വീണ്ടും ചില ‘വീടു’ വിശേഷങ്ങള്‍

വീണ്ടും ചില ‘വീടു’ വിശേഷങ്ങള്‍

ചില അദ്ധ്യാപകര്‍ അങ്ങനെയാണ്. വിദ്യാര്‍ഥികള്‍ക്ക് പ്രിയപെട്ടവര്‍. അച്ചടിച്ച പാഠപുസ്തകത്തിലെ സമവാക്യങ്ങളേക്കാള്‍ മഹത്തായ അനുഭവ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ചുരുക്കം ചിലര്‍. നന്മയുടെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഒരു അധ്യാപികയുണ്ട്. ദൈവത്തിന്റെ അനന്തമായ കരുണയുടെ ഒരു സാക്ഷ്യപത്രം. സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍.

വിദ്യാര്‍ത്ഥികളെ മക്കളെ പോലെ സ്‌നേഹിക്കുന്ന തോപ്പുംപടി ഔവര്‍ ലേഡീസ് സ്‌കൂളിലെ അദ്ധ്യാപിക. തനിക്ക് പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും തിരിച്ചറിഞ്ഞ ഒരു യാഥാര്‍ത്ഥ്യമാണ് സിസ്റ്റര്‍ ലിസിയെ വലിയൊരു ലക്ഷ്യത്തിലേക്ക് നയിച്ചത്. ‘ഭവനരഹിതരില്ലാത്ത കേരളം’ എന്ന ലക്ഷ്യം.

വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് സിസ്റ്റര്‍ ലിസി സുരക്ഷിതമായി ഒന്നു തലചായ്ക്കാന്‍ ഒരു ചെറു ഭവനം പോലുമില്ലാത്തവരെക്കുറിച്ച് അറിയുന്നത്. അരക്ഷിതാവസ്ഥ നിറഞ്ഞ കുറെപ്പേരുടെ ജീവിതസാഹചര്യങ്ങളെ മനസ്സിലാക്കിയതും അപ്പോള്‍. ഈ തിരിച്ചറിവുകള്‍ക്കൊടുവിലാണ് ‘ഹൗസ് ചലഞ്ച്’ എന്ന പദ്ധതിയുമായി സിസ്റ്റര്‍ ലിസി മുന്നിട്ടിറങ്ങിയത്. നാല്‍പതു വര്‍ഷം മുമ്പായിരുന്നു സിസ്റ്റര്‍ ലിസി ഹൗസ് ചലഞ്ച് എന്ന പദ്ധതി രൂപീകരിച്ചത്.

ഒരു സാധാരണക്കാരന്റെ കൈയ്യിലുള്ള സാമ്പത്തിക ഭദ്രതപോലും ഇല്ലാതിരുന്ന സമയം. നിറയെ നന്മയുള്ള ആ മനസ് എല്ലാ വെല്ലുവിളികളേയും ദൈവത്തിങ്കലേക്ക് ഏല്‍പിച്ച് ലക്ഷ്യത്തിലേയ്ക്ക് മുന്നേറി. നാലുവര്‍ഷംകൊണ്ട് സിസ്റ്റര്‍ ലിസിയുടെ നേതൃത്വത്തില്‍ ഭവനം ലഭിച്ചത് ഇരുപത്തിയഞ്ചിലധികം ഭവനരഹിതര്‍ക്ക്.

തോപ്പുംപടി ഔവര്‍ ലേഡീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ സഹകരണവും സഹായവുമാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ ഊര്‍ജം.

പ്രധാന പ്രവര്‍ത്തന മേഖല കൊച്ചിയാണെങ്കിലും തന്റെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും ഒരിടത്തു മാത്രം ഒതുക്കാന്‍ സിസ്റ്റര്‍ ലിസി തയ്യാറല്ല. തലസ്ഥാനനഗരമായ തിരുവനന്തപുരത്തും സാംസ്‌കാരിക കേന്ദ്രമായ തൃശൂരുമെല്ലാം ഇപ്പോള്‍ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.  തനിയ്ക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ അവിടെയെല്ലാം മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എതാണ് സിസ്റ്റര്‍ ലിസിയുടെ അനുഭവ ദര്‍ശനം.

നല്ല കുടുംബാന്തരീക്ഷമാണ് ഒരു വ്യക്തിയുടെ സമഗ്രവളര്‍ച്ചയില്‍ ഏറ്റവും സഹായകരമാകുന്നത്. പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് സിസ്റ്റര്‍ ലിസി ഈ തിരിച്ചറിവിലെത്തിയത്. ഹൃദയത്തില്‍ നിറഞ്ഞ പ്രാര്‍ത്ഥനകളുമായി പ്രവര്‍ത്തിക്കാനാരംഭിച്ചപ്പോള്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ നിരവധി പേര്‍ ഇപ്പോള്‍ സന്നദ്ധരാണ്. മുക്കാല്‍ സെന്റിലും ഒരു സെന്റിലുമെല്ലാം സുന്ദര ഭവനങ്ങള്‍ ഉയര്‍ന്നു. സര്‍ക്കാരിന്റെ ഭവന പദ്ധതികളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ ഇപ്പോള്‍. സ്സിറ്റര്‍ ലിസിയുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത സംഘടനകളും നിരവധിയാണ്.

സന്യാസ ജീവിതത്തിന്റെ ജൂബിലി നിറവിലും സിസ്റ്റര്‍ ലിസി  തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് ദൈവത്തിന്റെ കരുണയുടെ മുഖം മാതൃകയാക്കിയ ക്രിസ്തു സാക്ഷ്യമായ്…

 

ലെമി തോമസ്

You must be logged in to post a comment Login