വെള്ളിയാഴ്ചകളില്‍ സൗജന്യ പെണ്‍പിറവി….!

മീററ്റ്: വെള്ളിയാഴ്ചകള്‍ മീററ്റിലെ ദയാവാടി ആശുപത്രി ഡയറക്ടര്‍ പ്രമോദ് ബാലിക്ക് സേവനത്തിന്റെ ദിനങ്ങളാണ്, അമ്മമാര്‍ക്ക് ആഹ്ലാദത്തിന്റെയും. ലിംഗം നോക്കി കുട്ടി പെണ്‍കുട്ടിയാണെങ്കില്‍ കൊന്നുകളയുന്ന ക്രൂരവിനോദം പലയിടങ്ങളിലും തുടരുമ്പോഴും എല്ലാ വെള്ളിയാഴ്ചകളിലും ദയാവാടി ആശുപത്രിയില്‍ പെണ്‍പിറവികള്‍ സൗജന്യമാണ്. ഏകദേശം 5,000 രൂപ വരും ഓരോ കുഞ്ഞിന്റെയും പ്രസവച്ചെലവ്. എന്നാല്‍ ഇതിനായി ഒരു രൂപ പോലും ആശുപത്രി അധികൃതര്‍ വാങ്ങാറില്ല.

ഹൈന്ദവര്‍ വെള്ളിയാഴ്ച പെണ്‍കുട്ടി ജനിക്കുന്നത് പുണ്യമായാണ് കരുതുന്നത്. മറ്റു മതസ്ഥര്‍ക്കും വെള്ളിയാഴ്ച വിശുദ്ധദിനമാണ്. അതുകൊണ്ടാണ് ഈ സത്കര്‍മ്മം ചെയ്യാന്‍ വെള്ളിയാഴ്ച തിരഞ്ഞെടുത്തതെന്ന് പ്രമോദ് ബാലിയാന്‍ പറയുന്നു.

ഇക്കഴിഞ്ഞ നവംബര്‍ ഒന്നു മുതലാണ് ദയാവാടി ആശുപത്രിയില്‍ വെള്ളിയാഴ്ചകളിലെ സൗജന്യപെണ്‍പിറവി ആരംഭിച്ചത്. പെണ്‍കുട്ടികള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് ഈ ആശയം മനസ്സിലുദിച്ചതെന്ന് ബാലിയാന്‍ പറഞ്ഞു. ആദ്യമൊക്കെ പലരും ഇതിനെ എതിര്‍ത്തു. എന്നാല്‍ പിന്നീട് ഒപ്പം നിന്നു. ഓരോ പെണ്‍കുഞ്ഞിന്റെയും പ്രസവച്ചെലവ് അതാത് ഡോക്ടര്‍മാര്‍ക്കു നല്‍കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാനും ബാലിയാന്‍ മടി കാണിച്ചില്ല. പകരം ബാലിയാന് പ്രതിഫലമായി ലഭിക്കുന്നത് ഒരായിരം പെണ്‍പുഞ്ചിരികള്‍…

You must be logged in to post a comment Login