ശാസ്ത്രത്തെ വിസ്മയിപ്പിച്ച സൗഖ്യം: സി. ബ്രീജ് മക്കെന്നായുടെ ജീവിതം

ശാസ്ത്രത്തെ വിസ്മയിപ്പിച്ച സൗഖ്യം: സി. ബ്രീജ് മക്കെന്നായുടെ ജീവിതം

sisterആമവാതം പിടിപെട്ട് ജീവിതം മുഴുവന്‍ വീല്‍ചെയറില്‍ ഇരുന്നു പോകുമെന്ന് ഭയന്ന സിസ്റ്റര്‍ ബ്രീജിന്റെ ജീവിതം അത്ഭുതകരമായ ഉയിര്‍ത്തെഴുന്നേല്‍പിന്റേതായിരുന്നു. ദൈവികമായ സൗഖ്യത്തിന്റെ അനുഭവം സിസ്റ്ററിന് ലഭിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് സൗഖ്യം കൊടുക്കാനുള്ള അസാധാരണ വരം കൂടി ദൈവം അവര്‍ക്ക് കനിഞ്ഞരുളി. ലോകാതിര്‍ത്തികള്‍ വരെ നീളുന്ന അത്ഭുതങ്ങളുടെ ഘോഷയാത്രയായ ആ ജീവിതകഥ ഇവിടെ.

വടക്കന്‍ അയര്‍ലണ്ടിലെ കോ അര്‍മാഗില്‍ 1946 ലായിരുന്നു, ബ്രീജ് മക്കെന്നായുടെ പിറവി. ഒരു പെന്തക്കോസ്ത് ഞായറാഴ്ച. 13 വയസ്സുള്ളപ്പോള്‍ ബ്രീജിന് അമ്മയെ നഷ്ടപ്പെട്ടു. കരഞ്ഞു തളര്‍ന്ന ആ രാത്രി ബ്രീജ് ഒരു അശരീരിസ്വരം കേട്ടു: ഭയപ്പെടേണ്ട, ഞാന്‍ നിന്നെ കാത്തുകൊള്ളും. അടുത്ത പ്രഭാതത്തില്‍ ബ്രീജ് ഒരു കന്യാസ്ത്രീയാകാന്‍ തീരുമാനമെടുത്തു. തന്റെ പട്ടണത്തിലൂള്ള സെന്റ് ക്ലെയര്‍ മഠത്തില്‍ ബ്രീജ് ചേര്‍ന്നു. തന്റെ പേര് വിളിക്കുന്നതും കാത്ത് ബ്രീജ് ചാപ്പലില്‍ ഇരുന്ന നേരം നല്ലിടയന്റെ രൂപത്തില്‍ ക്രിസ്തു ബ്രീജിനോട് പറഞ്ഞു: എന്നോടൊപ്പം വരിക!

വിശ്രമമില്ലാതെ, പ്രവര്‍ത്തന നിരതയായി വിവിധ കോണ്‍വെന്റുകളില്‍ ജീവിതം കഴിക്കുമ്പോഴാണ് ജീവിതത്തിലേക്ക് ഇരുള്‍ വീഴ്ത്തിക്കൊണ്ട് ബ്രീജ് അതറിയുന്നത്. തനിക്ക് ആമവാതം പിടിപെട്ടിരിക്കുന്നു. ഇനി ജീവിതത്തിന്റെ നല്ല ദിനങ്ങള്‍ അവസാനിക്കുകയാണ്. ബാക്കി ജീവിതം ഇനി വീല്‍ചെയറില്‍! 1965 ലായിരുന്നു, അത്. 1967 ല്‍ ഫ്‌ളോറിഡയിലേക്ക് യാത്ര ചെയ്തുവെങ്കിലും ബ്രീജിന്റെ അവസ്ഥ വീണ്ടും മോശമായി തുടര്‍ന്നു.

‘ഞാന്‍ വേദന കൊണ്ടു കരഞ്ഞു. എനിക്കിനി പ്രതീക്ഷയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അധികം വൈകാതെ ഞാന്‍ വീല്‍ ചെയറിലേക്ക് മാറേണ്ടി വരുമെന്നും.’

അക്കാലത്ത് കഠിനമായ ആത്മീയ പരീക്ഷണങ്ങളും വേദനയും സി. ബ്രീജ് അനുഭവിച്ചു. താന്‍ ശരിക്കും യേശുവില്‍ വിശ്വസിക്കുന്നുണ്ടോ എന്നു പോലും സംശയിച്ചിരുന്ന ദിനങ്ങള്‍. പിന്നെ സംഭവിച്ചത് സി. ബ്രീജിന്റെ ജീവിതത്തില്‍ ഏറ്റവും അത്ഭതകരമായ കാര്യങ്ങള്‍. ബ്രീ്ജ് തന്നെ പറയട്ടെ.

‘ 1970 ഡിസംബറിലാണ് ഞാന്‍ ഒരു ധ്യാനത്തില്‍ സംബന്ധിക്കുന്നത്. പ്രാര്‍ത്ഥനയുടെ ശക്തിയെ കുറിച്ചും പരിശുദ്ധാത്മാവിന്റെ ശക്തിയെ കുറിച്ചും ഞാന്‍ അവിടെ കേട്ടു. ക്ലോക്കില്‍ നോക്കിയത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. സമയം രാവിലെ 9: 15. ആകെ ഞാന്‍ പ്രാര്‍ത്ഥിച്ചത് ഇത്ര മാത്രം. ‘യേശുവേ എന്നെ സഹായിക്കണേ’ ഞാന്‍ എന്റെ കണ്ണു തുറന്നു നോക്കി. ആരെയും കണ്ടില്ല. എന്നാല്‍ എന്റെ ശരീരത്തിലൂടെ വലിയൊരു ശക്തി കടന്നു പോയി. ഞാന്‍ കീഴോട്ടു നോക്കി. തളര്‍ച്ച ബാധിച്ചിരുന്ന എന്റെ വിരലുകള്‍ക്കു പുതിയ ശക്തി. മുട്ടുകൈയിലെ പരുക്കളെല്ലാം അപ്രത്യക്ഷമായിരുന്നു. വളഞ്ഞുകൂടിയിരുന്ന എന്റെ കാലുകള്‍ നേരെ! അത്ഭുതം അടക്കാനാവാതെ ഞാന്‍ ചാടിയെണീറ്റലറി: ‘യേശുവേ, സത്യമായും നീ ഇവിടെയുണ്ട്!’

