വേദനയെ ആഘോഷമാക്കലാണ് എന്റെ പ്രാര്‍ത്ഥനകള്‍ – മിനി തട്ടില്‍

വേദനയെ ആഘോഷമാക്കലാണ് എന്റെ പ്രാര്‍ത്ഥനകള്‍ – മിനി തട്ടില്‍

എഴുതിവച്ച പ്രാര്‍ത്ഥനകള്‍ ഏറ്റു ചൊല്ലുന്നത് മാത്രമാണ് പ്രാര്‍ത്ഥനയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാ സമയവും ദൈവസാന്നിധ്യാവബോധത്താല്‍ നിറയുന്നതാണ് പ്രാര്‍ത്ഥന എന്നതാണ് എന്റെ വിശ്വാസം.

ഉദാഹരണമായി മത്സ്യം. അത് ജലത്തിലാണ് കഴിയുന്നത്. ജലത്തെ ഒഴിവാക്കിക്കൊണ്ട് അതിന് നിലനില്പില്ല. ഇതുതന്നെയാണ് മനുഷ്യന്റെ അവസ്ഥയും. ദൈവസാന്നിധ്യാവബോധത്തെ ഒഴിവാക്കിക്കൊണ്ട് മനുഷ്യന് ജീവിക്കാനാവില്ല. എപ്പോഴും പ്രാര്‍ത്ഥനയാകുന്ന അവസ്ഥയാണ് ജീവിതം.

എഴുതിവച്ചവ ചൊല്ലുന്നത് മാത്രമല്ല പ്രാര്‍ത്ഥനയെന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ അത്തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നില്ല എന്ന് അര്‍ത്ഥമില്ല. തിരുസഭ കല്പിച്ചിട്ടുള്ള എല്ലാ പ്രാര്‍ത്ഥനകളും ഞാന്‍ അര്‍പ്പിക്കാറുണ്ട്. ജപമാല, കരുണക്കൊന്ത, കുരിശിന്റെ വഴി…. എന്നാല്‍ ചൊല്ലിത്തീര്‍ത്തില്ലല്ലോ എന്ന് വിചാരിച്ച് ഞാനൊരിക്കലും ഭാരപ്പെടാറില്ല.

ഞാന്‍ നന്നായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട്. കരുണക്കൊന്തയും ചൊല്ലാറുണ്ട്. സാധിക്കുമ്പോഴൊക്കെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാറുണ്ട്. ഏറ്റവും വലിയ പ്രാര്‍ത്ഥന വിശുദ്ധ കുര്‍ബാനയാണ്.

എന്നെ നയിക്കുന്ന ചിന്ത ഞാന്‍ ഈശോയിലും ഈശോ എന്നിലും ആയിരിക്കുന്ന നിമിഷമാണ് പ്രാര്‍ത്ഥനയെന്നാണ്. ഞങ്ങള്‍ ഒന്നായിത്തീരുന്ന നിമിഷം. അത്തരം നിമിഷങ്ങളില്‍ വാചികപ്രാര്‍ത്ഥന പോലും നിരര്‍ത്ഥകമാണ്.

ജപമാലയും കുരിശും കൈയില്‍ മുറുക്കിപിടിച്ച് ദൈവത്തോടു പോലും സംസാരിക്കാതെ ഇരിക്കുന്ന ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനേകം നിമിഷങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്റെ വേദനയുടെ നിമിഷങ്ങളാണ് അത്.

നെഞ്ചുവേദനയും മറ്റ് അസുഖങ്ങളും പിടികൂടിയിരിക്കുന്ന നേരത്താണെങ്കില്‍ സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ ഞാന്‍ ഫോണ്‍ എടുക്കാറില്ല. പകരം അവര്‍ക്ക് എസ്എംഎസ് അയ്ക്കും.

അയാം സെലിബ്രേറ്റിംങ് പെയ്ന്‍.

വേദനയുടെ ഏറ്റവും ഉയരങ്ങളില്‍ ഞാനും ദൈവവും ഒന്നായിരിക്കുന്ന അവസ്ഥ. അതാണ് പ്രാര്‍ത്ഥന. അതെ, തീര്‍ച്ചയായും വേദനയെ ആഘോഷമാക്കുന്നവയാണ് എന്റെ പ്രാര്‍ത്ഥനകള്‍..

You must be logged in to post a comment Login