വെള്ളിച്ചരട് പൊട്ടും; കനകപാത്രങ്ങൾ തകരും

ആ ദിവസങ്ങളിൽ അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള മക്അല്ലെൻ എന്ന കൊച്ചുപട്ടണത്തിൽ ആയിരുന്നു ഞാൻ. അവിടെയാണ് ശാലോമിന്റെ അമേരിക്കയിലെ ആസ്ഥാനം. രണ്ടുദിവസം മുൻപു ലണ്ടനിൽ നിന്ന് എത്തിയതേയുള്ളൂ. ഒരാഴ്ച കഴിഞ്ഞു മടക്കം. അതായിരുന്നു പരിപാടി.
2013 ഒക്ടോബർ 27; ഞായറാഴ്ച.
ശാലോം ഓഫീസിലെ ഒരു കൊച്ചു ചാപ്പൽ. ഇരുനില വീടിന്റെ രണ്ടാമത്തെ നിലയിൽ ഒരു മുറി. അൾത്താരയിൽ എഴുന്നള്ളിച്ചുവച്ച ദിവ്യകാരുണ്യം. നേരം പുലരുന്നതേയുള്ളൂ. ഏറെ വൈകിയിരുന്നു തലേ രാത്രി ഉറങ്ങാൻ. എന്നിട്ടും അതിരാവിലെ തന്നെ ഉണർന്നു. നിശബ്ദതതയിൽ ദൈവത്തെ ആരാധിക്കാൻ ഇതിലും നല്ലൊരു വേളയില്ല; സ്വസ്ഥം, ശാന്തം. ദൈവവും ഞാനും മുഖാഭിമുഖം കാണുന്ന നിമിഷങ്ങൾ. തറയിൽ ചമ്രംപടിഞ്ഞിരുന്നു കണ്ണുകൾ പൂട്ടി. കുറച്ചു കഴിഞ്ഞപ്പോൾ ഫാ റോയി പലാട്ടി സിഎംഐ അരികിൽ വന്നു മുട്ടുകുത്തി.
ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം തിരക്കി: “ഒരു കടുംകാപ്പി കുടിച്ചാലോ?”
ആവാമെന്ന് ഞാൻ തലയാട്ടി. ഞങ്ങൾ അടുക്കളയിലേക്കു നടന്നു. ചൂടൂതി കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി മറ്റൊരാൾ എത്തി; സാന്റോ തോമസ്‌. ശാലോം ശുശ്രൂഷകളുടെ അമേരിക്കയിലെ അമരക്കാരൻ. ഒരുപാട് ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുകയായിരുന്നു അദ്ദേഹം അപ്പോൾ. മരണത്തിനും ജീവനുമിടയിൽ എന്നുപോലും ഭയപ്പെട്ടിരുന്ന നാളുകൾ ആയിരുന്നു അത്. വളരെ അസ്വസ്ഥനായിരുന്നു സാന്റോ അപ്പോൾ. ഞങ്ങളുടെ “ഗുഡ് മോർണിംഗ്” കേട്ടിട്ടും പ്രതികരിച്ചില്ല അദ്ദേഹം.
“അച്ചൻ ഒരുനിമിഷം പുറത്തേയ്ക്ക് വരുമോ?” സാന്റോ തിരക്കി.
റോയ് അച്ചൻ എഴുന്നേറ്റു പുറത്തേയ്ക്ക് നടന്നു. എന്തോ സംഭവിച്ചിരിക്കുന്നു; എന്തായാലും അത് ഞാൻ അറിയേണ്ടതല്ല. കാപ്പി കപ്പ്‌ തിരികെ വച്ച് ഞാൻ വീണ്ടും ചാപ്പലിൽ വന്നു; സാന്റോയെയും റോയ് അച്ചനെയും ഞാൻ മറന്നു. മുന്നിൽ ദിവ്യകാരുണ്യ ഈശോ മാത്രം. അൽപസമയം കഴിഞ്ഞു റോയ് അച്ചൻ മടങ്ങിയെത്തി. എന്റെ സമീപം അദ്ദേഹം മുട്ടുകുത്തി. സാന്റോ വാതിൽക്കൽ ശില പോലെ നില്പ്പുണ്ട്‌!
അച്ചൻ മെല്ലെ എന്നോടു പറഞ്ഞു: “ഇന്നുതന്നെ ലണ്ടനിലേക്കു മടങ്ങണം; മിനിക്ക് നല്ല സുഖമില്ല. ആശുപത്രിയിലാണ്”
എനിക്ക് അസാധാരണമായി ഒന്നും തോന്നിയില്ല. ഏറെ നേരം ഫോണിൽ സംസാരിച്ചതാണ് തലേന്ന് രാത്രിയും ഞങ്ങൾ. മുഖം കണ്ടു സംസാരിക്കാൻ വീഡിയോ കോൾ വേണമെന്നും നിർബന്ധിച്ചതാണ്‌ അവൾ. അപ്പോഴൊന്നും അവൾക്കൊരു തലവേദന ഉള്ളതായിപോലും പറഞ്ഞില്ല. പിന്നെങ്ങിനെ ഇത്രപെട്ടെന്ന്! ഇനി വല്ല അപകടവും!
