സംഗീതച്ചന്‍ സിംപിളാണ്, പവര്‍ഫുള്ളും…

സംഗീതച്ചന്‍ സിംപിളാണ്, പവര്‍ഫുള്ളും…

എറണാകുളം ജില്ലയിലെ ഏഴിക്കല്‍… പാടവരമ്പത്തു നിറയെ ചോരത്തിളപ്പുള്ള യുവാക്കള്‍ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നു… എല്ലാവരും വിദ്യാര്‍ത്ഥിസംഘടനകളായ എസ്എഫ്‌ഐയിലേയും കെഎസ്‌യുവിലേയും സജീവ പ്രവര്‍ത്തകര്‍… ഒരു രാഷ്ട്രീയപ്പോര് അരങ്ങേറുകയായിരുന്നില്ല അവിടെ. രാഷ്ട്രീയം മറന്ന് എല്ലാവരുമിറങ്ങിയത് പാടത്തേക്ക്.. നാളുകളായി കൊയ്യാതെ കിടന്നിരുന്ന പാടത്ത് കൊയ്ത്തുപാട്ടുകളുയര്‍ന്നു… നെറ്റിയിലെ വിയര്‍പ്പൊഴുക്കി പ്രതിഫലമിച്ഛിക്കാതെ അവര്‍ പണിയെടുത്തു… നിശബ്ദനായി ഒരാള്‍ അവരെ നയിക്കുന്നുണ്ടായിരുന്നു… ഫാദര്‍ സംഗീത്…

ലൂര്‍ദ്ദ് ആശുപത്രിയിലെ ആളൊഴിഞ്ഞ ഇടനാഴിയില്‍ അഭിമുഖ സംഭാഷണത്തിനായി ഇരിക്കുമ്പോള്‍ ഫാദര്‍ സംഗീതിനെക്കുറിച്ചു മനസ്സിലായൊരു കാര്യമുണ്ട്. ലാളിത്യമുള്ള ജീവിതശൈലിയും ശക്തമായ ബോധ്യങ്ങളുമുള്ള വ്യക്തിത്വം.. വാക്കല്ല, പ്രവൃത്തിയാണ് ശ്രേഷ്ഠമെന്ന് വിശ്വസിക്കുന്നൊരാള്‍. തന്റെ നിശബ്ദ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഫാദര്‍ സംഗീത് ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായി മാറുന്നതും. ആമുഖമായി പ്രതിപാദിച്ചത് അത്തരം നന്‍മ പ്രവൃത്തികളുടെ അനേകം ഉദാഹരണങ്ങളില്‍ ഒന്നു മാത്രം.

പഠിക്കാന്‍ മിടുക്കനായിരുന്ന സംഗീതിനെ ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ചെറുപ്പത്തില്‍ സംഗീതും അത് സ്വപ്‌നം കണ്ടിരുന്നു, പഠിച്ച് വലിയ ഡോക്ടറായി മാതാപിതാക്കളുടെ രോഗം സുഖപ്പെടുത്തുന്നത്. കുറച്ചുകൂടി മുതിര്‍ന്നപ്പോഴാണ് വൈദികനാകാനുള്ള ആഗ്രഹം മനസ്സില്‍ വിത്തു പാകുന്നത്. ആദ്യമൊക്കെ മാതാപിതാക്കള്‍ എതിര്‍ത്തു. പിന്നീട് സമ്മതിക്കേണ്ടി വന്നു. ഡോക്ടറായില്ലെങ്കിലും ഫാദര്‍ സംഗീത് അനേകായിരങ്ങളുടെ മനസ്സിനെ സുഖപ്പെടുത്തുന്നു.. തെരുവില്‍ അലയുന്നവര്‍ക്കും ജയിലറയിലെ ഇരുട്ടില്‍ കഴിയുന്നവര്‍ക്കും ആരോരുമില്ലാത്ത അനാഥര്‍ക്കുമെല്ലാമുള്ള ഔഷധം സംഗീതച്ചന്റെ പക്കലുണ്ട്, സ്‌നേഹത്തിന്റെയും കരുണയുടെയും ഔഷധം…

നിരപരാധികളും അപരാധികളുമായി ജയിലിനുള്ളില്‍ കഴിയുന്ന പ്രതീക്ഷയറ്റ ജനങ്ങളിലേക്ക് സുവിശേഷദൗത്യവുമായി കടന്നുചെല്ലാറുണ്ട് ഫാദര്‍ സംഗീത്. അങ്ങനെയുള്ള ദിവസങ്ങളിലൊരിക്കലാണ് ആ ഹൈന്ദവ കുടുംബത്തെ കാണുന്നത്. അപ്പനും മൂന്നു മക്കളും ജയിലില്‍.. കുറ്റം മോഷണം..ഏകമകളെ കെട്ടിച്ചയക്കാന്‍ പിതാവും സഹോദരങ്ങളും കണ്ടെത്തിയ മാര്‍ഗ്ഗം..അമ്മയും മകളും  ഉത്തരേന്ത്യയിലെ വീട്ടില്‍… അവര്‍ക്ക് ഹിന്ദി മാത്രമേ സംസാരിക്കാനറിയുമായിരുന്നുള്ളൂ. ഭര്‍ത്താവിനെയും മക്കളെയും പുറത്തിറക്കാന്‍ അവര്‍ ഒരു വക്കീലുമായെത്തി.. ഇതിനിടെ ഫാദര്‍ സംഗീതിന്റെ വാക്കുകള്‍ ആ അപ്പനെയും മക്കളെയും ഏറെ സ്പര്‍ശിച്ചിരുന്നു. ക്രിസ്തു ആരാണെന്നും ക്രിസ്തുവിന്റെ കരുണയെന്താണെന്നും അവര്‍ അടുത്തറിഞ്ഞു. ഒടുവില്‍ സ്വദേശത്തേക്കു തിരിച്ചുപോകുമ്പോള്‍ ആ അമ്മ നിറകണ്ണുകളോടെ സംഗീതച്ചന്റെ മുന്നില്‍ കുരിശുവരച്ചു പ്രാര്‍ത്ഥിച്ചു. ക്രിസ്തുവിന്റെ അനുയായികളാകണമെങ്കില്‍ വചനം പ്രഘോഷിച്ചാല്‍ മാത്രം പോരാ, ക്രിസ്തുവിനെ അറിയാത്ത ഇതുപോലുള്ള ആളുകള്‍ക്ക് അത് അനുഭവവേദ്യമാക്കണമെന്നും സംഗീതച്ചന്‍ പറയുന്നു.

