വൈദികന്റെ ജീവിതത്തിലെ വഴിത്തിരിവായ ‘നോ’

വൈദികന്റെ ജീവിതത്തിലെ വഴിത്തിരിവായ ‘നോ’

റോം: രണ്ടാം ലോക മഹായുദ്ധ കാലത്ത് തലിഡോമൈഡ് എന്ന ഉറക്കഗുളിക ഉറക്കക്കുറവുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ കുറിച്ചു കൊടുത്തിരുന്നു. ഉറക്കക്കുറവിന് മാത്രമല്ല ഗര്‍ഭാരംഭകാലത്തെ ഛര്‍ദ്ദിക്കുള്ള മരുന്നായും ഡോക്ടര്‍മാര്‍ ഗര്‍ഭിണികള്‍ക്ക് നല്‍കിയിരുന്നതും ഇതേ മരുന്നു തന്നെയാണ്. സാറാഹ് ഫിഗുവെയ്‌രേ തന്റെ നാലാമത്തെ സന്താനമായ അന്തോണിയെ ഗര്‍ഭം ധരിച്ചിരുന്നപ്പോഴും ഇതേ മരുന്ന് കഴിച്ചിരുന്നു.

എന്നാല്‍ 1961 ഓടുകൂടിയാണ് മരുന്നിന്റെ അതിക്രൂരമായ പരിണിത ഫലത്തെക്കുറിച്ച് അറിയുന്നത്. ഈ മരുന്ന് ഉപയോഗിക്കുന്ന അമ്മമാരില്‍ നിന്നും ജനിക്കുന്ന കുട്ടികളില്‍ വൈകല്യങ്ങള്‍ കണ്ടെത്തുവാന്‍ തുടങ്ങി. 1962ല്‍ തലിഡോമൈഡ് എന്ന മരുന്ന് മാര്‍ക്കറ്റില്‍ നിന്നും നീക്കം ചെയ്തു.

താലിഡോമൈഡ് കഴിച്ചിരുന്ന സാറായ്ക്ക് ജനിക്കുന്ന കുഞ്ഞിലും അംഗവൈകല്യമുണ്ടാകും എന്ന പറഞ്ഞ് ഡോക്ടര്‍മാര്‍ സാറായെ അബോര്‍ഷന് നിര്‍ബന്ധിച്ചു. എന്നാല്‍ കുഞ്ഞിനെ ഉദരത്തില്‍ വളര്‍ത്താന്‍ തന്നെ ദൈവം ഇടയാക്കിയെങ്കില്‍ ആ കുഞ്ഞിനെ കളയേണ്ടതില്ലെന്ന് ഉറച്ച കത്തോലിക്കാ വിശ്വാസിയായ സാറായും അവളുടെ ഭര്‍ത്താവും തീരുമാനിച്ചു. തന്റെ മകനൊരു പ്രത്യേക ദൗത്യമുള്ളതായി സാറാ വിശ്വസിച്ചു.

മാതാപിതാക്കളുടെ ദൃഢ തീരുമാനം ഇന്ന് അന്തോണിയെ മോണ്‍. അന്തോണി ഫിഗുവെയ്‌രേഡോയാക്കി. ജനിച്ചപ്പോള്‍ കൈയ്ക്ക് ചെറിയ വൈകല്യമുണ്ടെങ്കിലും 52 വയസ്സുള്ള അന്തോണിയിന്ന് മാര്‍പാപ്പയുടെ അടുത്തയാളാണ്. മദര്‍ തെരേസയെ സന്ദര്‍ശിക്കുകയും വി. ജോണ്‍ പോള്‍ രണ്ടാമന്റെയും ബനഡിക്ട് പാപ്പയുടെയും പേഴ്‌സണല്‍ അസിസ്റ്റന്റുമാരായി സേവനം ചെയ്യുവാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുവാനുള്ള അവസരവും മകന്‍ വൈദികനായതുകൊണ്ട് ഈ അമ്മയെത്തേടിയെത്തി. തന്റെ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുവാനുള്ള ഓര്‍മ്മകളുമായാണ് വത്തിക്കാനില്‍ നിന്ന് ആ അമ്മ മടങ്ങിയത്. എല്ലാത്തിനും കാരണം ദൈവം ദാനമായി നല്‍കിയ മകനെ ജീവിക്കാന്‍ അനുവദിച്ച ആ മനസ്സാണ്. അമ്മയുടെ സന്മസിനു മുമ്പില്‍ ഈ വൈദികന്‍ എന്നും കൃതാര്‍ത്ഥനാണ്.

നീതു മെറിന്‍

You must be logged in to post a comment Login