ശ്യാമസംഗീതം ഇവിടെയുണ്ട്, പുതിയ വേഷത്തില്‍….

എഴുപതുകളിലെയും എണ്‍പതുകളിലെയും മലയാളസിനിമാഗാനങ്ങള്‍ക്ക് കാല്‍പനിക ഭാവങ്ങള്‍ പകര്‍ന്ന് ഗാനാസ്വാദകരുടെ മനസ്സില്‍ ദേവതാരുപ്പൂക്കള്‍ വിടര്‍ത്തിയിരുന്നു സംഗീതസംവിധായകന്‍ ശ്യാം. ശ്യാം എന്ന പേരു കാണുമ്പോള്‍ തന്നെ സിനിമാകൊട്ടകകളില്‍ കയ്യടിയുയര്‍ന്നിരുന്ന കാലമുണ്ടായിരുന്നു.  തേന്‍മഴ പോലെ ഒഴുകിയെത്തുന്ന ആ ഗാനങ്ങളില്‍ ഏറ്റവുമിഷ്ടമുള്ളത് ഏതെന്നു ചോദിച്ചാല്‍ അല്‍പമൊന്നു ശങ്കിച്ചു നില്‍ക്കും ആസ്വാദക ഹൃദയം. ‘ദേവതാരു പൂത്തു’, ‘ശ്യാമമേഘമേ നീ’, ‘മൈനാകം’, ‘ശ്രുതിയില്‍ നിന്നുയരും’, ‘പൂമാനമേ’, ‘വൈശാഖസന്ധ്യേ’, ‘തേന്‍മഴയോ’, ‘ഓര്‍മ്മ തന്‍ വാസന്ത നന്ദനത്തോപ്പില്‍’.. അങ്ങനെ എത്രയോ ഗാനങ്ങള്‍….

കോടമ്പാക്കത്തെ വീട്ടില്‍ സിനിമയുടെ തിരക്കുകകളില്‍ നിന്നകന്ന് ശ്യാം എന്ന സാമുവല്‍ ജോസഫ് ഇന്നണിഞ്ഞിരിക്കുന്നത് വ്യത്യസ്തമായ മറ്റൊരു റോള്‍.. സംഗീതത്തിന് അനേകായിരങ്ങളെ തൊടാനാകും എന്നറിഞ്ഞതു കൊണ്ടു തന്നെയാകണം, തന്റെ ഈണങ്ങള്‍ കൊണ്ട് അരികുജീവിതങ്ങള്‍ക്ക് അത്താണിയാകുകയാണ് അദ്ദേഹം. ഇതിനായി ക്രിസ്ത്യന്‍ കള്‍ച്ചറല്‍ അക്കാദമിയെന്ന സംഘടനക്കും രൂപം നല്‍കി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനിടെ സാമൂഹ്യപ്രസക്തമായ വിഷയം പ്രമേയമാക്കി ‘ലാവണ്യഗീതം’ എന്ന സംഗീത ആല്‍ബവും ശ്യാം പുറത്തിറക്കി. സംഗീതത്തോടൊപ്പം കഥകളും അനുഭവങ്ങളുമെല്ലാം ലാവണ്യഗീതത്തില്‍ ഇടം നേടിയിരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു ചെറുസിനിമ. വെറുതേ കുറച്ചു പാട്ടുകള്‍ എന്നതിനപ്പുറം നാം കാണുന്ന പല ജീവിതങ്ങളുടെയും നേര്‍സാക്ഷ്യമാണ് ലാവണ്യഗീതമെന്ന് ശ്യാം പറയുന്നു.

തമിഴ്‌നാട്ടിലുള്ള ഒരു കത്തോലിക്കാ കുടുംബത്തിലാണ് 1937 മാര്‍ച്ച് 19 ന് സാമുവല്‍ ജോസഫിന്റെ ജനനം. അദ്ധ്യാപികയായ അമ്മ പള്ളിയില്‍ ഓര്‍ഗന്‍ വായിക്കുന്നതു കണ്ടാണ് സാമുവല്‍ വളര്‍ന്നത്. വലുതായപ്പോള്‍ വയലിനിലായി കമ്പം. അച്ഛന്‍ സമ്മാനമായി നല്‍കിയ വയലിന്‍ ഉപയോഗിച്ച് പള്ളിയിലെ ട്രൂപ്പുകളില്‍ വായിച്ചു തുടങ്ങി.

19-ാം വയസ്സില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ സിനിമാരംഗത്തെത്തി. വഴികാട്ടികളായത് ആര്‍.കെ.ശേഖറും എം.എസ് വിശ്വനാഥനും. ശ്യാം എന്ന പേര് നല്‍കിയതും എംഎസ് വിശ്വനാഥന്‍ തന്നെ. 200 ലേറെ സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. ചലച്ചിത്രഗാനങ്ങള്‍ക്കു പുറമേ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളിലും പശ്ചാത്തലസംഗീതത്തിലും ശ്യാം കയ്യൊപ്പു ചാര്‍ത്തി.

അഗതികളും അനാഥരുമായവരുടെ മനസ്സിന്റെ താഴ്‌വരകള്‍ ഇന്ന് പൂക്കുകയാണ്, ശ്യാമസംഗീതം അവരുടെ മുറിവുകളെ ഉണക്കുമ്പോള്‍ മലയാളി വീണ്ടും കാത്തിരിക്കുന്നു, ശ്യാമിന്റെ പുതിയ ഈണങ്ങള്‍ക്കായി…

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login