വീണുപോയ എതിരാളിയെ പിടിച്ചെഴുന്നേല്‍പിച്ച നന്മയുടെ ഒളിംപിക് ചിത്രം!

വീണുപോയ എതിരാളിയെ പിടിച്ചെഴുന്നേല്‍പിച്ച നന്മയുടെ ഒളിംപിക് ചിത്രം!

എതിരാളി വീഴാന്‍ കാത്തിരിക്കുന്നവരുടെ മുന്നില്‍ മാനവസ്‌നേഹത്തിന്റെയും യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെയും മാതൃകയായി ഇതാ ഒരു ഒളിംപിക് ഓട്ടക്കാരി. അമേരിക്കന്‍ താരമായ ആബി ഡി അഗസ്റ്റീനോ ആണ് ഒളിംപിക് അധികൃതരുടെയും കായിക സ്‌നേഹികളുടെയും ഹൃദയത്തില്‍ തൊട്ടത്.

സംഭവം ഇങ്ങനെ. ചൊവ്വാഴ്ച നടന്ന വനിതകളുടെ 5000 മീറ്റര്‍ ദീര്‍ഘദൂര ഓട്ടമത്സരത്തിന്റെ ഹീറ്റ്‌സ് നടക്കുന്നതിനിടയില്‍ ന്യൂസിലാന്‍ഡിന്റെ നിക്കി ഹാംബ്ലിന്‍ ട്രാക്കില്‍ അടിതെറ്റിവീണു. തൊട്ടു പിന്നാലെ വന്ന ആബി അഗസ്റ്റീനോ വീണു കിടന്ന നിക്കിയെ മുട്ടി മുന്നോട്ടാഞ്ഞു വീഴുകയും ചെയ്തു. എന്നാല്‍ അതിവേഗം എഴുന്നേറ്റ അഗസ്റ്റീനോ വീണു കിടന്ന നിക്കിയെ മറികടന്ന് ഓടുന്നതിനു പകരം അവരെ കൈ പിടിച്ച് എഴുന്നേല്‍പിക്കുകയായിരുന്നു.

നിസ്വര്‍ത്ഥതയുടെ ഈ പ്രകടനം കണ്ട് കമന്റേറ്റര്‍മാര്‍ പോലും നിരുദ്ധകണ്ഠരായി. നിക്കിയെ സഹായിച്ച ശേഷം വേദന വകവയ്ക്കാതെ വീണ്ടും ഓടിയ അഗസ്റ്റീനോ സാവധാനത്തിലാണ് പിന്നീടുള്ള ദൂരങ്ങള്‍ പിന്നിട്ടത്. ഒരു തവണ ഇടറി വീണിട്ടും അവര്‍ ഫിനീഷ് ചെയ്യുക തന്നെ ചെയ്തു. നിറഞ്ഞ ചിരിയോടെ ഓട്ടം പൂര്‍ത്തിയാക്കിയ അവരെ നിക്കി ഹംബ്ലിന്‍ നിറമിഴികളോടെ ആലിംഗനം ചെയ്തത് മാനവസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായി.

സാഹചര്യത്തെ അത് അര്‍ഹിക്കുന്ന ഗൗരവത്തിലെടുത്ത ഒളിംപിക് കമ്മിറ്റി രണ്ടു പേര്‍ക്കും ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശനം നല്‍കി.

 

ഫ്രേസര്‍

You must be logged in to post a comment Login