വെളിച്ചമാണുണ്ണി സുഖപ്രദം

വെളിച്ചമാണുണ്ണി സുഖപ്രദം

‘വെളിച്ചം ദു:ഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം’ എന്ന കവി വാക്യത്തെ മാറ്റിയെഴുതുകയാണ് ഫാദര്‍ എബ്രഹാം മാത്യു എടയക്കാട്ടിലിന്റെ ജീവിതം.ആത്മീയ വെളിച്ചം കൊണ്ട് വിശ്വാസികളെ നിറയ്ക്കുന്ന ഈ വൈദികന്‍ ഇന്ന് അനേകായിരങ്ങളുടെ കണ്ണിലും പ്രകാശം നിറയ്ക്കുന്നു.

വയനാട് ജില്ലയിലെ കാര്യമ്പാടി കണ്ണാശുപത്രിയുടെ ചരിത്രം തന്നെയാണ് ഈ വൈദികന്റെ ജീവിതവും. 1972 ല്‍ ഫാദര്‍ എബ്രഹാം മാത്യു എടയക്കാട്ടില്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ആരംഭിച്ച മലബാര്‍ ഭദ്രാസന മെഡിക്കല്‍ മിഷനാണ് ഇന്നത്തെ കാര്യമ്പാടി കണ്ണാശുപത്രിയായി മാറിയത്. അജപാലനശുശ്രൂഷയുടെ അമ്പതാണ്ട് പിന്നിടുന്ന ഫാദര്‍ എബ്രഹാം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ സീനിയര്‍ വൈദികനാണ്.

കാര്യമ്പാടി കണ്ണാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ വൈദികന് ദൈവവേലയാണ്. ഇതിനോടകം വിവിധ ജില്ലകളില്‍ 558 നേത്രപരിശോധനാ ക്യാമ്പുകള്‍. ആയിരങ്ങള്‍ക്ക് സൗജന്യ ചികിത്സ. സൗജന്യമായി കണ്ണടകള്‍ നല്‍കിയത് അയ്യായിരത്തിലധികം പേര്‍ക്ക്.  അനേകായിരങ്ങള്‍ക്ക് ഇരുട്ടിനെ അതിജീവിച്ച് വെളിച്ചത്തിന്റെ വാതില്‍ തുറക്കുന്ന കാരുണ്യപ്രവര്‍ത്തനങ്ങളിലെല്ലാം എടയക്കാട്ടിലച്ചന്റെ കയ്യൊപ്പുണ്ട്.

എറണാകുളം ജില്ലയിലെ പിറവം കരയില്‍ എടയക്കാട് എസി മാത്യു വൈദ്യന്റെയും അന്നമ്മ മാത്യുവിന്റെയും മകനായിട്ടായിരുന്നു ജനനം. വൈദികനായതിനുശേഷം വയനാട്ടിലെ നിരവധി ഇടവകകളില്‍ സേവനം ചെയ്തു. ഒപ്പം പുതിയ ഇടവകകളും ദേവാലയങ്ങളും സ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കി.

വിവിധയിടങ്ങളില്‍നിന്നു ഫണ്ടുകള്‍ സമാഹരിച്ച് നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹം, ഭവനരഹിതര്‍ക്ക് ഭവനം, ചികിത്സ സഹായം പഠനസഹായം ഇങ്ങനെ നീളുന്നു ഏടയക്കാട്ടിലച്ചന്റെ സേവനങ്ങള്‍.

നിരവധിയായ സാമൂഹ്യ സേവനങ്ങള്‍ക്കൊപ്പം കാര്യമ്പാടി കണ്ണാശുപത്രിയെ മലബാറിലെ മികച്ചതാക്കാനും ഇനിയും പണമില്ലാത്തതിനാല്‍ ഇരുട്ടിലാണ്ടുപോയവര്‍ക്ക് വെളിച്ചം നല്‍കുകയുമാണ് എടയക്കാട്ടിലച്ചന്റെ ഭാവി സ്വപ്‌നങ്ങള്‍.

മികച്ച സേവനത്തിന് സഭയുടെ കോറെപ്പിസ്‌കോപ്പ പദവി ലഭിച്ച ഇദ്ദേഹം മലബാര്‍ ഭദ്രാസനത്തിലും ബത്തേരി ഭദ്രാസനത്തിലും വൈദികസംഘം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.

ലെമി തോമസ്‌

You must be logged in to post a comment Login