വെറും ഏഴുവര്‍ഷം കൊണ്ടൊരു കറ കളഞ്ഞ ക്രിസ്ത്യാനി

വെറും ഏഴുവര്‍ഷം കൊണ്ടൊരു കറ കളഞ്ഞ ക്രിസ്ത്യാനി

blessed-devasahayam-pillaiമുപ്പത്തിമൂന്നാം വയസില്‍ ക്രിസ്തു മരിച്ചു. മുപ്പത്തിമൂന്നാം വയസില്‍ ഇന്നത്തെ കന്യാകുമാരി ജില്ലയില്‍ പത്മനാഭപുരത്തിന് സമീപം നട്ടാലത്ത് മരുതക്കുളങ്ങര എന്ന നായര്‍കുടുംബത്തില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകിഅമ്മയുടെയും മകനായി ജനിച്ച നീലകണ്ഠപിള്ള ക്രിസ്തുവില്‍ ജനിച്ചു. ഒടുവില്‍ നാല്പതാം വയസില്‍ ക്രിസ്തുവിന് വേണ്ടി രക്തം ചിന്തി  ദേവസഹായം
പിളളയായി മരിച്ചു. ആ ധീരരക്തസാക്ഷിത്വത്തിന് കിട്ടിയ ആദരവും സ്‌നേഹവുമാണ് 2011 ല്‍ കത്തോലിക്കാസഭ അദ്ദേഹത്തിന് നല്കിയ വാഴ്ത്തപ്പെട്ട പദവി. വെറുംഏഴുവര്‍ഷത്തെ ക്രൈസ്തവജീവിതത്തിന് കിട്ടിയ ആദരം.!

പ്രശസ്തമായ നായര്‍ കുടുംബത്തില്‍ 1712 ഏപ്രില്‍ 23 നാണ് നീലകണ്ഠപിള്ളജനിച്ചത്. ഭാര്‍ഗ്ഗവി അമ്മാളായിരുന്നു ഭാര്യ. തിരുവിതാംകൂര്‍ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനായ മഹാരാജാവ് മാര്‍ത്തണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ കാര്യവിചാരകനായി നീലകണ്ഠപിള്ളയ്ക്ക് ജോലി കിട്ടി.  ഇതേ
കാലയളവിലാണ് ചരിത്രപ്രസിദ്ധമായ  കുളച്ചല്‍ യുദ്ധം നടന്നത്.ഡച്ചുസൈന്യത്തെ നിഷ്പ്രയാസം തോല്പിക്കാന്‍ തിരുവിതാംകൂര്‍ സേനയ്ക്ക് സാധിച്ചു. ഡച്ചുസൈന്യത്തില്‍ പ്രമുഖരെ തിരുവിതാംകൂര്‍ സൈന്യം തടവിലാക്കി.അക്കൂട്ടത്തില്‍ ഡച്ചുസൈന്യാധിപന്‍ എസ്താക്കിയൂസ് ബെനഡിക്ട് ഡിലനോയിയും ഉണ്ടായിരുന്നു.യുദ്ധത്തടവുകാരനായി പിടികൂടിയ ഡിലനോയിയുടെ സാമര്‍ത്ഥ്യവും വ്യക്തിമാഹാത്മ്യവും തിരിച്ചറിഞ്ഞ് അദ്ദേഹത്തെ മോചിതനാക്കാനും പിന്നീട്
തിരുവിതാംകൂര്‍ സൈന്യത്തെ നവീകരിക്കാനുള്ള ചുമതലക്കാരനായി നിയോഗിക്കാനും
മാര്‍ത്താണ്ഡവര്‍മ്മ തയ്യാറായി.

