വേളാങ്കണ്ണിയിലെ അഭയദായിനി

പാല്‍ വിതരണക്കാരനായിരുന്നു ആ ബാലന്‍. പാല്‍ കൊടുക്കാനായി പതിവുപോലെ രാവിലെ ഇറങ്ങിയതായിരുന്നു അവന്‍. യാത്രയ്ക്കിടയില്‍ ക്ഷീണം തോന്നിയതിനാല്‍ ഒരു ആല്‍മരത്തിന്റെ ചുവട്ടില്‍ അവന്‍ വിശ്രമിക്കാനിരുന്നു. സമീപത്തായി ഒരു കുളവും ഉണ്ടായിരുന്നു.

അപ്പോഴാണ് ഒരമ്മയും കുഞ്ഞും അവന്റെ അടുക്കലെത്തിയത്. വിശന്നു കരയുന്ന തന്റെ കുഞ്ഞിന് ഇത്തിരി പാല്‍ തരുമോയെന്നായിരുന്നു ആ അമ്മയുടെ അപേക്ഷ. ബാലന് അവരോട് സഹതാപം തോന്നി. അവന്‍ വേഗം കുഞ്ഞിന് പാല്‍ കൊടുത്തു. കുഞ്ഞിന്റെ കരച്ചില്‍ നിന്നു.  അമ്മയും കുഞ്ഞും നന്ദിപറഞ്ഞു.

വിശ്രമം അവസാനിപ്പിച്ച് ബാലന്‍ എണീറ്റു. പാല്‍ കൊടുക്കേണ്ട വീട്ടിലെത്തിയപ്പോള്‍ സമയം വൈകിയിരുന്നു. വൈകിയതിന് ക്ഷമാപണം നടത്തിയ അവന്‍ വീട്ടുകാരനോട് പാല്‍ കുറവായ കാര്യവും വഴിയില്‍ നടന്ന സംഭവവും വിവരിച്ചു. പക്ഷേ വീട്ടുകാരന്‍ നോക്കിയപ്പോള്‍ പാലില്‍ കുറവ് അനുഭവപ്പെട്ടില്ല. മാത്രവുമല്ല പാത്രം നിറഞ്ഞ് പാല്‍ ഉണ്ടായിരുന്നു താനും.

അത്ഭുതകരമായിട്ടെന്തോ സംഭവിച്ചു എന്ന് വീട്ടുകാരന് മനസ്സിലായി. സംഭവം നടന്ന സ്ഥലത്തേക്ക് ബാലനെയും കൂട്ടി ഹിന്ദുവായ വീട്ടുടമ നടന്നു. കുളത്തിന്റെ സമീപമെത്തിയപ്പോള്‍ ആ സ്ത്രീയെയും കുഞ്ഞിനെയും അവര്‍ വീണ്ടും കണ്ടു. ആ അമ്മയും കുഞ്ഞും പരിശുദ്ധ മറിയവും ഉണ്ണീശോയുമാണെന്ന് അവര്‍ അവിശ്വസനീയതയോടെ തിരിച്ചറിഞ്ഞു.

മാതാവ് ബാലന് പ്രത്യക്ഷപ്പെട്ട വിവരം സമീപത്തുള്ള കത്തോലിക്കാ വിശ്വാസികളെ ആഹ്ലാദചിത്തരാക്കി. മാതാവ് പ്രത്യക്ഷപ്പെട്ട കുളത്തെ അവര്‍ മാതാ കുളം എന്ന് വിളിച്ചു. ഇന്ന് ഇന്ത്യയിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ വേളാങ്കണ്ണിയിലെ പ്രഥമ മരിയന്‍ പ്രത്യക്ഷീകരണമായിരുന്നു അത്.

കിഴക്കിന്റെ ലൂര്‍ദ്ദ് എന്നറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് ഇന്ന് വേളാങ്കണ്ണി. പതിനാറാം നൂറ്റാണ്ടുമുതല്‍ ആരംഭിക്കുന്ന പള്ളിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ് പാല്‍ക്കാരന്‍ പയ്യന് മാതാവ് പ്രത്യക്ഷപ്പെട്ട മേല്‍പ്പറഞ്ഞ സംഭവം.

ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. മുടന്തനായ ഒരു വെണ്ണവില്പ്പനക്കാരന് ആയിരുന്നു അത്. തന്റെ കുഞ്ഞിന് വേണ്ടി വെണ്ണ ചോദിച്ച അമ്മ തന്റെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് നാഗപ്പട്ടണത്തുള്ള ഒരു സമ്പന്നനെ ഇക്കാര്യം അറിയിക്കാനും ആവശ്യപ്പെട്ടു. നടന്നുചെന്ന് ഇക്കാര്യം അറിയിക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്ന പറഞ്ഞ അവന്‍ അടുത്ത നിമിഷം തന്നെ തിരിച്ചറിഞ്ഞു തന്റെ കാലുകള്‍ സൗഖ്യപ്പെട്ടെന്ന്.

തലേ ദിവസം രാത്രി ആ സമ്പന്നന് ഒരു ദര്‍ശനമുണ്ടായിരുന്നു. തനിക്കൊരു പള്ളി പണിയണമെന്ന ആവശ്യമായിരുന്നു ആ ദര്‍ശനത്തിലുണ്ടായിരുന്നത്. ബാലനും ആ ധനികനും കൂടി മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് വീണ്ടുമെത്തി. അപ്പോള്‍ മാതാവ് രണ്ടുപേര്‍ക്കുമായി വീണ്ടും പ്രത്യക്ഷ്‌പ്പെട്ടു. മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മയ്ക്കായി അവര്‍ അവിടെയൊരു പള്ളി പണിതു. ആ ദേവാലയമാണ് പിന്നീട് ആരോഗ്യമാതാ ദേവാലയമായി മാറിയത്.

കടല്‍ക്ഷോഭത്തില്‍ പെട്ട പോര്‍ച്ചുഗീസ് വ്യാപാരികളെ സഹായിച്ചതാണ് വേളാങ്കണ്ണി മാതാവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം.

വര്‍ഷം തോറും 20 മില്യന്‍ തീര്‍ത്ഥാടകര്‍ ഇവിടെയെത്തുന്നുണ്ട്. ഓഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ 8 വരെ നടക്കുന്ന തിരുനാള്‍ ദിനങ്ങളില്‍ മാത്രമായി 3 മില്യന്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്നു. ഹെറിറ്റേജ് സിറ്റി ഡവലപ്‌മെന്റ് ആന്റ് ആഗുമെന്റേഷന്‍ യോജന സ്‌കീമില്‍ കേന്ദ്രഗവണ്‍മെന്റ് ഉള്‍പ്പെടുത്തിയിരിക്കുന്ന ഹെറിറ്റേജ് സൈറ്റാണ് വേളാങ്കണ്ണി.

You must be logged in to post a comment Login