ഷാജിയുടെ രക്തം ശുദ്ധീകരിക്കാന്‍ ഇനി സിസ്റ്റര്‍ ചൈതന്യയുടെ വൃക്ക

ഷാജിയുടെ രക്തം ശുദ്ധീകരിക്കാന്‍ ഇനി സിസ്റ്റര്‍ ചൈതന്യയുടെ വൃക്ക

ആലപ്പുഴ: കരുണയുടെ വര്‍ഷത്തില്‍ കരുണയുടെ മറ്റൊരു മാതൃകയാവുകയാണ് സിസ്റ്റര്‍ ചൈതന്യ. ആലപ്പുഴ മുഹമ്മ കായിപ്പുറം ചാലങ്ങാടി കായിക്കര കോട്ടയില്‍ ഷാജി വര്‍ക്കി എന്ന 43 കാരന് തന‍്റെ വൃക്കകളിലൊന്ന് നല്കിയാണ് സിസ്റ്റര്‍ കരുണയുടെ പുതിയ അധ്യായം രചിക്കുന്നത്.

കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചേര്‍ന്ന മെഡിക്കല്‍ ഓതറൈസേഷന്‍ കമ്മിറ്റി യോഗം സിറ്റര്‍ ചൈതന്യയുടെ വൃക്കദാനത്തിന് അനുമതി നല്‍കി. ഇനി ദിവസം കുറിച്ചാല്‍ സിസ്റ്റര്‍ ചൈതന്യയുടെ വൃക്കളിലൊന്ന് ഷാജിയുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങും.

സിഎംസി സഭാംഗമാണ് സിസ്റ്റര്‍ ചൈതന്യ. ഇടുക്കി പ്രൊവിന്‍സിലെ നെടുംകണ്ടം കാര്‍മല്‍ സദനിലെ അംഗം.

കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് എച്ച് എസ് എസിലെ അധ്യപികയായിരുന്നു മുന്‍പ് സിസ്റ്റര്‍. പിന്നീട് അധ്യാപകജോലി അവസാനിപ്പിച്ച് ഇറങ്ങിത്തിരിച്ചത് എച്ച് ഐ വി ബാധിതരായ കുട്ടികളെ സംരക്ഷിക്കാന്‍. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച ചാവറ ഇന്‍സ്പയര്‍ ചാരിറ്റബിള്‍ സൊസൈറ്റി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സിസ്റ്റര്‍ ചൈതന്യ ഇപ്പോള്‍.

കേരളത്തിലെ വിവിധ ജില്ലകളിലായി ജന്മനാ എച്ച്‌ഐവി രോഗം ബാധിച്ച കുട്ടികള്‍ നിരവധിയാണ്. ഇവരെ സിസ്റ്റര്‍ ചൈതന്യ വീടുകളിലെത്തി സന്ദര്‍ശിക്കും. പഠനത്തിനും ആരോഗ്യത്തോടെ ജീവിക്കുന്നതിനുമുള്ള സാഹചര്യങ്ങള്‍ ഉരപ്പുവരുത്തും. എച്ച്‌ഐവി രോഗബാധിതര്‍ക്കായി പ്രത്യേക കൂട്ടായ്മകളും സംഘടിപ്പിക്കാറുണ്ട്.

ഇടുക്കി കൈലാസം കാരക്കുന്നേല്‍ മാത്യു-അമ്മിണി ദമ്പതികളുടെ നാല് പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് സിസ്റ്റര്‍ ചൈതന്യ.

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ ഫാ.ഡേവിസ് ചിറമ്മേലിന്റെ വാക്കുകളാണ് വൃക്കദാനം എന്ന നന്മയിലേക്ക് സിസ്റ്ററിനെ നയിച്ചത്.

സിഎംസി സഭാംഗമായ സിസ്റ്റര്‍ ലിറ്റില്‍ തെരേസ മുമ്പ് വൃക്ക ദാനം ചെയ്തിട്ടുണ്ട്. ഈ മാതൃകയും പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ വൃക്കദാനവും സിസ്റ്റര്‍ ചൈതന്യയുടെ തീരുമാനത്തിന് പ്രചോദനമായി.

വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ഒന്നരവര്‍ഷമായി ചികിത്സയിലായിരുന്നു ഷാജി വര്‍ക്കി. സിവില്‍ എന്‍ജിനിയറായ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് പ്രമേഹരോഗമുള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ കഴിയില്ല. ആ സാഹചര്യത്തിലാണ് സിസ്റ്റര്‍ ചൈതന്യ കരുണയുടെ മുഖവുമായി ഷാജിക്ക് മുന്നിലെത്തിയത്.

 

ലെമി തോമസ്

 

You must be logged in to post a comment Login