വീഴുന്നവര്‍ക്കായി ഒന്നു നില്‍ക്കാമോ?

വീഴുന്നവര്‍ക്കായി ഒന്നു നില്‍ക്കാമോ?

റിയോ ഒളിംപിക്‌സില്‍ 5000 മീറ്റര്‍ ഓട്ട മത്സരത്തിനിടെ നടന്ന ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒരു സംഭവം നമ്മള്‍ ക്രിസ്ത്യാനികള്‍ക്കും വലിയൊരു മാതൃകയാണ്. ദീര്‍ഘദൂര ഓട്ടമത്സരത്തിന്റെ ഹീറ്റ്‌സിനിടെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന ന്യൂസിലാന്‍ഡുകാരി നിക്കി ഹാംബ്ലിന്‍ ട്രാക്കില്‍ വീണു. തൊട്ടു പിന്നാലെ ഓടിയെത്തിയ അമേരിക്കയുടെ താരം ആബി ഡി അഗസ്റ്റീനോ നിക്കിയെ തട്ടി മറിഞ്ഞു വീണു.

അഗസ്റ്റീനോ ആണ് ആദ്യം എഴുന്നേറ്റത്. വേണമെങ്കില്‍ നിക്കിയെ മറികടന്ന് ഓടാന്‍ കഴിയുമായിരുന്നിട്ടും അതിന് തുനിയാതെ അഗസ്റ്റീനോ നിക്കിയെ കൈ പിടിച്ച് എഴുന്നേല്‍പിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. അപ്പോഴേക്കും അഗസ്റ്റീനോ വളരെ പിിന്നലായി കഴിഞ്ഞിരുന്നു.

ഈ സംഭവം കാഴ്ചക്കാരുടെയും ഒളിംപിക് കമ്മിറ്റിയുടെയും കമന്റേറ്റര്‍മാരുടെയുമെല്ലാം പ്രശംസയ്ക്കു പാത്രമായി. ജീവിതമെന്ന ഓട്ട മത്സരത്തില്‍ മറ്റുള്ളവന്റെ വീഴ്ച ആഘോഷിക്കുവരാണ് നമ്മള്‍ പലപ്പോഴും. ഒരാള്‍ വീഴുമ്പോള്‍ അയാളുടെ അവസരം തട്ടിയെടുക്കാമല്ലോ എന്ന് ചിന്തിക്കുവരുടെ ലോകത്തില്‍ നമുക്ക് അഗസ്റ്റീനോയെ പോലെ നിസ്വാര്‍ത്ഥരാകാന്‍ കഴിയുമോ?

യേശു മുന്നോട്ടു വയ്ക്കുന്ന അന്ത്യവിധിയുടെ പാഠങ്ങള്‍ വീണ്ടും എടുത്തു വായിക്കാം. വിശക്കുവരുടെയും ദാഹിക്കുവരുടെയും കാരാഗ്രഹത്തില്‍ കഴിയുവരുടെയും രോഗികളുടെയും കൂടെ നില്‍ക്കാന്‍ കഴിയുമോ എതാണ് യേശുവിന്റെ ചോദ്യം. ജീവിതമാകുന്ന ഓട്ട മത്സരത്തില്‍ വീണു പോയവരുടെ കൂടെ ഒരു നിമിഷം ഓട്ടം നിര്‍ത്തി നമുക്ക് നില്ക്കാന്‍ സാധിക്കുമോ? അവിടെയാണ് ക്രിസ്തീയതയുടെ അന്തസത്ത. ജയത്തേക്കാള്‍ ദൈവസിധിയില്‍ മഹത്വമുള്ളതാണ് ഈ നല്ല മനസ്സ്.

മഹാഭാരതത്തിന്റെ അവസാനം സ്വര്‍ഗം ലക്ഷ്യമാക്കി വലിയ ഒരു യാത്രയ്ക്കു പോകുന്ന പാണ്ഡവരില്‍ ഓരോരുത്തരായി വീഴുന്ന രംഗമുണ്ട്. ആദ്യം വീഴുന്നത് പാഞ്ചാലി. പിന്നെ ഇളയ പാണ്ഡവര്‍. അപ്പാഴെല്ലാം ഒരാള്‍ മാത്രമാണ് അതിനെ കുറിച്ച് ആകുലപ്പെടുന്നത്. അത് ഭീമസേനനാണ്. മറ്റുള്ളവരെല്ലാവരും വേഗത്തില്‍ ഓടുകയാണ്.

സ്വര്‍ഗം ലക്ഷ്യമാക്കി ഓടുമ്പോള്‍ കൂടെയുള്ളവര്‍ വീഴുന്നത് കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോകാന്‍ ഒരു നല്ല ക്രൈസ്തവന് കഴിയില്ല. വീണു പോയവരും നമുക്ക് സഹോദരരാണ്. സോദോം ഗമോറ നശിപ്പിക്കാന്‍ ദൈവം ദൂതനെ അയക്കുമ്പോള്‍ അബ്രാഹം അദ്ദേഹത്തോട് കെഞ്ചുന്നുണ്ട്. അമ്പതു പേരുണ്ടെങ്കില്‍, നാല്പതു പേരുണ്ടെങ്കില്‍…. പത്തു പേരുണ്ടെങ്കില്‍… നശിപ്പിക്കാതിരിക്കുമോ? സഹോദരങ്ങള്‍ക്കു വേണ്ടി ഇങ്ങനെ അപേക്ഷിക്കുന്ന മനസ്സാണ് ക്രിസ്തീയത.

വീണു പോകുന്നവരുടെ വീഴ്ചകളെ ആഘോഷമാക്കുന്ന, വീണു പോയവരെ തള്ളിപ്പറഞ്ഞു കൊണ്ട് മുന്നേറുന്ന ലോകത്ത് പതിതരുടെയും കുഷ്ഠരോഗികളുടെയും കരം പിടിക്കുന്ന ക്രിസ്തുവിനൊപ്പം നില്‍ക്കാന്‍ കഴിയുമോ?

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login