വൈറ്റ്ഹൗസിലെ കുഞ്ഞുപാപ്പ

അമേരിക്ക: ഫ്രാന്‍സിസ് പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് അധിക നാള്‍ ആയില്ല. എന്നാലിതാ, വീണ്ടുമൊരിക്കല്‍ കൂടി അദ്ദേഹം അമേരിക്കയിലെത്തിയിരിക്കുകയാണ്. ഇത്തവണ പക്ഷേ കുഞ്ഞുപാപ്പയായിട്ടാണ് വരവ്. കുഞ്ഞു പാപ്പയോ? അതേതു പാപ്പ എന്നു ചോദിക്കാന്‍ വരട്ടെ.

സംഗതി രസകരമാണ്. നേഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വൈറ്റ്ഹൗസില്‍ എല്ലാ വര്‍ഷവും നടത്താറുള്ള പ്രച്ഛന്നവേഷ മത്സരം ഇത്തവണയും നടന്നു. എന്നാല്‍ ഇക്കാലമത്രയും കണ്ടിട്ടില്ലാത്ത വ്യത്യസ്തനായൊരു പ്രച്ഛന്നവേഷക്കാരന്‍ അവിടെയെത്തി. മാര്‍പാപ്പയുടെ വേഷവിധാനങ്ങളും പുഞ്ചിരിയുമൊക്കെ അതേപടി പകര്‍ത്തിക്കൊണ്ട്. ഒടുവില്‍ മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയതും ഈ കുഞ്ഞു പാപ്പ തന്നെ.

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഭാര്യ മിഷേലും ഒപ്പമുണ്ടായിരുന്നു. ‘ഓ.. താങ്കള്‍ ഇവിടെ വന്നിട്ടു പോയതല്ലേ ഉള്ളൂ’, മിഷേലിന്റെ തമാശ കേട്ട് സദസ്സിലുണ്ടായിരുന്നവര്‍ ചിരിച്ചു. അമേരിക്കയിലെ ഒരു സൈനികോദ്യോഗസ്ഥന്റെ മകനാണ് കുഞ്ഞു പാപ്പയായെത്തി ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.

You must be logged in to post a comment Login