‘വൈകിയിട്ടില്ല, മാനസാന്തരത്തിന് ഇനിയും സമയമുണ്ട്’

വത്തിക്കാന്‍: പാപികളോട് ദൈവം കാണിക്കുന്ന ക്ഷമക്ക് അതിരുകളില്ലെന്നും മാനസാന്തപ്പെടാന്‍ ഇനിയും സമയമുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചുകൂടിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മാനസാന്തരപ്പെടാന്‍ ഇനിയും വൈകിയിട്ടില്ല. പക്ഷേ, മാനസാന്തരപ്പെടുക എന്നു പറയുന്നത് ഏറെ അത്യാവശ്യവുമാണ്. ഇന്നു തന്നെ, ഇപ്പോള്‍ തന്നെ, അതാരംഭിക്കാം’, മാര്‍പാപ്പ പറഞ്ഞു.

ദൈവത്തിന്റെ ഈ ക്ഷമ നമ്മുടെയോരോരുത്തരുടേയും ഉള്ളിലുള്ള അക്ഷമയെ നിരന്തരം പ്രകോപിപ്പിച്ചുകൊണ്ടിരിക്കണം. സമയം ഇനിയും അവസാനിച്ചിട്ടില്ല. അവസാനനിമിഷം വരെ ദൈവത്തിന്റെ ക്ഷമ നമ്മെ കാത്തിരിക്കുന്നു.

ലിസ്യവൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യായുടെ ജീവിതവും ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പാപികളുടെ മാനസാന്തരത്തിനു വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ച വ്യക്തിയായിരുന്നു വിശുദ്ധ ചെറുപുഷ്പം. വധശിക്ഷക്കു വിധിക്കപ്പെട്ട പാപിക്കു വേണ്ടി പോലും അവള്‍ പ്രാര്‍ത്ഥിച്ചു. അവസാനം അയാള്‍ മാനസാന്തരപ്പെടുക തന്നെ ചെയ്തു. വൈദികരെ കാണാന്‍ പോലും കൂട്ടാക്കാതിരുന്ന അയാള്‍ ഒടുവില്‍ പുരോഹിതന്‍ തന്റെ നേര്‍ക്കു നീട്ടിയ ക്രൂശിതരൂപത്തെ ചുംബിച്ചു. ദൈവം നമ്മോടു പെരുമാറുന്നതും ഇപ്രകാരമാണ്. ഇതാണ് ദൈവത്തിന്റെ കരുണ.

പ്രകൃതിദുരന്തങ്ങളും മറ്റ് കലാപങ്ങളുമൊക്കെയുണ്ടാകുമ്പോള്‍ ചിലര്‍ അതിനിരകളായവരെ പഴിക്കും. ചിലര്‍ ദൈവത്തെത്തന്നെയും. ഇത്തരം സാഹചര്യങ്ങളില്‍ സാത്താനുമായി സന്ധിയിലേര്‍പ്പെടുകയാണ് നാം ചെയ്യുന്നത്. നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കാനുള്ള സമയമായിരിക്കുന്നു. കരുണയുടെ ഈ വര്‍ഷം മാനസാന്തരത്തിനുള്ള അവസരങ്ങളായി മാറ്റാം എന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login