ബല്‍ജിയംകാരനായ ഡിലനോയ് ഉത്തമനായ കത്തോലിക്കനായിരുന്നു. മാത്രവുമല്ല
തന്റെ ജീവിതചുറ്റുപാടുകളില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന നല്ലൊരു
മിഷനറികൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രേഷിതതീക്ഷ്ണതയാണ്
ഉദയഗിരിക്കോട്ടയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം
വഹിക്കുന്ന നീലകണ്ഠപിള്ളയെ അദ്ദേഹത്തോട് അടുപ്പിക്കാന്‍ കാരണമായതും
സുദൃഢമായ വ്യക്തിബന്ധം സ്ഥാപിക്കാന്‍ നിമിത്തമായതും. പരസ്പരം
ഹൃദയരഹസ്യങ്ങളും ഭാരങ്ങളും പങ്കുവയ്ക്കുന്നതിനിടയില്‍ ഇപ്പോള്‍ തന്റെ
കുടുംബം അനുഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കും കാരണം ദേവീകോപമാണെന്ന്
നീലകണ്ഠ പിള്ള പറഞ്ഞപ്പോള്‍ നീതിമാന്‍ എന്തുകൊണ്ട് സഹിക്കണം എന്നതിന്
എന്നത്തെയും മികച്ച മാതൃകയായ ബൈബിള്‍ പഴയനിയമത്തിലെ ജോബിനെക്കുറിച്ച്
ഡിലനോയ് പറഞ്ഞു. പിന്നെ പാപികളുടെ മോചനത്തിന് വേണ്ടി പീഡനങ്ങളേറ്റ്
കാല്‍വരിക്കുരിശില്‍ പിടഞ്ഞുമരിച്ച ക്രിസ്തുവിനെയും അവിടുത്തെ
ഉയിര്‍പ്പിനെക്കുറിച്ചും.   ഡിലനോയിയുടെ വാക്കുകളിലൂടെ,
പ്രവര്‍ത്തനങ്ങളിലൂടെ നീലകണ്ഠപിള്ളയില്‍ ക്രിസ്തു പിറവിയെടുക്കുകയും
വളരുകയുമായിരുന്നു. ക്രിസ്തു സ്വര്‍ഗ്ഗത്തോളം വളരുന്ന സ്‌നേഹമായി
നീലകണ്ഠപ്പിള്ളയില്‍ മാറുകയായിരുന്നു.

എനിക്ക് ക്രിസ്തുവിനെ സ്വന്തമാക്കണം.ക്രിസ്തുവിന്റെ സ്വന്തമാകണം.
നീലകണ്ഠപ്പിള്ള പറഞ്ഞു.ആ തീരുമാനം ഡിലനോയിയെ സന്തോഷിപ്പിച്ചു. തിരുനല്‍വേലി, വടക്കന്‍കുളം തിരുക്കുടുംബദേവാലയ വികാരി ഫാ.ബുത്തേരിയുടെ പക്കലേയ്ക്ക് അദ്ദേഹം
നീലകണ്ഠപ്പിള്ളയെ അയച്ചു. ജ്ഞാനപ്രകാശ്പിള്ള എന്ന ഉപദേശി
ക്രൈസ്തവമതതത്വങ്ങള്‍ പിള്ളയെ പഠിപ്പിച്ചുതുടങ്ങി. പക്ഷേ ജ്ഞാനസ്‌നാനം
ഏറെ നാളത്തെ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ശേഷമാണ് നടന്നത്.

1745 മെയ് 17 ന് ഫാ. ബുട്ടാരിയില്‍ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ച്
പിള്ള ലാസര്‍ – ദൈവം സഹായിച്ചു, ദൈവത്തിന്റെ സഹായം എന്നൊക്കെ അര്‍ത്ഥം-
അഥവാ ദേവസഹായം പിള്ള എന്ന പേരു സ്വീകരിച്ചു. പിള്ളയുടെ ഭാര്യയും
മാമ്മോദീസാ സ്വീകരിച്ച് ത്രേസ്യ അഥവാ ജ്ഞാനപ്പൂ എന്ന പേരു സ്വീകരിച്ചു.
മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രധാനമന്ത്രിയായ രാമയ്യന്‍ ദളവയെ
ക്രൈസ്തവമതപ്പരിവര്‍ത്തനം കോപാകുലനാക്കി. നിന്നെയും നിന്റെ കൂട്ടുകാരെയും കഴുമരത്തില്‍ കയറ്റുമെന്നായിരുന്നു ദളവായുടെ പ്രഖ്യാപനം. തനിക്ക് മീതെ മതവിദ്വേഷത്തിന്റെ കഴുകന്‍
വട്ടമിട്ടുപറക്കുന്നത് അന്നുമുതല്‍ പിള്ള മനസ്സിലാക്കിത്തുടങ്ങി.പിള്ളയുടെ മതംമാറ്റം രാജാവിനും രാജ്യത്തിനും എതിരെയുള്ള നീക്കമെന്ന നിലയിലാണ് ദളവാ രാജസന്നിധിയില്‍ അറിയിച്ചത്. ബ്രാഹ്മണരും ദളവായ്ക്ക്ഒപ്പമുണ്ടായിരുന്നു. സംഘടിതനീക്കത്തിലൂടെ പിള്ളയെ രാജ്യശത്രുവായി അവതരിപ്പിക്കുന്നതില്‍ ആ ഉപജാപകസംഘം വിജയിച്ചു. ബ്രാഹ്മണഭക്തനും അവരുടെ പ്രീതി തേടിയിരുന്നവനുമായ രാജാവ് പിള്ളയ്‌ക്കെതിരെയുള്ള  നീക്കങ്ങള്‍ക്ക് അനുമതി നല്കി.

You must be logged in to post a comment Login