ആ നിമിഷം മുതല്‍ ജീവിതകാലം മുഴുവന്‍ വീല്‍ചെയറില്‍ ജീവിക്കേണ്ടിവരുമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയിരുന്ന സി. ബ്രീജിന് ഒരിക്കലും ആമവാതം വന്നിട്ടില്ല. മനുഷ്യന് സങ്കല്‍പിക്കാന്‍ ക്‌ഴിയാത്തത്ര ഊര്‍ജസ്വലതയോടെ അവര്‍ ഓടി നടക്കുന്നു. ലോകം മുഴവനും ക്രിസ്തുവിനായി!

 

pope1

അത്ഭുതം അടക്കാനാവാതെ ശാസ്ത്രം!

സി. ബ്രീജിന്റെ സൗഖ്യം കണ്ട് അവരെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ അമ്പരന്നു. എങ്ങനെ ആ സൗഖ്യത്തെ വിശദീകരിക്കുമെന്നറിയാതെ അവര്‍ കുഴങ്ങി. എന്നാല്‍ സി. ബ്രീജിന് സംശയമുണ്ടായിരുന്നില്ല. അത് ദൈവത്തിന്റെ കരമാണ്!

അതൊരു തുടക്കം മാത്രമായിരുന്ന സി. ബ്രീജിന്റെ ജീവിതത്തില്‍. അത്ഭുതകമായ സൗഖ്യത്തിന്റെ വരം ദൈവം അവര്‍ക്കു നല്‍കിയിരുന്നു. ആദ്യമൊക്കെ സൗഖ്യത്തിന്റെ ശുശ്രൂഷ ഏറ്റെടുക്കാന്‍ സി. ബ്രീജിന് വൈമനസ്യമുണ്ടായിരുന്നു. എന്നാല്‍ ദൈവം അത് തീരുമാനിച്ചിരുന്നു.
ബ്രീജ് പറയുന്നത് കേള്‍ക്കുക:

‘ഞാന്‍ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മയിലായിരുന്നു. എന്നാല്‍ സൗഖ്യത്തെ കുറിച്ചു പറയേണ്ടതില്ലെന്ന്ു ഞാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഞാന്‍ സംസാരിക്കാന്‍ തുടങ്ങും മുന്‍പേ ഒരു സ്ത്രീ എഴുന്നേറ്റു നിന്നു പറഞ്ഞു: ക്ഷണിക്കണം, സിസ്റ്റര്‍ എനിക്കൊരു കാര്യം പറയാനുണ്ട്. നിങ്ങള്‍ക്ക് സൗഖ്യത്തിനുള്ള വരമുണ്ട്. ജനങ്ങളുടെ സമ്മതിയെ കുറിച്ചാണ് നിങ്ങള്‍ ആകുലപ്പെടുന്നത്. ദൈവത്തിന്റെ മനസ്സിനെ പറ്റിയല്ല.’

അവസാനം സി. ബ്രീജ് ദൈവിക പദ്ധതിക്കു കീഴ്‌പ്പെട്ടു. സിസ്റ്ററിലൂടെ ദൈവം ചെയ്യാനിരുന്ന മഹാകാര്യങ്ങള്‍ക്ക് ഉപകരണമായി. ഇത്രയേറെ വരങ്ങളുള്ള ഒരാള്‍ക്ക് അഹങ്കാരിയാകാന്‍ എളുപ്പമാണ്. എന്നാല്‍ സി. ബ്രീജ് എളിമയോടു ചേര്‍ന്നു നില്‍ക്കുന്നു. ‘ഞാനായിട്ട് ഒന്നും ചെയ്യുന്നില്ല. എല്ലാം ക്രിസ്തുവിന്റെ സൗഖ്യശക്തിയാണ്. അവിടുന്ന് എന്നെ ഒരുപകരണമാക്കിയിരിക്കുന്നു. അത്ര മാത്രം.’ സി. ബ്രീജ് പറയുന്നു.

സി. ബ്രീജ് പോകുന്നിടത്തെല്ലാം ലക്ഷക്കണക്കിനാളുകള്‍ സൗഖ്യം തേടി എത്തുന്നു. വളരെ തിരക്കു പിടിച്ച ജീവിതചര്യയാണ് സി. ബ്രീജിന്റേത്. സാധാരണ ജനങ്ങള്‍ക്കൊപ്പം മെത്രാന്‍മാര്‍ പോലും സിസ്റ്ററുടെ ശുശ്രൂഷയില്‍ പങ്കെടുക്കുന്നു. വൈദികര്‍ക്കു വേണ്ടി സി. ബ്രീജ് പ്രത്യേക ശുശ്രൂഷ ചെയ്യുന്നു. അത് ദൈവം നല്‍കിയ ഒരു പ്രത്യേക ദൗത്യമായി സിസ്റ്റര്‍ കണക്കാക്കുന്നു.

 

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login