വേറോനിക്ക: സ്‌നേഹത്തുവാല കൊണ്ട് ഈശോയുടെ തിരുമുഖം തുടച്ചവള്‍

വേറോനിക്ക: സ്‌നേഹത്തുവാല കൊണ്ട് ഈശോയുടെ തിരുമുഖം തുടച്ചവള്‍

കുരിശിന്റെ വഴിയിലെ ആറാം സ്ഥലത്താണ് വേറോനിക്കയെ നാം കാണുന്നത്. സഹതാപത്താല്‍ നിറഞ്ഞ ഹൃദയവുമായി പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ ഈശോയെ സമീപിച്ച വേറോനിക്കയെ പോലെ അങ്ങയോടു സഹതപിക്കുവാനും ആശ്വസിപ്പിക്കുവാനും ഞങ്ങളെയും അനുഗ്രഹിക്കണമേ എന്നു പറഞ്ഞുകൊണ്ടാണ് ആറാം സ്ഥലത്തെ പ്രാര്‍ത്ഥന അവസാനിക്കുന്നത്.

എന്നാല്‍ യേശുവിന്റെ പീഡാനുഭവ ചരിത്രം വിവരിക്കുന്ന ഭാഗങ്ങളിലെവിടെയും സുവിശേഷകന്‍മാര്‍ ഇങ്ങനെയൊരു കഥാപാത്രത്തിന്റെ പേരോ ഇത്തരമൊരു സംഭവമോ രേഖപ്പെടുത്തിയിട്ടില്ല. കുരിശും ചുമന്നുകൊണ്ടു പോകുന്ന യേശുവിനെയോര്‍ത്ത് കരഞ്ഞുകൊണ്ടിരുന്ന സ്ത്രീകളോട് ‘നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയുമോര്‍ത്ത് കരയുവിന്‍’ എന്ന് ക്രിസ്തു പറഞ്ഞതായി സുവിശേഷത്തില്‍ വായിക്കുന്നുണ്ട്. എന്നാല്‍ അവരുടെയാരുടേയും പേരുകള്‍ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. പിന്നെ കുരിശിന്റെ വഴിയിലുള്ള വേറോനിക്കാ എവിടെ നിന്നു വന്നു എന്ന സംശയം പലര്‍ക്കുമുണ്ടാകാം.

ജറുസലേമില്‍ ജീവിച്ചിരുന്ന ഭക്തയായ സ്ത്രീയായിരുന്ന വേറോനിക്കാ എന്നാണ് ക്രിസ്തീയ പാരമ്പര്യത്തില്‍ പറയുന്നത്. യേശുവിന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ച് സൗഖ്യം നേടിയ രക്തസ്രാവവക്കാരി സ്ത്രീ വേറോനിക്കാ ആണെന്നാണ് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാചരിത്രകാരന്‍ യൂസീബിയസ് രേഖപ്പെടുത്തിയിരിക്കുന്നത്.

വേറോനിക്കാ എന്ന പേരിന്റെ ഉത്പത്തിക്കു പിറകിലുമുണ്ട് രസകരമായ ചില വാദങ്ങള്‍. ‘ബെരനെക്’ അഥവാ ‘ബെറോനെക്’ എന്ന ഗ്രീക്കു നാമത്തിനു തത്തുല്യമായ ലത്തീന്‍ പേരാണ് വേറോനിക്കാ എന്നു ചിലര്‍ വാദിക്കുമ്പോള്‍ ‘വേരാ ഐക്കണ്‍’ അഥവാ ‘സത്യച്ഛായ’ എന്നാണ് വേറോനിക്ക എന്ന പേരിന്റെ അര്‍ത്ഥമെന്നുമുള്ള വാദങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വേറോനിക്കാ എന്ന പേരിന് പിന്നീടു കല്‍പിക്കപ്പെട്ട ഭാവനാസങ്കല്‍പങ്ങളാണിതെന്നും പറയുന്നവരുണ്ട്.

വേറോനിക്കാ റോമിലേക്കു പോവുകയും തന്റെ കയ്യിലുള്ള ഛായാചിത്രത്തിന്റെ ശക്തിയാല്‍ തിബേരിയസ് ചക്രവര്‍ത്തിയുടെ അസുഖം സുഖപ്പെടുത്തിയെന്നും സഭാചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വേറോനിക്കയുടെ പില്‍ക്കാലത്തെ സമൂഹ ജീവിതവും മരണവുമൊക്കെ അജ്ഞാതമാണ്.

കത്തോലിക്കാസഭ വിശുദ്ധയായി വണങ്ങുന്ന വേറോനിക്കയുടെ തിരുനാള്‍ദിനം ജൂലൈ 12നാണ്. ഛായാഗ്രഹകരുടെയും തുണി അലക്കുന്നവരുടേയും മദ്ധ്യസ്ഥയായാണ് വിശുദ്ധ വേറോനിക്കയെ കണക്കാക്കുന്നത്. വേറോനിക്കായുടെ തുവാലയില്‍ പതിഞ്ഞ ഈശോയുടെ മുഖം പല പിന്നീട് പല ചിത്രകാരന്‍മാരും വരച്ചിട്ടുമുണ്ട്. യേശുവിന്റെ മുഖം പതിഞ്ഞ തുവാലയുമായി നില്‍ക്കുന്ന വേറോനിക്കയുടെ ശില്‍പം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലും കാണാം.

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login