ശുദ്ധീകരണസ്ഥലത്ത് വിശുദ്ധ ഫൗസ്റ്റീന കണ്ട അപ്രതീക്ഷിത വ്യക്തി?

ശുദ്ധീകരണസ്ഥലത്ത് വിശുദ്ധ ഫൗസ്റ്റീന കണ്ട അപ്രതീക്ഷിത വ്യക്തി?

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മിസ്റ്റിക്കുകളില്‍ ഒരാളായിരുന്നു വിശുദ്ധ ഫൗസ്റ്റീന. പോളണ്ടുകാരിയായ ഫൗസ്റ്റീന 1920 നും 1930 നും ഇടയ്ക്ക് നിരവധിയായ അത്ഭുതദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയില്‍ ചിലതാണ് ഈശോ പ്രത്യക്ഷപ്പെട്ടതും കരുണയുടെ ജപമാല നല്കിയതും മറ്റ് അനേകം വിശുദ്ധര്‍ ദര്‍ശനം നല്കിയതും എല്ലാം.

അതുപോലെ വിശുദ്ധയ്ക്ക് ശുദ്ധീകരണസ്ഥലത്തെക്കുറിച്ചും ദര്‍ശനം ലഭിച്ചിട്ടുണ്ട്.
1926 ല്‍ എഴുതിയ ഒരു കത്തില്‍ ഫൗസ്റ്റീന ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

… എന്റെ കാവല്‍മാലാഖ പിന്തുടരാന്‍ എന്നോട് കല്പിച്ചു. ഒരു നിമിഷം കൊണ്ട് നിറയെ അഗ്നിയുള്ള ഒരു സ്ഥലത്ത് ഞാനെത്തി. അവിടെ അനേകം ആത്മാക്കള്‍ വെന്തുനീറിക്കഴിയുന്നുണ്ടായിരുന്നു. അവര്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. പക്ഷേ അവര്‍ക്ക് അവരെ രക്ഷിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. നമുക്ക് മാത്രമേ അവരുടെ സഹായത്തിനെത്താന്‍ കഴിയൂ.

ഞാന്‍ അവരോട് ചോദിച്ചു ഇവിടെ നിങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ സഹനം ഏതാണ്? അപ്പോള്‍ ആത്മാക്കള്‍ ഒറ്റസ്വരത്തില്‍ എന്നോട് പറഞ്ഞു, ദൈവത്തെ കാണാന്‍ കഴിയാത്തതാണ് അവരുടെ ഏറ്റവും വലിയ സഹനമെന്ന്.. ദൈവത്തെ കാണാന്‍ അവര്‍ അദമ്യമായി ആഗ്രഹിക്കുന്നുവെന്ന്.

അപ്പോഴാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയെ ഫൗസ്റ്റീന അവിടെ കണ്ടത്. അത് മറ്റാരുമായിരുന്നില്ല. നമ്മുടെ പരിശുദ്ധ അമ്മയായിരുന്നു.

പരിശുദ്ധ അമ്മ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സന്ദര്‍ശിച്ച് അവര്‍ക്ക് ആശ്വാസം നല്കുകയായിരുന്നു. കടലിലെ നക്ഷത്രം എന്നാണ് ആത്മാക്കള്‍ മറിയത്തെ വിളിച്ചിരുന്നത്. മറിയത്തിന്റെ സാന്നിധ്യം അവര്‍ക്ക് ആശ്വാസവും ഉന്മേഷവും പ്രദാനം ചെയ്തു.

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി നിരന്തരം നാം പ്രാര്‍ത്ഥിക്കണം എന്നാണ് ഈ സംഭവം പറയുന്നത്.സ്വയം രക്ഷപ്പെടാന്‍ കഴിയാത്ത ആത്മാക്കള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥന വഴി സ്വര്‍ഗ്ഗത്തിലെത്തിച്ചേരാന്‍ കഴിയും. തീര്‍ച്ച.

ബിജു

You must be logged in to post a comment Login