വൈദികര്‍: കൊഴുവനാലിനു ലോക റെക്കോര്‍ഡ്

 

download150 വര്‍ഷം; 150 വൈദികര്‍. കുമ്പസാര രഹസ്യം കാത്തുസൂക്ഷിച്ച് വീരരക്തസാക്ഷിത്വം വരിച്ച വൈദിക വിശുദ്ധന്‍ ജോണ്‍ നെപുംസ്യാനോസിന്റെ നാമത്തിലുള്ള ദൈവാലയത്തിന് ഇത് ആഹ്ലാദവേള

ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്കാ വൈദികരെ വാര്‍ത്തെടുത്ത ഇടവക ദൈവാലയം എന്ന ബഹുമതി പാലാ രൂപതയിലെ കൊഴുവനാലിനു സ്വന്തം. കുമ്പസാര രഹസ്യം അഭംഗുരം കാത്തുസൂക്ഷിച്ച് വീരരക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ നാമത്തില്‍ 150 വര്‍ഷം മുമ്പ്, 1858 മെയ് മൂന്നിനാണ് ഈ ദൈവാലയം ശിലാസ്ഥാപനം ചെയ്യപ്പെട്ടത്. ഇതിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷത്തിനാണ് ജനുവരി 24നു കൊടിയിറങ്ങുന്നത്.

കഴിഞ്ഞ നൂറ്റമ്പതു വര്‍ഷം, സര്‍വശക്തനായ ദൈവത്തിന്റെ സ്തുതിക്കും ജീവദായകമായ കൂദാശകളുടെ പരികര്‍മ്മത്തിനും പുരോഹിതന്മാരുടെയും പുരോഹിതശ്രേഷ്ഠന്മാരുടെയും ആചാര്യശുശ്രൂഷയ്ക്കുമായി പ്രതിഷ്ഠിക്കപ്പെടുകയും വേര്‍തിരിക്കപ്പെടുകയും ചെയ്ത ഈ ദൈവാലയത്തില്‍ നിന്നും 150 പേര്‍ നാളിതുവരെ പൗരോഹിത്യ ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടു. അവരില്‍ പകുതിയോളംപേര്‍ നിത്യസമ്മാനത്തിനായി വേര്‍പിരിഞ്ഞു. എങ്കിലും 71 വൈദികര്‍ ഈ മഹാജൂബിലിയെ ചൈതന്യവത്താക്കിക്കൊണ്ട് അള്‍ത്താരയില്‍ നിത്യപുരോഹിതനു ഇന്നും ബലിയര്‍പ്പിക്കുന്നു. സര്‍വോപരി, 350 കന്യാസ്ത്രീകള്‍ക്കും ജന്മം നല്‍കിയ പ്രേഷിതാരാമമാണ് കൊഴുവനാല്‍.

അഗതികളുടെ പിതാവായി ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ വന്ദ്യവയോധികനായ ഫാ. എബ്രഹാം കൈപ്പന്‍പ്ലാക്കല്‍, പാലാ രൂപതയുടെ മുന്‍ വികാരി ജനറല്‍ ഫാ. ജോസഫ് മറ്റം, ദീപിക മുന്‍ പത്രാധിപര്‍ റവ. ഡോ. വിക്ടര്‍ നരിവേലി തുടങ്ങിയവരൊക്കെ ഈ ഇടവകയുടെ മക്കളാണ്.

വാഴ്ത്തപ്പെട്ട ഒന്‍പതാം പീയൂസ് മാര്‍പ്പാപ്പ തിരുസഭാഭരണം നിര്‍വ്വഹിച്ച സുവര്‍ണകാലത്ത്, ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ബര്‍ണദീത്ത എന്ന ഗ്രാമീണ ബാലികയ്ക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് താന്‍ അമലോത്ഭവയാണെന്നു പ്രഖ്യാപിച്ച് 1858ലാണ് ഈ ദൈവാലയം സ്ഥാപിതമായത് എന്നതു ദൈവഹിതമായി തിരിച്ചറിയുകയാണ് ഇടവകസമൂഹം ഒന്നടങ്കം.

അക്കാലത്ത് കേരളക്കരയ്ക്ക് ഏറെക്കുറെ അജ്ഞാതനായിരുന്ന വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ (Saint John Nepomucene) ആണ് ഇടവക മധ്യസ്ഥന്‍. ചെക്ക് റിപ്പബ്ലിക്കിലെ ബൊഹീമിയ ആണ് വിശുദ്ധന്റെ ജന്മദേശം. ബൊഹീമിയയിലെ നെപ്പോമുക്കില്‍ ജനിച്ചതിനാല്‍ ജോണ്‍ ഓഫ് നെപ്പോമുക് എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

ബൊഹീമിയ രാജ്ഞിയുടെ കുമ്പസാരക്കാരനായിരുന്നു വുശുദ്ധ ജോണ്‍. കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന വെഞ്ചെസ്ലാവോസ് ചക്രവര്‍ത്തിയുടെ കല്പന നിരസിച്ചതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിശുദ്ധനെ 1393 മാര്‍ച്ച് 20 ന് പ്രാഗിലെ വിറ്റാവാ നദിയിലേക്കു വലിച്ചെറിഞ്ഞു. മുന്നൂറു വര്‍ഷത്തിനപ്പുറം, 1729 മാര്‍ച്ച് 19 ന് ബനഡിക്ട് പതിമൂന്നാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനെന്നു നാമകരണം ചെയ്തു.

You must be logged in to post a comment Login