മാനസികരോഗികളായി വഴിയോരങ്ങളില്‍ അലയുന്നവരെ കണ്ടെത്തി അവരെ ശുശ്രൂഷിക്കുക എന്നുള്ളത് തന്റെ സവിശേഷമായ ദൗത്യമായി പലപ്പോഴും തോന്നാറുണ്ടെന്ന് സംഗീതച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. നാളുകളായി കുളിക്കാതെയും താടിയും മുടിയും വടിക്കാതെയും നടന്നിരുന്ന വൈപ്പിന്‍ സ്വദേശി കുഞ്ഞപ്പന്‍ ചേട്ടനെ കുളിപ്പിച്ച് സുന്ദരനാക്കി പുതു ജീവിതത്തിലേക്ക് സ്‌നാനം ചെയ്‌തെടുത്തപ്പോള്‍ ആ മുഖത്തു കണ്ട പ്രകാശം സംഗീതച്ചന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

കൂനമ്മാവിലുള്ള ബോയ്‌സ് ഹോമിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് ഫാദര്‍ സംഗീത് ഇപ്പോള്‍… 6 വയസ്സു മുതല്‍ 17 വയസ്സു വരെയുള്ള 52 കുട്ടികളാണ് ബോയ്‌സ് ഹോമിലുള്ളത്. അവര്‍ക്കും കൃഷിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കാറുണ്ട് സംഗീതച്ചന്‍. ബോയ്‌സ് ഹോമിനോടു ചേര്‍ന്നുള്ള പറമ്പില്‍ വാഴ, കപ്പ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി വിവിധയിനം വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. മീന്‍ കൃഷി, പശു വളര്‍ത്തല്‍ തുടങ്ങിയ തൊഴിലുകള്‍ വേറെയും. സ്വയം കൃഷി ചെയ്യുന്നതു വഴി കുട്ടികള്‍ സ്വയം പര്യാപ്തരായി മാറുന്നുവെന്നും കൂടുതല്‍ പക്വതയാര്‍ജ്ജിക്കുന്നുവെന്നും സംഗീതച്ചന്‍ പറയുന്നു.

”മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ക്രിസ്തുവിന് സാക്ഷ്യം വഹിക്കുമ്പോള്‍ ചിലപ്പോഴൊക്കെ നമുക്ക് മുറിവേല്‍ക്കും. മറ്റുള്ളവരുടെ മുന്നില്‍ അവഹേളിതനാകും. ദൈവരാജ്യം നിങ്ങളുടെയിടയില്‍ തന്നെയാണ് എന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്. ഈ ലോകത്തായിരിക്കുമ്പോള്‍ വേദനിക്കുന്നവര്‍ക്ക് നാം സമീപസ്ഥരാകുക. നാം ചൊല്ലിയ കൊന്തകളുടെയോ സംബന്ധിച്ച ധ്യാനങ്ങളുടെയോ എണ്ണം ദൈവം ചോദിക്കില്ല. നീ വിശക്കുന്നവന് ഭക്ഷണം കൊടുത്തോ?, വസ്ത്രമില്ലാത്തവന് ഉടുക്കാന്‍ കൊടുത്തോ?, കാരാഗൃഹവാസിയെ സന്ദര്‍ശിച്ചോ എന്നൊക്കെയാണ് ദൈവം ചോദിക്കുക. കരുണയ്ക്കായി ഒരു വര്‍ഷം പ്രഖ്യാപിച്ചിരിക്കുകയാണ്. കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യാനുള്ള പുത്തന്‍ ഊര്‍ജ്ജം അത് ചിലരിലെങ്കിലും നിറക്കും. ചിലര്‍ക്കെങ്കിലും അതൊരു ഓര്‍മ്മപ്പെടുത്തലാകും. എന്നാല്‍ നമ്മുടേത് ഒരുതരം സീസണല്‍ ഭക്തി മാത്രമാകരുത്. ആഘോഷങ്ങളിലും ആരവങ്ങളിലും മാത്രമായി ജീവിതമൊതുങ്ങാതെ ഇടക്കൊക്കെ ഒന്നു മുറിവേല്‍ക്കപ്പെടാന്‍ തയ്യാറാകുക’, ഉറച്ച ശബ്ദത്തില്‍ ഫാദര്‍ സംഗീത് പറയുന്നു.

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login