ഞാൻ സ്ഥിരീകരണത്തിനായി സാന്റോയെ നോക്കി. ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി നില്ക്കുകയാണ് സാന്റോ; കയ്യിൽ മൊബൈൽ ഫോണ്‍. ആരോടോ ഒച്ചതാഴ്ത്തി സംസാരിക്കുകയാണ്.
ചാപ്പലിനു പുറത്തേയ്ക്ക് നടന്നു ഞാൻ. വരാന്തയിൽ മറ്റുചിലർ കൂടി എത്തിയിട്ടുണ്ട്; ഇവരൊക്കെ എങ്ങനെ ഇത്രവേഗം എത്തി എന്ന അമ്പരപ്പിലായി ഞാൻ. കാരണം നൈറ്റ്‌ വിജിൽ കഴിഞ്ഞ് പുലർച്ചെയാണ് പലരും താമസിക്കുന്ന ഇടങ്ങളിലേയ്ക്ക് മടങ്ങിയത്. ഒരുമണിക്കൂർ പോലും ഇവർ ഉറങ്ങിക്കാണില്ല. ചിലർ എന്നെ അസാധാരണമായി നോക്കുന്നുണ്ട്.
വീട്ടിലേയ്ക്ക് വിളിക്കണം; മക്കളോട് സംസാരിക്കണം. വീട്ടിൽ ബെല്ലടിക്കുന്നുണ്ട്, ആരും ഫോണ്‍ എടുക്കുന്നില്ല. മൊബൈൽ ഫോണുകൾ ലഭിക്കുന്നേയില്ലേ. പെട്ടെന്ന് ഞാൻ സിബി തോമസിനെ വിളിച്ചു. ഇംഗ്ലണ്ടിൽ ശാലോമിന്റെ ചുമതലക്കാരിൽ ഒരാളാണ് സിബി തോമസ്‌. രണ്ടാമത്തെ മണിയിൽ സിബി ഫോണ്‍ എടുത്തു. എന്തുപറ്റി എന്ന് ചോദിക്കും മുൻപ് സിബി പറഞ്ഞു: “ശാന്തിമോൻ, ഐ ആം സോറി; മിനി ഈസ്‌ നോ മോർ…”
ഫോണ്‍ എന്റെ കയ്യിലിരുന്നു വിറച്ചു; എനിക്കുചുറ്റും ഭൂമി ഭ്രാന്തമായി കറങ്ങി. തൊട്ടടുത്ത്‌ കണ്ട കസേരയിൽ ഞാനിരുന്നു. ഇത് സ്വപ്നമാണോ? ഞാനെന്റെ കൈത്തണ്ടയിൽ ശക്തിയായി നുള്ളിനോക്കി; വേദനയുണ്ട്.
“നാട്ടിൽ അറിയിക്കേണ്ടേ?” ആരോ ചോദിക്കുന്നുണ്ട്.
“ലണ്ടനിലേക്ക് ഏറ്റവും ആദ്യത്തെ ഫ്ലൈറ്റിൽ ഒരു ടിക്കറ്റ്” സാന്റോ ആരോടോ പറയുന്നു.
എന്റെ കണ്ണുകളുടെ കാഴ്ച കുറഞ്ഞതുപോലെ; ചുറ്റും ശബ്ദങ്ങൾ മാത്രം.
ഞാൻ സിബിയോടു പറഞ്ഞു: “എനിക്കെന്റെ മക്കളോട് സംസാരിക്കണം”
സിബി ഫോണ്‍ കുട്ടുവിനു കൊടുത്തുകാണണം; മറുവശത്ത് ഞാൻ എന്റെ ആദ്യജാതന്റെ നിലവിളി കേട്ടു: “അച്ചാച്ചാ, മമ്മ…”
ആരോ ഫോണ്‍ വാങ്ങി.

സ്വന്തം വീട്ടിലേയ്ക്കുള്ള മടക്കയാത്ര
————————————-
ഫേസ്ടൈം വീഡിയോയിലൂടെ എന്റെ കൂട്ടുകാരൻ ജൂഡി അവളുടെ മുഖം കാണിച്ചു തരികയാണ്; ആശുപത്രിയിലെ കട്ടിലിൽ മിനി. കണ്ണടച്ച് ശാന്തമായി കിടക്കുകയാണ് അവൾ. മുഖത്ത് നേരിയൊരു ചിരി പോലുമുണ്ട്!
എന്റെ ഇടനെഞ്ചു പൊട്ടി; എന്റെ ചുറ്റും നിൽക്കുന്നവരെ ഞാൻ കണ്ടില്ല; അവരുടെ സാന്ത്വനങ്ങൾ കേട്ടില്ല. ഒരു പേമാരിപോലെ ഞാൻ കരഞ്ഞുപെയ്തുകൊണ്ടിരുന്നു. 21 വർഷം എന്റെ ജീവന്റെ ജീവനായിരുന്നവൾ; ഒരു കാവൽ മാലാഖയെപോലെ എന്നോടൊപ്പം ഉണ്ടായിരുന്നവൾ; എന്റെ സങ്കടങ്ങളിൽ എന്നെ താങ്ങിയവൾ; സന്തോഷങ്ങളിൽ ഹൃദയം തുറന്ന് ആഹ്ലാദിച്ചവൾ!
