വെള്ള വസ്ത്രമണിഞ്ഞവര്‍

വെള്ള വസ്ത്രമണിഞ്ഞവര്‍

white.rose.rememberedജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകുവാന്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് സഹനം. രോഗവും സാമ്പത്തികഞെരുക്കങ്ങളും ദാരിദ്ര്യവും ഒറ്റപ്പെടലും തിരസ്‌ക്കരണവും അപമാനവും മരണവും എല്ലാം ഓരോരോ തരത്തില്‍ സഹനമോ സഹനത്തിന്റെ വകഭേദങ്ങളോ ആണ്.. സഹനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ആത്മീയതയാണ് ഒട്ടുമിക്കവരുടെയും ലക്ഷ്യവും.

സഹിക്കുന്നവരുടെയെല്ലാം വസ്ത്രങ്ങളില്‍ ചോര പൊടിഞ്ഞേക്കാം.. മറ്റുളളവര്‍ ചെളി വാരിയെറിഞ്ഞിട്ടുണ്ടാവാം. കീറിപ്പറിഞ്ഞതോ വൃത്തിയില്ലാത്തതോ ആകാം അവരുടെ വസ്ത്രങ്ങളെല്ലാം.
പക്ഷേ ഭൂമിയില്‍ നാം സന്തോഷത്തോടെ സഹിക്കുന്ന സഹനങ്ങള്‍ക്കെല്ലാം വലിയ വിലയാണുള്ളതെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.സഹനങ്ങള്‍ക്ക് ജീവിതത്തിനപ്പുറം വിലയുണ്ടെന്ന് നമ്മെ പഠിപ്പിക്കുന്ന ഒരേ ഒരു മതവും ക്രിസ്തുമതമാണ്.

വെളിപാട് പുസ്തകത്തില്‍ യോഹന്നാന്‍ ശ്ലീഹായാണ് ഈ സത്യം വെളിപ്പെടുത്തിത്തരുന്നത്. ദൈവസിംഹാസനത്തിന് അരികില്‍ അത്യന്തം വെണ്മയേറിയ വസ്ത്രം ധരിച്ചു നില്ക്കുന്നവരുടെ ഒരു കൂട്ടം. വെള്ളയങ്കിയണിഞ്ഞ ഇവരാരാണ്. എവിടെ നിന്ന് വരുന്നു? അപ്പോള്‍ അവന്‍ പറഞ്ഞു ഇവരാണ് വലിയ ഞെരുക്കങ്ങളിലൂടെ വരുന്നവര്‍. കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍. അതുകൊണ്ട് ഇവര്‍ ദൈവസിംഹാസനത്തിന് മുന്നില്‍ നില്ക്കുകയും അവിടുത്തെ ആലയത്തില്‍ രാപകല്‍ ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നു. ഇനിയൊരിക്കലും അവര്‍ക്ക് വിശക്കുകയില്ല. ദാഹിക്കുകയുമില്ല. വെയിലോ ചൂടോ അവരുടെ മേല്‍ പതിക്കുകയില്ല. എന്തെന്നാല്‍ സിംഹാസന മധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്ക് നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചുനീക്കും( വെളിപാട് 7; 13-17).

നോക്കൂ, ജീവിതത്തില്‍ കറുത്ത അനുഭവങ്ങളിലൂടെയും വരണ്ട സ്ഥലകാലങ്ങളിലൂടെയും ഉണങ്ങിയ പ്രതലങ്ങളിലൂടെയും കടന്നുവന്നിട്ടുള്ളവര്‍ക്ക് ദൈവം നല്കുന്ന അനുഗ്രഹം.
ഭൂമിയില്‍ എന്തുമാത്രം സമ്പാദിച്ചു, പേരുണ്ടാക്കി സുഖസൗകര്യങ്ങള്‍ അനുഭവിച്ചു എന്നതൊന്നുമല്ല എത്രത്തോളം സന്തോഷത്തോടെ സഹിച്ചു , സഹനങ്ങളെ ദൈവകരങ്ങളില്‍ നിന്ന് പരാതികൂടാതെ ഏറ്റുവാങ്ങി തുടങ്ങിയ കാര്യങ്ങളാണ് സ്വര്‍ഗ്ഗത്തില്‍ നമ്മെ വെള്ളവസ്ത്രമണിയാന്‍ യോഗ്യരാക്കുന്നത്.

സഹനം എന്ന വാക്കിന് മുമ്പില്‍ പതറിപ്പോകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം..കാരണം അത് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടിയാണ്.. സഹനങ്ങളെ ദൈവകരങ്ങളില്‍ നിന്ന് സ്വീകരിക്കുവാനുള്ള കൃപയ്ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം..

സഹനം സന്തോഷത്തോടെ സ്വീകരിക്കുവാന്‍ ദൈവത്തിന്റെ കൃപ അത്യാവശ്യമാണെന്ന കാര്യവും മറക്കാതിരിക്കാം.

ദൈവതിരുസമീപം വെളളവസ്ത്രമണിഞ്ഞുനില്ക്കാനുള്ള ഭാഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ…

വി എന്‍

You must be logged in to post a comment Login