വേരു വളരുമ്പോള്‍ സംഭവിക്കുന്നത്…

വേരു വളരുമ്പോള്‍ സംഭവിക്കുന്നത്…

4b8ca4_487547940d894ca9892dbabd11c0b3d0.png_srz_531_236_85_22_0.50_1.20_0.00_png_srzഅടുത്തയിടെ ദന്തചികിത്സയ്ക്ക് വിധേയനായപ്പോഴാണ് മനസ്സിലായത്, വേദന അറിയാതിരിക്കാനായി മരവിപ്പിക്കാന്‍ ഇഞ്ചക്ഷന്‍ വയ്ക്കുന്നു. സൂചി ആദ്യം പ്രവേശിക്കുമ്പോള്‍ മാത്രം വേദന അറിയുന്നു. പിന്നെ വേദനയില്ല..മരവിപ്പ് മാത്രം.. സാവധാനം അരിച്ചെത്തുന്ന മരവിപ്പ്..

മനുഷ്യമനസ്സുകളിലെ വിദ്വേഷവും ഇങ്ങനെയാണ്. ഒരാളോട് മനസ്സില്‍ ആദ്യമായി വിദ്വേഷം തോന്നുമ്പോള്‍ അത് നമുക്ക് അനുഭവിക്കാന്‍ സാധിക്കും. എന്നാല്‍ ക്രമേണ അത് ജീവിതമാകെ പരക്കുമ്പോള്‍ അതേക്കുറിച്ച് നാം ബോധവാന്മാരാകുന്നില്ല. വിദ്വേഷം ഉണ്ടെന്ന് അറിയാതെയാണ് വിദ്വേഷം ഇല്ലാത്ത മട്ടില്‍ നാം ജീവിച്ചുപോരുന്നത്.

ജീവിതത്തില്‍ ആരോടെങ്കിലും ഒരിക്കലെങ്കിലും വിദ്വേഷം തോന്നാത്തവര്‍ ആരുമുണ്ടെന്ന് തോന്നുന്നില്ല.. എന്തിനെങ്കിലും എപ്പോഴെങ്കിലും വിദ്വേഷങ്ങള്‍ക്ക് ഇരകളുമായിട്ടുണ്ട് നാം.. സ്വഭാവികവുമാണത്. പക്ഷേ വിദ്വേഷം അപകടാവസഥയിലേക്ക് നീങ്ങുന്നത് അതിന്റെ വേരുകള്‍ വളര്‍ന്ന് ദ്രോഹം ചെയ്യുമ്പോഴാണ്. ബൈബിള്‍ അക്കാര്യം വ്യക്തമായി പറയുന്നുമുണ്ട് വിദ്വേഷത്തിന്റെ വേരു വളര്‍ന്ന് ഉപദ്രവം ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്ന്..

ആരോടാണോ നമുക്ക് വിദ്വേഷമുള്ളത് ആ വ്യക്തിക്ക് എന്നതിനെക്കാളേറെ നമുക്ക് തന്നെയാണ് വിദ്വേഷം ദ്രോഹം ചെയ്യുന്നത് എന്നതാണ് സത്യം. ആത്മാവിനെ എന്നതുപോലെ ശരീരത്തെയും വിദ്വേഷം അപകടകരമായി ബാധിക്കുന്നുണ്ട്.. ആരോഗ്യസ്ഥിതിയെയും അത് ബാധിക്കാം.

ചിലരോടൊക്കെയുള്ള വിദ്വേഷങ്ങള്‍ക്ക് നമുക്ക് ന്യായീകരണങ്ങളുണ്ടാകാം.. അന്യായമായി നമ്മെ ദ്രോഹിച്ചവരായിരിക്കാം.. നന്ദികേട് കാട്ടിയതായിരിക്കാം..ഒക്കെ ശരിയാണ്.. എന്നാല്‍ ആരോടാണോ വിദ്വേഷമുള്ളത് അവര്‍ക്ക് എന്നതിനെക്കാള്‍ നമുക്ക് തന്നെയാണ് നമ്മുടെ വിദ്വേഷം ദ്രോഹമായി മാറുന്നത്. അതാണ് മേല്പ്പറഞ്ഞതും.

ചിലപ്പോള്‍ നമുക്ക് തോന്നിയേക്കാം നമുക്ക് ആരോടും വിദ്വേഷമില്ലായിരിക്കുമെന്ന്.. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം, ആരെ നോക്കിയാണോ നമുക്ക് ഹൃദ്യമായി പുഞ്ചിരിക്കാന്‍ കഴിയാത്തത്.. ആരോടാണോ നമുക്ക് ഹൃദയം തുറന്ന് സംസാരിക്കാന്‍ കഴിയാത്തത്.. ആരുടെ ചുമലിലാണോ നമുക്ക് സൗഹൃദത്തോടെ കൈയിട്ട് നടക്കാന്‍ കഴിയാത്തത്… അവിടെയൊക്കെ ഏറിയോ കുറഞ്ഞോ അളവില്‍ വിദ്വേഷമുണ്ട്.. അതിനെ പോഷിപ്പിക്കുന്ന രീതിയില്‍ ചില സാഹചര്യങ്ങളുണ്ടാവുമ്പോള്‍ വിദ്വേഷം ശതഗുണീഭവിക്കുന്നു..

ഒരാളെ തോല്പിക്കാനും ഒരാളുടെ പരാജയത്തില്‍ സന്തോഷിക്കാനും ഒരാള്‍ക്ക് മീതെ നില്ക്കാനുമുള്ള നമ്മുടെ തോന്നലുകള്‍ പോലും വിദ്വേഷവുമായി ചാര്‍ച്ചപ്പെടുന്നവയാണ്.. വിദ്വേഷമുള്ള മനസ്സുകളില്‍ ഒരിക്കലും സന്തോഷമുണ്ടാവില്ല…അവര്‍ക്ക് സമാധാനം അനുഭവിക്കാനും കഴിയില്ല..

നമുക്ക് സന്തോഷിക്കണമെന്നുണ്ടെങ്കില്‍..സമാധാനമുള്ള ജീവിതം നയിക്കാനാണ് ആഗ്രഹമെങ്കില്‍ മനസ്സുകളെ വിദ്വേഷത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയേ മതിയാകൂ.. ഒരു ദിവസം കൊണ്ടോ ഒരു ആഴ്ച കൊണ്ടോ നമുക്ക അത് സാധിക്കണമെന്നില്ല. കഠിനമായ പരിശ്രമം കൊണ്ടും കഴിയില്ല അത്.

മറിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുക..ദൈവമേ കഠിനമായ വിദ്വേഷങ്ങളില്‍ നിന്ന് എന്നെ മോചിപ്പിക്കണമേയെന്ന്..

You must be logged in to post a comment Login