എത്രയോ വേദികളിൽ എനിക്കൊപ്പം എത്തിയവൾ; രാത്രികൾ പകലാക്കി ജപമാല ചൊല്ലിയവൾ; എനിക്കുവേണ്ടി നൊമ്പരങ്ങൾ ഏറ്റെടുത്തവൾ;അവളാണ് ഒരുയാത്രപോലും പറയാതെ…
“എന്റെ ദൈവമേ, എന്തുകൊണ്ട് നീ ഇങ്ങനെ…” എന്റെ ചോദ്യം പാതിവഴിയിൽ മുറിഞ്ഞു.
ഞാൻ അമേരിക്കയിലേക്ക് തിരിച്ച അന്ന് അച്ചടിച്ചുകിട്ടിയ ‘ശാലോം ടൈംസ്‌’ മാസികയുടെ നവംബർ ലക്കം എന്റെ മുൻപിൽ തെളിഞ്ഞു. അവൾ അത് വള്ളിപുള്ളി വിടാതെ വായിച്ചിട്ടുണ്ട്; തീർച്ച.
നാൽപ്പത്തഞ്ചാം വയസ് മരിക്കാൻ ഏറ്റവും നല്ല പ്രായമെന്നു പറഞ്ഞാണ് ആ ലേഖനത്തിന്റെ തുടക്കം. അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തെ പരാമർശിച്ചു ഞാൻ എഴുതി: “മരച്ചില്ലയിൽ വന്ന് എപ്പോഴോ ഇരുപ്പുറപ്പിച്ച കിളി പറന്നുപോകുംപോലെ അയാൾ കടന്നുപോയി; ഇളംകാറ്റിനെപോലും നുള്ളിനോവിക്കാതെ…”
മിനിയും പറന്നുപോയിരിക്കുന്നു; ഇളംകാറ്റിനെ പോലും നോവിക്കാതെ, പാദപതനം പോലും ഭൂമിയെ അറിയിക്കാതെ; നാൽപ്പത്തഞ്ചാം വയസ് ആകാൻ 50 ദിവസം ബാക്കിനിൽക്കെ!
ഇനി വിലാപവേളകൾ വേണ്ട; വിലാപങ്ങളെ ഉത്സവമാക്കുക എന്ന് പറഞ്ഞ ഞാൻ ഇങ്ങനെ നിലവിട്ടു കരയുന്നതെന്തേ?
റോയ് അച്ചൻ എന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു: “നമുക്ക് വീണ്ടും പ്രാർഥിക്കണം.”
അദ്ദേഹം എന്നെ പള്ളിയിലേക്ക് നടത്തി.
ചാപ്പൽ നിറയെ എന്നോണം ആളുകൾ ഉണ്ടായിരുന്നു.
സ്തുതിച്ചു പ്രാർഥിക്കാൻ നിർദേശിച്ചു ഫാ റോയ്. ഞാൻ പ്രാർഥിച്ചു തുടങ്ങി; അത്രതീവ്രമായി ഞാനിതുവരെ പ്രാർഥിച്ചിട്ടില്ല. ഏതാണ്ട്, ഇങ്ങനെ ആയിരുന്നു അത്:
“എന്റെ ഈ നൊമ്പരം മുഴുവൻ, ഇതാ ക്രിസ്തുവേ, നിന്റെ തിരുമുറിവുകളോട് ചേർത്തുവയ്ക്കുന്നു ഞാൻ. യൂറോപ്പിലെ നഷ്ടപ്പെട്ട ആത്മാക്കൾക്കായി ഓടിഅലഞ്ഞവരാണു ഞാനും എന്റെ പെണ്ണും. നീ ഇന്ന് അവളെ എന്നിൽനിന്ന് അടർത്തിമാറ്റി; എനിക്ക് പരാതിയില്ല. അവളെ ഞാൻ യൂറോപ്പിന്റെ പുന:സുവിശേഷീകരണത്തിനായി ബലിനൽകുന്നു.”
എനിക്ക്, ഇന്നും അറിയില്ല, ഞാനെന്തിന് അങ്ങനെ പ്രാർഥിച്ചുവെന്ന്!
തീവ്രമായ ആ പ്രാർഥനക്കൊടുവിൽ റോയ് അച്ചൻ തിരുവസ്ത്രം അണിഞ്ഞുവന്നു; ബലി തുടങ്ങുകയാണ്!
എന്റെ യാത്ര ഇനി തനിച്ചാണ്.
കാവൽമാലാഖ യാത്രയായിരിക്കുന്നു; പ്രവചനങ്ങൾ നിവൃത്തി ആയിരിക്കുന്നു.

You must be logged in to post a comment Login