിയുള്ളവന് കേള്ക്കട്ടെ
ഫ്രാന്സീസ് എന്ന പേര് വെറുമൊരു പേരിനെക്കാള് ഉന്നതമാണ്. അത് സഭയ്ക്ക് വേണ്ടിയുള്ള ദൈവപദ്ധതിയാണ്. സഭയെ പുനരുദ്ധരിക്കാന് ദൈവം അയച്ച രണ്ടാമത്തെ ഫ്രാന്സീസാണ് ഫ്രാന്സീസ് മാര്പാപ്പ- ലെയനോര്ഡോ ബോഫ്.

 

വിനായക്  നിര്‍മല്‍

You must be logged in to post a comment Login